ആർദ്ര ഗോപകുമാർ
സൗന്ദര്യം എന്നാൽ 'ഫെയർനസ്' എന്നാണ് മലയാളികളുടെ പൊതുധാരണ. എന്നാൽ, ചർമത്തിന്‍റെ നിറമോ മുടിയുടെ നീളമോ ഒരിക്കലും സൗന്ദര്യത്തിന്‍റെ അളവുകോലല്ലെന്നു പറയും അനു കണ്ണനുണ്ണി. വളരെ ചുരുങ്ങിയ കാലം കൊണ്ട് നാച്ചുറല്‍ കോസ്‌മെറ്റിക്സ് രംഗത്തെ ശക്തമായ സാന്നിധ്യമായി മാറിയ അനൂസ് ഹെർബ്സിന്‍റെ സിഇഒയാണ് അനു. പ്രകൃതിദത്ത സൗന്ദര്യവർധക ഉത്പന്നങ്ങൾകൊണ്ടു മാത്രം സ്കിൻ പ്രോബ്ലം സ്വന്തമായി നിർമിച്ച ഫേസ് പാക്കുമായി അനൂസ് ഹെർബ്സ് ആദ്യമായി വിപണിയിലെത്തുന്നത്. ഇന്ന് പതിനെട്ടിലധികം പ്രകൃതിദത്ത സൗന്ദര്യ വർധക ഉത്പന്നങ്ങൾ അനൂസ് ഹെർബ്സിന്‍റേതായി വിപണിയിലുണ്ട്.
2018ൽ ആലപ്പുഴ ജില്ലയിലെ വളവനാടുള്ള വീടിന് മുകളിലുള്ള ഒറ്റമുറിയിലാണ് അനൂസ് ഹെർബ്‌സ് മാജിക് ബ്യൂട്ടി പ്രോഡക്‌ട്‌സിന്‍റെ ആരംഭം. കോസ്മെറ്റോളജി സ്കിൻ സയൻസിൽ ഡിപ്ലോമ നേടിയ അനു, സൗന്ദര്യത്തിന്‍റെ ലോകത്തിനു തന്‍റേതായ സംഭാവന നൽകണമെന്ന ബാല്യകാല മോഹത്തിൽനിന്നാണ് ഈ രംഗത്തേക്കു കടക്കുന്നത്. വായനയിലൂടെ നേടിയ അറിവും ആയുർവേദത്തിൽ തനിക്കുള്ള പരിജ്ഞാനവും ഉപയോഗിച്ച് സ്വന്തമായി സൃഷ്ടിച്ച ആദ്യത്തെ ഉൽപ്പന്നമാണ് ആന്‍റി-പിഗ്മെന്‍റേഷൻ പാക്ക്. കൂടുതൽ അറിവുകൾക്കായി കൂടെ ഒരു ഡോക്‌റ്ററെയും കൂട്ടി. അങ്ങനെ, രണ്ടു വർഷത്തെ ഗവേഷണത്തിന്‍റെ ഫലമായി, ഏകദേശം 16 ഉത്പന്നങ്ങൾ ഇരുവരും ചേർന്ന് പുറത്തിറക്കി.
ഓരോ ഉപയോക്താവിന്‍റെയും പ്രശ്നങ്ങൾ വ്യത്യസ്തമാണ്. അതിനാൽ കൃത്യമായ വിവരങ്ങൾ ചോദിച്ചറിഞ്ഞ് അവരുടെ ഹിസ്റ്ററിയെടുത്ത് പ്രത്യേകം പഠനവിധേയമാക്കിയ ശേഷം മാത്രം അവർക്കാവശ്യമായ ഉത്പന്നങ്ങൾ നിർദേശിക്കുന്നതാണ് അനൂസ് ഹെർബ്സിന്‍റെ രീതി. ഓൺലൈനായാണ് ഇപ്പോൾ സേവനങ്ങൾ ലഭ്യമാക്കുന്നത്. 'യഥാർഥ സൗന്ദര്യം ഉള്ളിൽ നിന്നാണ്' എന്ന് അനു പറയും. ചർമ പ്രശ്നങ്ങളുമായി സമീപിക്കുന്നവരിൽ, ഉത്പന്നങ്ങൾ ഉപയോഗിച്ച് പരിഹാരം കാണാത്ത വിഷയങ്ങൾക്ക് ഡെർമറ്റോളജിസ്റ്റിനെ തന്നെ റഫർ ചെയ്യുന്നു.
