തുടർച്ചയായ ആറാം ദിനവും തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരികൾ

Indian stock indices fell for the sixth consecutive day
തുടർച്ചയായ ആറാം ദിനവും തകർന്നടിഞ്ഞ് ഇന്ത്യൻ ഓഹരി
Updated on

കൊച്ചി: ഇന്ത്യൻ ഓഹരി സൂചികകൾ തുടർച്ചയായ ആറാം ദിവസവും തകർന്നടിഞ്ഞു. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘർഷങ്ങളും വിദേശ നിക്ഷേപകരുടെ പിന്മാറ്റവും ക്രൂഡോയിൽ വില വർധനയുമാണ് നിക്ഷേപകർക്ക് ആശങ്ക സൃഷ്‌ടിച്ചത്. നേട്ടത്തോടെ വ്യാപാരം തുടങ്ങിയ ഓഹരി വിപണി നിക്ഷേപകരുടെ പിന്തുണ ലഭിക്കാത്തതിനാൽ ഉച്ചയ്ക്ക് ശേഷം കടുത്ത സമ്മർദ്ദം നേരിട്ടു.

ബോംബെ ഓഹരി സൂചിക സെൻസെക്സ് 638.5 പോയിന്‍റ് തകർച്ചയോടെ 81,050ൽ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 218.85 പോയിന്‍റ് നഷ്‌ടത്തോടെ 24,795.75ൽ എത്തി. ചെറുകിട, ഇടത്തരം കമ്പനികളുടെ ഓഹരികൾ കുത്തനെ ഇടിഞ്ഞു. വിദേശ ഫണ്ടുകൾ ഇന്ത്യയിൽ നിന്ന് പണം ചൈനയിലേക്ക് ഒഴുക്കുന്നതാണ് പ്രധാന വെല്ലുവിളി. ഒക്റ്റോബറിൽ ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങൾ 30,718 കോടി രൂപയുടെ ഓഹരികളാണ് വിറ്റൊഴിച്ചത്.

ഐടി ഒഴികെയുള്ള പ്രധാന മേഖലകളിലെ ഓഹരികളെല്ലാം തിങ്കളാഴ്ച വില്പന സമ്മർദ്ദം നേരിട്ടു. ബാങ്കിങ്, ധനകാര്യ, ഇന്ധന, മീഡിയ മേഖലകളിലെ ഓഹരികളാണ് തകർച്ചയ്‌ക്ക് നേതൃത്വം നൽകിയത്. ഇതിനിടെ സുരക്ഷിതത്വം തേടി നിക്ഷേപകർ സജീവമായതോടെ ആഗോള വിപണിയിൽ സ്വർണ വില മുകളിലേക്ക് നീങ്ങി. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യം ശക്തമായതോടെ ദേശീയ വിപണിയിൽ സ്വർണ വില പത്ത് ഗ്രാമിന് 250 രൂപ വർദ്ധിച്ച് 78,700 രൂപയിലെത്തി. ഉത്സവകാലയളവിന് മുന്നോടിയായി ജ്വല്ലറികളുടെ വാങ്ങൽ താത്പര്യം കൂടിയതും അനുകൂലമായി. ഓഹരി വിപണിയിലെ തകർച്ച മൂലം ആഭ്യന്തര നിക്ഷേപകർ സ്വർണത്തിലേക്ക് നീങ്ങിയതും വില കൂടാൻ കാരണമായി. രാജ്യാന്തര വിപണിയിൽ സ്വർണ വില ഔൺസിന് 2,672 ഡോളറിലായി.

അതേസമയം സംസ്ഥാനത്ത് സ്വർണം പവന് വില 160 രൂപ കുറഞ്ഞ് 56,800 രൂപയിലെത്തി. ഗ്രാമിന് 20 രൂപയും കുറഞ്ഞു. ഇറാന്‍റെ എണ്ണപ്പാടങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയേക്കുമെന്ന ആശങ്കയിൽ ആഗോള വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് 80 ഡോളറിന് അടുത്തെത്തി. യുഎസ് ക്രൂഡ് വില 76 ഡോളറിലെത്തി. ഇറാനൽ ആക്രമണം നടന്നാൽ എണ്ണയുടെ സപ്ളൈ ശൃംഖലയിൽ വിള്ളൽ വീഴുമെന്ന ആശങ്ക ശക്തമാണ്.

Trending

No stories found.

Latest News

No stories found.