ബിസിനസ് ലേഖകൻ
കൊച്ചി: ഉയര്‍ന്ന നാണയപ്പെരുപ്പവും ഉപഭോഗത്തിലുണ്ടായ തളര്‍ച്ചയും കാരണം നടപ്പു സാമ്പത്തിക വര്‍ഷത്തെ മൂന്നാം ത്രൈമാസക്കാലയളവില്‍ ഇന്ത്യയുടെ വളര്‍ച്ചാ നിരക്ക് 4.4 ശതമാനമായി താഴ്ന്നു. ആഗോള മാന്ദ്യത്തിന്റെ തീവ്രത ഇന്ത്യയുടെ സാമ്പത്തിക മേഖലയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങിയെന്നാണ് ആഭ്യന്തര മൊത്തം ഉത്പാദനത്തിലുണ്ടായ (ജിഡിപി) തളര്‍ച്ച സൂചിപ്പിക്കുന്നത്.
ഒക്റ്റോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള മൂന്ന് മാസത്തില്‍ ജിഡിപിയുടെ മൂല്യം തൊട്ടു മുമ്പുള്ള രണ്ടാം പാദത്തേക്കാള്‍ 4.4 ശതമാനം വർധിച്ച് 40.19 ലക്ഷം കോടി രൂപയിലെത്തിയെന്ന് കേന്ദ്ര സര്‍ക്കാരിന്റ കണക്കുകള്‍ വ്യക്തമാക്കുന്നു. സെപ്റ്റംബര്‍ പാദത്തില്‍ ജിഡിപിയുടെ മൂല്യം 38.51 ലക്ഷം കോടി രൂപയായിരുന്നു. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സാമ്പത്തിക രംഗം 6.3 ശതമാനം വളര്‍ച്ച നേടിയിരുന്നു. ആദ്യ ത്രൈമാസക്കാലയളവിലെ 13.5 ശതമാനത്തില്‍ നിന്നും വളര്‍ച്ചാ നിരക്ക് കുത്തനെ ഇടിഞ്ഞതാണ് സാമ്പത്തിക രംഗത്ത് ആശങ്ക രൂക്ഷമാക്കുന്നത്.
ആഗോള വിപണിയുടെ ചുവടുപിടിച്ച് രാജ്യത്ത് ഉപ്പു തൊട്ട് കര്‍പ്പൂരം വരെയുള്ള സാധനങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ കഴിഞ്ഞ വര്‍ഷം മേയ് മുതല്‍ തുടര്‍ച്ചയായി റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വർധിപ്പിച്ചതാണ് സാമ്പത്തിക വളര്‍ച്ചയ്ക്ക് തിരിച്ചടി സൃഷ്ടിക്കുന്നത്. കഴിഞ്ഞ പത്ത് മാസത്തിനിടെ ആറ് തവണകളിലായി മുഖ്യ പലിശ നിരക്കായ റിപ്പോ 2.5 ശതമാനമാണ് റിസര്‍വ് ബാങ്ക് ഉയര്‍ത്തിയത്. ഇതോടെ വിപണിയിലെ പണ ലഭ്യത ഗണ്യമായി കുറഞ്ഞതാണ് ഉപഭോഗത്തില്‍ ഇടിവ് സൃഷ്ടിച്ചത്. കയറ്റുമതി വിപണിയിലെ തളര്‍ച്ചയും സാമ്പത്തിക വളര്‍ച്ചയെ പ്രതികൂലമായി ബാധിച്ചു.
അവലോകന കാലയളവില്‍ മാനുഫാക്ച്ചറിങ് മേഖലയിലെ ഉത്പാദനത്തില്‍ 1.1 ശതമാനം ഇടിവുണ്ടായി. അതേസമയം കാര്‍ഷിക മേഖല 3.7 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏഴ് ശതമാനം വളര്‍ച്ച നേടുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വിലയിരുത്തുന്നത്.