ജിഡിപി വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു

പതിനഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് ഇത്തവണ ജിഡിപിയിലുണ്ടായത്.
GDP growth
ജിഡിപി വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള ആദ്യ ത്രൈമാസക്കാലയളവില്‍ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനത്തിലെ (ജിഡിപി) വളര്‍ച്ച 6.7 ശതമാനമായി കുറഞ്ഞു. മുന്‍വര്‍ഷം ഇതേകാലയളവില്‍ വളര്‍ച്ച 8.2 ശതമാനമായിരുന്നു. ഇക്കാലയളവില്‍ വളര്‍ച്ച 7.2 ശതമാനമാകുമെന്നാണ് റിസര്‍വ് ബാങ്ക് പ്രവചിച്ചിരുന്നത്. ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ വളര്‍ച്ച 7.8 ശതമാനമായിരുന്നു. ഉത്തരേന്ത്യയിലെ ഉഷ്ണക്കാറ്റും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളും കാരണം ഉപയോഗം ഇടിഞ്ഞതും കാര്‍ഷിക, ഖനന മേഖലയിലെ തളര്‍ച്ചയുമാണ് ഇത്തവണ തിരിച്ചടിയായത്. പൊതുതെരഞ്ഞെടുപ്പായതിനാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ മൂലധന ചെലവ് കുറഞ്ഞതും വളര്‍ച്ചയെ ബാധിച്ചു.

കാര്‍ഷിക ഉത്പാദനത്തിലെ വളര്‍ച്ച 3.7 ശതമാനത്തില്‍ നിന്നും ഇത്തവണ രണ്ട് ശതമാനമായി താഴ്ന്നു. അതേസമയം മാനുഫാക്ച്ചറിങ് രംഗത്തെ വളര്‍ച്ച മുന്‍വര്‍ഷം ഇതേകാലയളവിലെ അഞ്ച് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായി ഉയര്‍ന്നു. ഖനന, വൈദ്യുതി ഉത്പാദന മേഖലകളും നിരാശ സൃഷ്ടിച്ചു. പതിനഞ്ച് മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വളര്‍ച്ച നിരക്കാണ് ഇത്തവണ ജിഡിപിയിലുണ്ടായത്.

ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ പ്രതീക്ഷിച്ച പ്രകടനം നടത്താനായില്ലെങ്കിലും ആഗോള തലത്തില്‍ ഏറ്റവും മികച്ച വളര്‍ച്ച നേടുന്ന രാജ്യമെന്ന പദവി ഏപ്രില്‍-ജൂണ്‍ കാലയളവിലും ഇന്ത്യ നിലനിറുത്തി. ഇക്കാലയളവില്‍ ചൈനയുടെ വളര്‍ച്ച നിരക്ക് 4.7 ശതമാനമായിരുന്നു. ഇന്ത്യന്‍ സാമ്പത്തിക മേഖലയില്‍ ദൃശ്യമായ തളര്‍ച്ച താത്കാലികം മാത്രമാണെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാര്‍ വിവിധ പദ്ധതികളിലൂടെ അധിക നിക്ഷേപം നടത്തുന്നതും സാധാരണയിലും മികച്ച കാലവര്‍ഷം ലഭിച്ചതും ഗ്രാമീണ, കാര്‍ഷിക മേഖലയില്‍ വലിയ ഉണര്‍വ് സൃഷ്ടിക്കുമെന്ന് വിലയിരുത്തുന്നു.

നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞതിനൊപ്പം സാമ്പത്തിക മേഖല തളര്‍ച്ചയിലേക്ക് നീങ്ങുന്നതും കണക്കിലെടുത്ത് ഒക്റ്റോബറില്‍ നടക്കുന്ന ധന അവലോകന യോഗത്തില്‍ മുഖ്യ പലിശ നിരക്കില്‍ കുറവ് വരുത്താന്‍ അനുകൂല സാഹചര്യം ഒരുങ്ങുകയാണ്. അമെരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ കേന്ദ്ര ബാങ്കുകളുടെ ചുവടുപിടിച്ച് റിസര്‍വ് ബാങ്കും ഒക്റ്റോബറില്‍ റിപ്പോ നിരക്ക് കാല്‍ ശതമാനം കുറയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.