ആഗോള വിപണികളിൽ ചാഞ്ചാട്ടം, ഇന്ത്യൻ മാർക്കറ്റിലും തിരിച്ചടി

Indian market business
ആഗോള വിപണികളിൽ ചാഞ്ചാട്ടം, ഇന്ത്യൻ മാർക്കറ്റിലും തിരിച്ചടിrepresentative image
Updated on

കെ ബി ഉദയ ഭാനു

ആഗോള ഓഹരി വിപണികളിലെ ചാഞ്ചാട്ടത്തിനിടയിൽ ഇന്ത്യൻ മാർക്കറ്റിന്‌ തുടർച്ചയായ രണ്ടാം വാരത്തിലും തിരിച്ചടി. വിദേശ ധനകാര്യ സ്ഥാപനങ്ങൾ ബാധ്യതകൾ വിറ്റുമാറാൻ മത്സരിച്ചത്‌ വിപണിയുടെ അടിയൊഴുക്കിൽ വിള്ളലുളവാക്കുന്നത്‌ തടയാൻ ആഭ്യന്തര ഫണ്ടുകൾ കനത്ത നിക്ഷേപത്തിന് എല്ലാ ദിവസങ്ങളിലും ഉത്സാഹിച്ചു.

ഹിൻഡൻബർഗ്‌ റിസർച്ച്‌ വിഭാഗം ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവിടുമെന്ന വെളിപ്പെടുത്തലും നിക്ഷേപകരിൽ ആശങ്ക പരത്തി. പിന്നിട്ട വാരം പ്രമുഖ സൂചികൾ ഒന്നര ശതമാനം ഇടിഞ്ഞു. ബോംബെ സൂചിക 1276 പോയിൻറ്റും നിഫ്‌റ്റി 350 പോയിൻറ്റും പ്രതിവാര നഷ്‌ടത്തിലാണ്‌.

ബോംബെ സെൻസെക്‌സിന്‌ ആഗസ്‌റ്റ്‌ ആദ്യ വാരത്തിലെ താഴ്‌ന്ന തലമായ 80,924 ലേക്ക്‌ പോലും തിരിച്ചു വരവിന്‌ അവസരം ലഭിക്കാത്ത തരത്തിലെ വിൽപ്പന തരംഗത്തിൽ ഒരുവേള സൂചിക 78,353 ലേക്ക്‌ ഇടിച്ചു. എന്നാൽ പിന്നീട്‌ വിപണി 79,844 ലേക്ക്‌ ഇയർന്ന ശേഷം മാർക്കറ്റ്‌ ക്ലോസിങിൽ 79,676 പോയിന്‍റിലാണ്‌. ഈ വാരം സെൻസെക്‌സിന്‌ 78,738 – 77,800 ൽ താങ്ങും 80,229 - 80,782 ൽ പ്രതിരോധവുമുണ്ട്‌.

നിഫ്‌റ്റി തകർച്ചയോടെയാണ്‌ ഇടപാടുകൾക്ക്‌ ആരംഭിച്ചത്‌. 24,717ൽ നിന്നും സൂചിക 23,895 ലേക്ക്‌ ഇടിഞ്ഞതിന്‌ പിന്നിൽ വിദേശ ഫണ്ടുകൾ സൃഷ്‌ടിച്ച ശക്തമായ വിൽപ്പന സമ്മർദ്ദമായിരുന്നു. എന്നാൽ ആഭ്യന്തര ഫണ്ടുകൾ താഴ്‌ന്ന റേഞ്ചിൽ വൻ നിക്ഷേപങ്ങൾക്ക്‌ കാണിച്ച ഉത്സാഹം സൂചികയെ 24,420 ലേക്ക്‌ ഉയർത്തിയെങ്കിലും മാർക്കറ്റ്‌ ക്ലോസിങിൽ നിഫ്‌റ്റി 24,364 ലാണ്‌. വിപണി 24,032ലെ സപ്പോർട്ട്‌ നിലനിർത്തിയാൽ 24,557 ലേക്ക്‌ ഉയരാൻ ശ്രമം നടത്താം. ഈ നീക്കം വിജയിച്ചില്ലെങ്കിൽ 23,701 - 23,176ലേക്കും തിരുത്തലിന്‌ ശ്രമിക്കാം.

നിഫ്‌റ്റി ആഗസ്‌റ്റ്‌ സീരീസ്‌ 24,404 ലാണ്‌. വിപണിയിലെ ഓപ്പൺ ഇൻട്രസ്‌റ്റിൽ സംഭവിച്ച ഇടിവ്‌ ദുർബലാവസ്ഥയുടെ സൂചന നൽകുന്നുണ്ടെങ്കിലും തുടക്കത്തിൽ ചെറിയതോതിൽ ബുള്ളിഷ്‌ മനോഭാവം പ്രകടിപ്പിക്കാം. ഡെയ്‌ലി ചാർട്ട്‌ വിൽപ്പനക്കാർക്ക്‌ അനുകൂലമായ സാഹചര്യത്തിൽ 24,444 ലെ പ്രതിരോധത്തിൽ കാലിടറിയാൽ 24,000 – 23,380 ലെ സപ്പോർട്ടിലേക്ക്‌ ദൃഷ്‌ടി തിരിക്കാം.

