പലിശ നിരക്കിൽ മാറ്റമുണ്ടാകില്ല...!!

നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞെങ്കിലും ബുധനാഴ്ച നടക്കുന്ന ധന അവലോകന നയത്തിലും റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല
Interest rates may not change.
മാറ്റമുണ്ടാകില്ല..!!
Updated on

കൊച്ചി: നാണയപ്പെരുപ്പം ഗണ്യമായി കുറഞ്ഞെങ്കിലും ബുധനാഴ്ച നടക്കുന്ന ധന അവലോകന നയത്തിലും റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്തിയേക്കില്ല. വിപണിയില്‍ ധന ലഭ്യത കുറവായതിനാല്‍ പലിശ കുറച്ച് നാണയപ്പെരുപ്പ ഭീഷണി വർധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറാവില്ലെന്ന് ബാങ്കിങ് രംഗത്തുള്ളവര്‍ പറയുന്നു.

അതേസമയം ഡിസംബറിലെ ധന നയത്തില്‍ പലിശയില്‍ കാല്‍ ശതമാനം കുറവുണ്ടായേക്കും. അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും കഴിഞ്ഞ ദിവസങ്ങളില്‍ പലിശ നിരക്ക് കുറച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് അടുത്ത മാസം റിസര്‍വ് ബാങ്കും പലിശ കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. റിസര്‍വ് ബാങ്കില്‍ നിന്ന് ബാങ്കുകള്‍ വാങ്ങുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് നിലവില്‍ 6.5 ശതമാനമാണ്. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിന് ശേഷം റിപ്പോ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.

റിസര്‍വ് ബാങ്കിന്‍റെ ധന നയ രൂപീകരണ സമിതിയില്‍ പുതിയ അംഗങ്ങളെത്തിയതിന് ശേഷമുള്ള ആദ്യ ധന നയമാണ് ബുധനാഴ്ച പ്രഖ്യാപിക്കുന്നത്. പലിശ കുറയുന്നതില്‍ പുതുതായി എത്തുന്ന അംഗങ്ങളുടെ നിലപാട് നിര്‍ണായകമാകും. പലിശ കുറച്ചാല്‍ ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം രൂക്ഷമാകുന്നതാണ് റിസര്‍വ് ബാങ്കിനെ ഏറെ വലയ്ക്കുന്നത്. പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമായതോടെ ക്രൂഡ് ഓയില്‍ വില കുതിച്ചുയര്‍ന്നതും പലിശ കുറയ്ക്കുന്നതിന് പ്രതികൂലമാകും. രാജ്യത്തെ വാഹന വിപണിയുള്‍പ്പെടെ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുന്നതിനാല്‍ ഉയര്‍ന്ന പലിശ നിരക്കില്‍ നിന്ന് ആശ്വാസം പകരണമെന്ന് ഉപയോക്താക്കള്‍ ആവശ്യപ്പെടുന്നു.

2023 ഫെബ്രുവരി മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിർത്തുകയായിരുന്നു. നാണയപ്പെരുപ്പം രണ്ടക്കത്തിന് അടുത്തേക്ക് ഉയര്‍ന്നതോടെയാണ് വിലക്കയറ്റം നിയന്ത്രിക്കുന്നതിനായി റിസര്‍വ് ബാങ്ക് കൊവിഡ് കാലത്തിന് ശേഷം ആറ് തവണയായി റിപ്പോ നിരക്കില്‍ 2.5 ശതമാനം വർധന വരുത്തിയിരുന്നു. ഇതോടെ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പകളുടെ പലിശ ബാധ്യതയിലും ഗണ്യമായ വർധനയുണ്ടായി.

Trending

No stories found.

Latest News

No stories found.