#ബിസിനസ് ലേഖകൻ
കൊച്ചി: കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് ഉത്പാദന ഇടിവ് നേരിട്ടതോടെ രാജ്യത്ത് വീണ്ടും ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിച്ചുയരുന്നു. അരി, ഗോതമ്പ്, പച്ചക്കറികള്‍, ധാന്യങ്ങള്‍, പഞ്ചസാര തുടങ്ങിയവയുടെ വില കുതിച്ചുയര്‍ന്നതോടെ ശക്തമായ വിപണി ഇടപെടലുകള്‍ക്ക് റിസര്‍വ് ബാങ്കും കേന്ദ്രഉപഭോക്തൃകാര്യ മന്ത്രാലയവും തയാറെടുക്കുകയാണ്.
പലിശ നിരക്ക് പരമാവധി ഉയര്‍ന്നുനില്‍ക്കുന്നതിനാല്‍ ധനനയങ്ങളില്‍ മാത്രം മാറ്റം വരുത്തി വിലക്കയറ്റം തടയാനാവില്ലെന്നാണ് റിസര്‍വ് ബാങ്കിന്റെ നിലപാട്. ആഭ്യന്തര വിപണിയില്‍ അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്താൻ കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ബസ്മതി ഒഴികെയുള്ള അരി, ഗോതമ്പ്, ഉള്ളി, പഞ്ചസാര എന്നിവയുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു, എങ്കിലും വിലക്കയറ്റത്തിന് ശതമാനമില്ലാത്തതിനാല് പഞ്ചസാര, ഭക്ഷ്യഎണ്ണകള്‍, ഗോതമ്പ് എന്നിവയുടെ ഇറക്കുമതി സാധ്യതകളും കേന്ദ്രസര്‍ക്കാര്‍ പരിഗണിക്കുകയാണ്.
ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമായതോടെ നവംബറില്‍ ഉപഭോക്തൃവില സൂചിക അധിഷ്ഠിതമായ നാണയപ്പെരുപ്പം 5.5 ശതമാനമായി ഉയര്‍ന്നിരുന്നു. ഒക്റ്റോബറില്‍ നാണയപ്പെരുപ്പം 4.8 ശതമാനമായിരുന്നു. അതേസമയം റിസര്‍വ് ബാങ്ക് ലക്ഷ്യമിടുന്ന ആറ് ശതമാനത്തിലും താഴെയാണ് നാണയപ്പെരുപ്പം. ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റത്തോത് നവംബറില്‍ 8.74 ശതമാനമാണ്. പച്ചക്കറികളുടെ വില അവലോകന കാലയളവില്‍ 17.7 ശതമാനം വർധിച്ചു.
നാണയപ്പെരുപ്പം രണ്ടക്കത്തിലേക്ക് ഉയര്‍ന്നതോടെ കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം മുഖ്യ പലിശ നിരക്കായ റിപ്പോ റിസര്‍വ് ബാങ്ക് 2.5 ശതമാനം വർധിപ്പിച്ചിരുന്നു. ഇതോടെ വിപണിയിലെ പണലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് ശമനമുണ്ടാക്കിയത്. അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി, പച്ചക്കറികള്‍ എന്നിവയുടെ വില അപകടകരമായി ഉയരുന്നതാണ് റിസര്‍വ് ബാങ്കിനും സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നത്.
ആഭ്യന്തര വിപണിയില്‍ വിലക്കയറ്റം രൂക്ഷമായതോടെ കഴിഞ്ഞ ദിവസം കേന്ദ്രസര്‍ക്കാര്‍ ഉള്ളിയുടെ കയറ്റുമതി നിരോധിച്ചിരുന്നു. തക്കാളി, വെളുത്തുള്ളി, പാവല്‍, ചേന, ക്യാരറ്റ് തുടങ്ങിയവയുടെ വില കുതിച്ചുയരുകയാണ്. ആഗോള വിപണിയില്‍ പഞ്ചസാര വിലക്കയറ്റം കണക്കിലെടുത്ത് കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവയില്‍ നിന്നും എത്തനോള്‍ ഉത്പാദിപ്പിക്കുന്നതിന് സര്‍ക്കാര്‍ നിരോധനം ഏര്‍പ്പെടുത്തിയെങ്കിലും കര്‍ഷകപ്രതിഷേധം ശക്തമായതോടെ തീരുമാനം ഭാഗികമായി പിന്‍വലിച്ചു.
പൊതുതെരഞ്ഞെടുപ്പ് പടിവാതിലില്‍ നില്ക്കുന്നതിനാല് ഭക്ഷ്യവിലക്കയറ്റം തടയുന്നതിന് ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിനുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ തുടര്‍ച്ചയായുണ്ടായ ചുഴലി കൊടുങ്കാറ്റും അതിശക്തമായ മഴയും കാരണം പ്രധാന കാര്‍ഷിക ഉത്പാദന മേഖലകളില്‍ കനത്ത വിളനാശമാണുണ്ടായത്.