നില തെറ്റാതെ രൂപ

കഴിഞ്ഞ ഒരു ആഴ്ചയായി ഈ ട്രെന്‍ഡില്‍ വലിയ മാറ്റമാണ് ദൃശ്യമാക്കുന്നത്.
Indian 1 Rupee
Indian 1 Rupee
Updated on

കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ കടുത്ത അനിശ്ചിതത്വങ്ങള്‍ക്കിടയിലും അമെരിക്കന്‍ ഡോളറിനെതിരെ ഇന്ത്യന്‍ രൂപ ശക്തമായ ചെറുത്ത് നില്‍പ്പ് നടത്തുന്നു.

നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി അമെരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് കഴിഞ്ഞ ദിവസം മുഖ്യ പലിശ നിരക്ക് വർ‌ധിപ്പിച്ചതോടെ ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ അമെരിക്കന്‍ ഡോളര്‍ അസാധാരണമായി ശക്തിയാര്‍ജിച്ചിരുന്നു. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലും കനത്ത തകര്‍ച്ച ദൃശ്യമായി. ഒരവസരത്തില്‍ രൂപയുടെ മൂല്യം ഹ്രസ്വകാലത്തെ ഇടവേളയ്ക്ക് ശേഷം ചരിത്രത്തിലെയും ഏറ്റവും കുറഞ്ഞ നിരക്കായ 83.40 വരെ താഴ്ന്നിരുന്നു. അമെരിക്ക കടുത്ത വിലക്കയറ്റ സാഹചര്യത്തിലൂടെ നീങ്ങുന്നതിനാല്‍ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ നിന്ന് വലിയ തോതില്‍ പണം പിന്‍വലിച്ചതാണ് പൊടുന്നനെ രൂപയുടെ മൂല്യത്തില്‍ കനത്ത ഇടിവ് സൃഷ്ടിച്ചത്.

എന്നാല്‍ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ വിദേശ നിക്ഷേപകരുടെ മനോഭാവത്തില്‍ പ്രകടമായ മാറ്റങ്ങള്‍ ദൃശ്യമാണെന്ന് ഓഹരി വിപണിയിലുള്ളവര്‍ പറയുന്നു. അമെരിക്കയും യൂറോപ്പും ചൈനയും അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയില്‍ ഇടറുമ്പോഴും ഇന്ത്യ മികച്ച വളര്‍ച്ച നേടുന്നതിനാലാണ് വിദേശ നിക്ഷേപകര്‍ കാര്യമായി പണം പിന്‍വലിക്കാന്‍ തയാറാകാതിരുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. കൊവിഡിന് ശേഷം ആഗോള സാമ്പത്തിക മേഖല അസാധാരണമായ വളര്‍ച്ച നേടിയതും റഷ്യയുടെ യുക്രെയ്‌ന്‍ അധിനിവേശം മൂലം സപ്ലൈ ശൃംഖലയിലുണ്ടായ പാളിച്ചകളും കാരണം ലോകമൊട്ടാകെ കമ്പോള ഉത്പന്നങ്ങള്‍ക്കും ഇന്ധനത്തിനും വിലക്കയറ്റം രൂക്ഷമായതോടെയാണ് അമെരിക്കന്‍ ഡോളര്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ശക്തിയാര്‍ജിച്ചത്. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി അമെരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചതോടെ യൂറോയും ഇന്ത്യന്‍ രൂപയും ജാപ്പനീസ് യെന്നും ഉള്‍പ്പെടെയുള്ള പ്രമുഖ നാണയങ്ങള്‍ കനത്ത വിലയിടിവ് നേരിട്ടു. എന്നാല്‍ കഴിഞ്ഞ ഒരു ആഴ്ചയായി ഈ ട്രെന്‍ഡില്‍ വലിയ മാറ്റമാണ് ദൃശ്യമാക്കുന്നത്.

അമെരിക്കന്‍ നിക്ഷേപകര്‍ ലോക വിപണിയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചിട്ടും ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള പ്രമുഖ ഏഷ്യന്‍ നാണയങ്ങള്‍ക്ക് കാര്യമായ തിരിച്ചടി നേരിട്ടില്ല. അമെരിക്കയെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക മുന്നേറ്റമെന്ന പരമ്പരാഗത രീതിയില്‍ മാറ്റം വരുന്നുവെന്നാണ് വിപണി നല്‍കുന്ന സൂചനയെന്ന് കൊച്ചിയിലെ പ്രമുഖ ഫോറിന്‍ എക്സ്ചേഞ്ച് സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ രാകേഷ് നായര്‍ പറയുന്നു. അമെരിക്കയില്‍ പലിശ നിരക്ക് കുത്തനെ കൂടുന്നതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ഓഹരി വിപണിയും രൂപയും വന്‍ തകര്‍ച്ചയും നേരിടുന്നു. എന്നാല്‍ കഴിഞ്ഞ വാരം വിദേശ നിക്ഷേപകര്‍ വന്‍ തോതില്‍ പണം പിന്‍വലിച്ചിട്ടും രാജ്യത്തെ ഓഹരി വിപണിക്കും രൂപയ്ക്കും കാര്യമായ തിരിച്ചടി ഉണ്ടായില്ല. ആഭ്യന്തര നിക്ഷേപകര്‍ ശക്തമായി വിപണിയില്‍ പണം മുടക്കിയതാണ് ഓഹരികള്‍ക്ക് കരുത്തായത്.

Trending

No stories found.

Latest News

No stories found.