കൊച്ചി: വ്യാവസായിക മേഖലയിലെയും ധനകാര്യ വിപണിയിലെയും മുന്നേറ്റത്തിന്റെ കരുത്തില്‍ ഇന്ത്യന്‍ സാമ്പത്തിക മേഖല പുതിയ ഉയരങ്ങളിലേക്ക് നീങ്ങുന്നു. രാജ്യത്തെ മൊത്തം ആഭ്യന്തര ഉത്പാദനത്തില്‍ ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്നലെ 7.6 ശതമാനം വളര്‍ച്ച നേടി മികച്ച പ്രകടനം കാഴ്ച്ചവെച്ചു.
ജിഡിപിയില്‍ പ്രധാന വിഹിതമുള്ള കണ്‍സ്യൂമര്‍ ഉപയോഗത്തില്‍ മികച്ച വളര്‍ച്ചയാണുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ വളര്‍ച്ചാ നിരക്ക് 7.8 ശതമാനമായിരുന്നു. അവലോകന കാലയളവില്‍ വളര്‍ച്ച 6.5 മുതല്‍ 6.7 ശതമാനം വരെയാകുമെന്നാണ് റിസര്‍വ് ബാങ്കും അനലിസ്റ്റുകളും പ്രവചിച്ചിരുന്നത്.
ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ആഭ്യന്തര മൊത്തം ഉത്പാദനം 7.6 ശതമാനം വളര്‍ച്ച നേടി. മുന്‍വര്‍ഷം ഇതേകാലയളവില്‍ വളര്‍ച്ചാ നിരക്ക് 6.2 ശതമാനമായിരുന്നു. അവലോകന കാലയളവില്‍ വളര്‍ച്ചാ നിരക്ക് 6.5 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രതീക്ഷിച്ചിരുന്നത്. സെപ്റ്റംബറില്‍ യഥാർഥത്തിലുള്ള ഇന്ത്യന്‍ ജിഡിപിയുടെ മൂല്യം 41.74 കോടി രൂപയായാണ് ഉയര്‍ന്നത്. മുന്‍വര്‍ഷം ഇക്കാലയളവില്‍ ജിഡിപി മൂല്യം 38.78 ലക്ഷം കോടി രൂപയായിരുന്നു.
ഇതോടൊപ്പം പ്രധാനപ്പെട്ട എട്ടു വ്യവസായ മേഖലകളിലെ ഉത്പാദനത്തില്‍ 12.1 ശതമാനം വർധനയാണ് ഒക്റ്റോബറിലുണ്ടായത്. ഇന്ത്യ ലോകത്തിലെ മുന്‍നിര സാമ്പത്തിക മേഖലയായി അതിവേഗം വളരുന്നുവെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കന്നുകാലി, മത്സ്യ മേഖലകളിലെ ഉത്പാദനം 1.2 ശതമാനം ഉയര്‍ന്നു. ഖനന, ക്വാറി മേഖലകള്‍ പത്ത് ശതമാനവും മാനുഫാക്ച്ചറിങ് രംഗം 13.9 ശതമാനവും വളര്‍ച്ച നേടി.
അമെരിക്കയും യൂറോപ്പും ചരിത്രത്തിലേക്കും വലിയ സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പു കുത്തുന്നതിനിടയിലും ഇന്ത്യയിലെ വ്യാവസായിക മേഖല മികച്ച വളര്‍ച്ച തുടരുന്നതിനാല്‍ വരും ദിവസങ്ങളില്‍ ആഗോള നിക്ഷേപകരില്‍ നിന്നും രാജ്യത്തേക്ക് പണമൊഴുക്ക് ശക്തിപ്പെടുമെന്നാണ് വിലയിരുത്തുന്നത്. റിസര്‍വ് ബാങ്കിന്റെ സുരക്ഷിത നിലയായ ആറു ശതമാനത്തിനും താഴെ നാണയപ്പെരുപ്പം തുടരുന്നതിനാല്‍ രാജ്യത്തെ വായ്പാ പലിശ ഇനിയും കൂടാനുള്ള സാധ്യത മങ്ങുന്നതാണ് സാമ്പത്തിക മേഖലയ്ക്ക് ഏറെ ആവേശം പകരുന്നത്.
കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം നാണയപ്പെരുപ്പ ഭീഷണി മറികടക്കാനായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കില്‍ 2.25 വർധന വരുത്തിയിരുന്നു. നാണയപ്പെരുപ്പ ഭീഷണി ഒഴിയുന്നതിനാല്‍ കേന്ദ്ര സര്‍ക്കാരും റിസര്‍വ് ബാങ്കും സാമ്പത്തിക വളര്‍ച്ചയ്ക്ക് ഊന്നല്‍ നല്കുന്ന ധന സമീപനത്തിലേക്ക് മാറുമെന്ന് കൊച്ചിയിലെ പ്രമുഖ നിക്ഷേപ അനലിസ്റ്റായ സനില്‍ എബ്രഹം പറയുന്നു