ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള സാമ്പത്തിക മേഖലയിലെ അനിശ്ചിതത്വങ്ങള്‍ മറ കടന്നും അടിതെറ്റാതെ ഇന്ത്യന്‍ രൂപ പിടിച്ചു നില്ക്കുന്നു. വികസ്വര രാജ്യങ്ങളിലെ പല ഔദ്യോഗിക നാണയങ്ങളും ഡോളറിനെതിരെ പിടിച്ചു നില്ക്കാനാവാതെ കനത്ത തിരിച്ചടി നേരിടുമ്പോഴും നേരിയ തോതില്‍ നില മെച്ചപ്പെടുത്താന്‍ ഇന്ത്യന്‍ രൂപയ്ക്ക് കഴിഞ്ഞു.
കൊവിഡിനു ശേഷം ആഗോള സാമ്പത്തിക മേഖല അസാധാരണമായ വളര്‍ച്ച നേടിയതും റഷ്യയുടെ യുക്രെയ്ന് അധിനിവേശത്തെ തുടർന്ന് സപ്ലൈ ശൃംഖലയിലുണ്ടായ പാളിച്ചകളും കാരണം ലോകമൊട്ടാകെ കമ്പോള ഉത്പന്നങ്ങള്‍ക്കും ഇന്ധനത്തിനും വിലക്കയറ്റം രൂക്ഷമായതോടെയാണ് അമെരിക്കന്‍ ഡോളര്‍ മുമ്പൊരിക്കലുമില്ലാത്ത വിധം ശക്തിയാര്‍ജിച്ചത്. നാണയപ്പെരുപ്പം നിയന്ത്രിക്കാനായി അമെരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് തുടര്‍ച്ചയായി പലിശ നിരക്ക് കുത്തനെ വർധിപ്പിച്ചതോടെ യൂറോയും ഇന്ത്യന്‍ രൂപയും ജാപ്പാനീസ് യെന്നും ഉള്‍പ്പെടെയുള്ള പ്രമുഖ നാണയങ്ങള്‍ കനത്ത വിലയിടിവ് നേരിട്ടു.
എന്നാല്‍ കഴിഞ്ഞ ഒരു മാസത്തിലധികമായി ഈ ട്രെന്‍ഡില്‍ വലിയ മാറ്റമാണ് ദൃശ്യമാകുന്നത്. അമെരിക്കന്‍ നിക്ഷേപകര്‍ ലോക വിപണിയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചിട്ടും ഇന്ത്യന്‍ രൂപ ഉള്‍പ്പെടെയുള്ള പ്രമുഖ ഏഷ്യന്‍ നാണയങ്ങള്‍ക്ക് കാര്യമായ തിരിച്ചടി നേരിട്ടില്ല. അമെരിക്കയെ മാത്രം ആശ്രയിച്ചുള്ള സാമ്പത്തിക മുന്നേറ്റമെന്ന പരമ്പരാഗത രീതിയില്‍ മാറ്റം വരുന്നുവെന്നാണ് വിപണി നല്കുന്ന സൂചനയെന്ന് കൊച്ചിയിലെ പ്രമുഖ ഫോറിന് എക്സ്ചേഞ്ച് സ്ഥാപനത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായ രാകേഷ് നായര്‍ പറയുന്നു. അമെരിക്കയില്‍ പലിശ നിരക്ക് കുത്തനെ കൂടുന്നതോടെ വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുകയാണ് ചെയ്യുന്നത്. ഇതോടെ രാജ്യത്തെ ഓഹരി വിപണിയും രൂപയും വന്‍ തകര്‍ച്ചയും നേരിടുന്നു.
എന്നാല്‍ കഴിഞ്ഞ നാലു മാസമായി വിദേശ നിക്ഷേപകര്‍ വന്‍തോതില്‍ പണം പിന്‍വലിച്ചിട്ടും രാജ്യത്തെ ഓഹരി വിപണിക്കും രൂപയ്ക്കും കാര്യമായ തിരിച്ചടിയുണ്ടായില്ല. ആഭ്യന്തര നിക്ഷേപകര്‍ ശക്തമായി
വിപണിയില്‍ പണം മുടക്കിയതാണ് ഓഹരികള്‍ക്ക് കരുത്തായത്. ഹിണ്ടന്‍ബെര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്നുള്ള ആശങ്കകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ ഓഹരികളില്‍ വില്‍പ്പന സമ്മർദം സൃഷ്ടിച്ചത്.
നിലവില്‍ അമെരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം 82നും 83നുമിടയിലാണ് വ്യാപാരം നടത്തുന്നത്. വരും ദിവസങ്ങളില്‍ ഡോളറിനെതിരെ രൂപ കൂടുതല്‍ ശക്തിയാര്‍ജിക്കാനാണ് സാധ്യതയെന്ന് ദുബായിലെ പ്രമുഖ ധനകാര്യ വിദഗ്ധനും ചാര്‍ട്ടേഡ് അക്കൗണ്ടന്റുമായ ബഷീര്‍ അപ്പടാത്ത് പറയുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില കുറയുന്നതും നേരിട്ടുള്ള വിദേശ നിക്ഷേപത്തിലുണ്ടാകുന്ന വർധനയും ദീര്‍ഘകാലത്തേക്ക് രൂപയ്ക്ക് കരുത്താകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.