നാണയപ്പെരുപ്പം @ 4.83%

നാണയപ്പെരുപ്പം തുടരുന്നതിനാല്‍ ഈ വര്‍ഷം മുഖ്യ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതകള്‍ മങ്ങുകയാണ്.
Inflation reached at 4.83% in april
Inflation reached at 4.83% in april
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ചില്ലറ വില സൂചിക അടിസ്ഥാനമായുള്ള നാണയപ്പെരുപ്പം ഏപ്രിലില്‍ 4.83 ശതമാനത്തിലെത്തി. മാര്‍ച്ചിലിത് 8.5 ശതമാനമായിരുന്നു.

ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലയില്‍ കഴിഞ്ഞ മാസം 8.7 ശതമാനം വർധനയാണുണ്ടായത്. നാണയപ്പെരുപ്പം നാല് ശതമാനത്തിന് താഴെയെത്തിക്കാനാണ് റിസര്‍വ് ബാങ്കിന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുള്ളത്. പൊതു തെരഞ്ഞെടുപ്പ് നടപടികള്‍ പുരോഗമിക്കുമ്പോള്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം കേന്ദ്ര സര്‍ക്കാരിന് കടുത്ത പരീക്ഷണമാണ് സൃഷ്ടിക്കുന്നത്.

ലക്ഷ്യമിടുന്നതിലും ഉയര്‍ന്ന തലത്തില്‍ നാണയപ്പെരുപ്പം തുടരുന്നതിനാല്‍ ഈ വര്‍ഷം മുഖ്യ പലിശ നിരക്കുകള്‍ കുറയാനുള്ള സാധ്യതകള്‍ മങ്ങുകയാണ്. നാണയപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി 2022 മേയ് മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം വർധിപ്പിച്ചിരുന്നു.

അവലോകന കാലയളവില്‍ ധാന്യങ്ങളുടെ വില 8.63 ശതമാനവും പയര്‍വര്‍ഗങ്ങള്‍ക്ക് 16.84 ശതമാനവും പച്ചക്കറികള്‍ക്ക് 27.8 ശതമാനവും വില വർധന രേഖപ്പെടുത്തി. ഇന്ധന, വൈദ്യുതി മേഖലയില്‍ വിലയില്‍ അവലോകന കാലയളവില്‍ 4.24 ശതമാനം കുറവുണ്ടായി.

ഉഷ്ണ തരംഗം ഇന്ത്യയുടെ പ്രധാന കാര്‍ഷിക മേഖലകളില്‍ കനത്ത ഉത്പാദന തകര്‍ച്ച സൃഷ്ടിച്ചതിനാല്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍, സുഗന്ധവ്യഞ്ജനങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില കുത്തനെ കൂടുന്നതെന്ന് വിപണി വൃത്തങ്ങള്‍ പറയുന്നു. തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ പ്രധാന കാര്‍ഷിക ഉത്പാദന സംസ്ഥാനങ്ങളെല്ലാം അത്യുഷ്ണം മൂലം കനത്ത കെടുതികളാണ് നേരിടുന്നത്. ഇതോടെ പ്രധാന പച്ചക്കറി ഉത്പന്നങ്ങളുടെയെല്ലാം വില കഴിഞ്ഞ ദിവസങ്ങള്‍ പൊടുന്നനെ കുതിച്ചുയര്‍ന്നിരുന്നു.

ഇതോടൊപ്പം സുഗന്ധവ്യജ്ഞനങ്ങള്‍, ഭക്ഷ്യ എണ്ണ എന്നിവയുടെ വിലയും കുതിച്ചുയരുകയാണ്. പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പല കാര്‍ഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങള്‍ ഭാഗികമായി ഒഴിവാക്കിയതിനാല്‍ ആഭ്യന്തര വില മുകളിലേക്ക് നീങ്ങുകയാണ്. ഇതോടെ വിപണിയിലെ പണലഭ്യത കുറയ്ക്കാന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് വീണ്ടും ഉയര്‍ത്താന്‍ നിര്‍ബന്ധിതരാകുമെന്ന ആശങ്ക അനലിസ്റ്റുകള്‍ പ്രകടിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.