മുൻ നിര ഓഹരിയായ ടാറ്റാ മോട്ടേഴ്‌സ്‌, എം ആൻഡ് എം, മാരുതി, ഇൻഡസ്‌ ബാങ്ക്‌, എച്ച്‌ഡിഎഫ്‌സി ബാങ്ക്‌, എസ്‌ബിഐ, ഐസിഐസിഐ ബാങ്ക്‌, ഇൻഫോസീസ്‌, ടെക്‌ മഹീന്ദ്ര, എച്ച്‌സിഎൽ ടെക്‌, ടിസിഎസ്‌, ആർഐഎൽ, ടാറ്റാ സ്‌റ്റീൽ ഓഹരി വിലകൾ താഴ്‌ന്നപ്പോൾ എച്ച്‌യുഎൽ, ഐടിസി, സൺ ഫാർമ ഓഹരി വിലകൾ ഉയർന്നു.

വിദേശ ഫണ്ടുകൾ തിങ്കളാഴ്‌ച്ച 406 കോടി രൂപയുടെ നിക്ഷേപത്തിന്‌ താൽപര്യം കാണിച്ചെങ്കിലും തുടർന്നുള്ള ദിവസങ്ങളിൽ അവർ വിൽപ്പനക്കാരായി മാറി 19,546 കോടി രൂപയുടെ ഓഹരികൾ വിറ്റു. ആഭ്യന്തര ഫണ്ടുകൾ മൊത്തം 20,871 കോടി രൂപയുടെ നിക്ഷേപം നടത്തി. ഇത്ര ശക്തമായ വാങ്ങലിന്‌ അവർ താൽപര്യം കാണിക്കുന്നത്‌ നീണ്ട ഇടവേളയ്‌ക്ക്‌ ശേഷമാണ്‌.

വിനിമയ വിപണിയിൽ രൂപയ്‌ക്ക്‌ വീണ്ടും തിരിച്ചടി നേരിട്ടു. ഡോളർ ശേഖരിക്കാൻ ഇറക്കുമതിക്കാർക്ക്‌ ഒപ്പം ഫണ്ടുകളും രംഗത്ത്‌ ഇറങ്ങിതോടെ മൂല്യം 83.75 ൽ നിന്നും 83.96 ലേക്ക്‌ ഇടിഞ്ഞ, വാരാന്ത്യം നിരക്ക്‌ 83.95ലാണ്‌. രൂപയ്‌ക്ക്‌ കരുത്ത്‌ പകരാൻ പുതിയ പൊസിഷനുകളിൽ നിന്നും പിൻതിരിയാൻ ആർബിഐ വിവിധ ബാങ്കുകൾക്ക്‌ നിർദേശം നൽകി. കേന്ദ്ര ബാങ്കിന്‍റെ ഈ നീക്കം എത്ര മാത്രം വിജയിക്കുമെന്ന്‌ ഇനിയും വ്യക്തമല്ല. അതേ സമയം വിനിമയ മൂല്യം 84.45 – 84.75ലേക്ക്‌ തകരുമെന്ന ആശങ്കയാവാം റിസർവ്‌ ബാങ്കിനെ ഇത്തരത്തിൽ ചിന്തിപ്പിച്ചതിനു പിന്നിലെ ചേതോ വികാരം.

നിലവിലെ സാഹചര്യത്തിൽ രൂപ കരുത്ത്‌ നേടിയാൽ 83.60ൽ തടസം നേരിടാം. ആഗോള ഓഹരി വിപണികളിലെ മാന്ദ്യവും ഭൗമ രാഷ്ര്ടീയ പിരിമുറുക്കങ്ങളും പശ്‌ചിമേഷ്യയിലെ സംഘർഷ സാധ്യതകളും നിക്ഷേപകരെ വിൽപ്പനയ്‌ക്ക്‌ പ്രേരിപ്പിക്കുന്നു. ഇതിനിടയിൽ ഇന്ത്യാ വോളിറ്റിലിറ്റി സൂചികയിൽ ദൃശ്യമായ ചാഞ്ചാട്ടം ആഭ്യന്തര ഇടപാടുകാരിലും ഭീതി പരത്തി.

ഒരവസരത്തിൽ വോളാറ്റിലിറ്റി ഇൻഡക്‌സ്‌ 22ന്‌ മുകളിലേക്ക്‌ സഞ്ചരിച്ച്‌ അപായ മണി മുഴുക്കി. സൂചിക വീണ്ടും ഉയർന്നാൽ പുതിയ നിക്ഷേപങ്ങൾക്ക്‌ മേൽ വെല്ലുവിളി ഉയർത്താം. വാരാന്ത്യം വോളാറ്റിലിറ്റി സൂചിക 15.33 ലാണ്‌.

Trending

No stories found.

Latest News

No stories found.