ക്രൂഡ് ഓയില്‍ വില കുറഞ്ഞു; പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ആലോചന

14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിൽ ക്രൂഡ് ഓയില്‍ വില
Indian government considers reducing fuel prices
ക്രൂഡ് ഓയില്‍ വില കുറഞ്ഞു; പെട്രോള്‍, ഡീസല്‍ വില കുറയ്ക്കാന്‍ ആലോചനrepresentative image
Updated on

കൊച്ചി: രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞതോടെ ഇന്ത്യയില്‍ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വില കുറയ്ക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനികള്‍ ആലോചിക്കുന്നു. 14 മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്കാണ് വെള്ളിയാഴ്ച ക്രൂഡ് വില കുറഞ്ഞത്. ബ്രെൻഡ് ക്രൂഡ് ഓയില്‍ വില ബാരലിന് 73 ഡോളറിലെത്തി.

മഹാരാഷ്‌ട്ര, ഹരിയാന എന്നീ സംസ്ഥാനങ്ങളിലെ നിയമ സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഭരണ കക്ഷിയായ ബിജെപിയുടെ രാഷ്‌ട്രീയ സാധ്യതകള്‍ മെച്ചപ്പെടുത്താന്‍ ഇന്ധന വിലയിലെ ഇളവ് സഹായിക്കുമെന്നാണ് കേന്ദ്ര സര്‍ക്കാരിന്‍റെയും വിലയിരുത്തല്‍. പ്രമുഖ പൊതുമേഖലാ കമ്പനികളായ ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ (ബിപിസിഎല്‍), ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍(എച്ച്പിസിഎല്‍) എന്നിവ പെട്രോള്‍, ഡീസല്‍ എന്നിവയുടെ വിലയില്‍ ലിറ്ററിന് രണ്ട് രൂപയുടെ കുറവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആഗോള വിപണിയിലെ ചലനങ്ങള്‍ കണക്കിലെടുത്ത് ഡിസംബറിന് മുന്‍പ് പ്രഖ്യാപനമുണ്ടായേക്കും. നാണയപ്പെരുപ്പം നിയന്ത്രിക്കാനും പെട്രോള്‍, ഡീസല്‍ വിലയിലെ കുറവ് സഹായകമാകും.

ചൈനയിലെയും അമെരിക്കയിലെയും സാമ്പത്തിക തളര്‍ച്ച കാരണം എണ്ണ ഉപയോഗം കുറയുന്നതാണ് ക്രൂഡ് വിലയില്‍ കുറവുണ്ടാക്കുന്നത്. അമെരിക്കയില്‍ എണ്ണ ശേഖരം കുറഞ്ഞുവെന്ന വാര്‍ത്തകളും ഒപെക് രാജ്യങ്ങള്‍ ഉത്പാദനം നിയന്ത്രിക്കാന്‍ തീരുമാനിച്ചിട്ടും ക്രൂഡ് വില താഴേക്ക് നീങ്ങുകയാണ്. ഇതോടെ പൊതുമേഖലാ കമ്പനികളുടെ റിഫൈനിങ് മാര്‍ജിന്‍ മെച്ചപ്പെട്ടു. ഒരു വര്‍ഷത്തിലധികമായി എണ്ണ വില 90 ഡോളറിനടുത്ത് തുടര്‍ന്നതിനാല്‍ കമ്പനികളുടെ ലാഭത്തില്‍ വലിയ കുറവുണ്ടായിരുന്നു. എന്നാല്‍ വില കുറഞ്ഞതോടെ പെട്രോളിന്‍റെയും ഡീസലിന്‍റെയും വില കുറയ്ക്കാനുള്ള അനുകൂല സാഹചര്യമാണെന്ന് പെട്രോളിയം ഡീലര്‍മാര്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.