പതിനെട്ടിലധികം സൗന്ദര്യവർധക ഉത്പന്നങ്ങളാണ് ഇന്ന് അനൂസ് ഹെർബ്സിന്‍റേതായി വിപണിയിലുള്ളത്. ആയുർവേദത്തിന്‍റെ നന്മയും മോഡേൺ കോസ്‌മെറ്റോളജിയും സംയോജിപ്പിച്ചാണ് ഇവയെല്ലാം തയാറാക്കുന്നത്. കൃത്രിമ നിറങ്ങളോ പ്രിസർവേറ്റീവുകളോ പെർഫ്യൂമുകളോ ചേർക്കാതെ പ്രകൃതിദത്തമായ പൂക്കൾ, പഴങ്ങൾ, ഔഷധസസ്യങ്ങൾ എന്നിവ ഉപയോഗിച്ചാണ് നിർമാണം. പ്രിസർവേറ്റീവുകൾ ചേർക്കാത്തതിനാൽ, ഒരു വര്‍ഷത്തില്‍ താഴെ മാത്രമാണ് അനൂസ് ഹെര്‍ബ്‌സ് ഉത്പന്നങ്ങളുടെ കാലാവധി. എന്നിരുന്നാലും, ഉപയോഗിക്കുന്ന പ്രോഡക്റ്റില്‍ നിന്നു പോസിറ്റീവ് അല്ലാത്ത ഒരു അഭിപ്രായം അനൂസ് ഹെര്‍ബ്‌സിനു ലഭിച്ചിട്ടില്ലെന്ന് അനു പറയുന്നു. അതുതന്നെയാണ് ഉപയോക്താക്കള്‍ക്ക് അനു നല്‍കുന്ന ഉറപ്പ്. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കാതെ ഉപയോക്താക്കളില്‍ നിന്ന് വാമൊഴിയായാണ് അനൂസ് ഹെര്‍ബ്സ് ആളുകളിലേക്ക് എത്തുന്നത്. നാച്ചുറല്‍ കോസ്‌മെറ്റിക് രംഗത്ത് ആറു വര്‍ഷം പിന്നിടുമ്പോള്‍, മുപ്പതിനായിരത്തോളം സംതൃപ്തരായ ഉപയോക്താക്കളെ നേടിയെടുക്കാന്‍ കഴിഞ്ഞത് പ്രവര്‍ത്തനത്തിലെ വലിയ അംഗീകാരമായി അനു കാണുന്നത്.
2018ലെ ഒറ്റമുറി കെട്ടിടത്തില്‍ നിന്ന് ഇന്ന് 1400 ചതുരശ്ര അടിയുള്ള കെട്ടിടത്തിലേക്ക് അനൂസ് ഹെര്‍ബ്‌സിന്‍റെ യൂണിറ്റ് വളര്‍ന്നുകഴിഞ്ഞു. നിലവിൽ യൂണിറ്റിൽ ഒരു ഡോക്ടറും, കൂടാതെ ടെക്നിക്കൽ സ്റ്റാഫുകളും ഉൾപ്പെടെയുള്ളവരുടെ പിന്തുണയും അനുവിന് ലഭിക്കുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം എന്നിവ വഴിയാണ് ഓര്‍ഡറുകള്‍ സ്വീകരിക്കുന്നത്. ഉപയോക്താക്കളുടെ വാമൊഴി മാത്രമാണ് അനൂസ് ഹെർബ്സിന്‍റെ പരസ്യം.
മികച്ച സംരംഭകയ്ക്കുള്ള 2021ലെ ഗാന്ധി അവാർഡ്, 2022ലെ റെഡ് എഫ്എം വിമൻ എംപവർമെന്‍റ് അവാർഡ്, 2023ലെ നെഹ്‌റു ഫൗണ്ടേഷന്‍റെ മികച്ച സംരംഭക അവാർഡ് എന്നിവയ്ക്ക് അനു അർഹയായി. ആഹാരത്തിലൂടെ ആരോഗ്യം എന്ന ആശയത്തെ മുന്‍നിര്‍ത്തി ന്യൂട്രീഷണല്‍ രംഗത്ത് പുതിയ കാല്‍വയ്പുമായി അനൂസ് ഹെർബ്‌സിന്‍റെ അനുബന്ധ സ്ഥാപനമായ 'അനുക' എന്ന പേരിൽ മറ്റൊരു സംരംഭവും ആരംഭിച്ചിട്ടുണ്ട്. ഹെർബൽ ചായ, ഹെർബൽ ഇന്‍ഫ്യൂസ്ഡ് ഹണി, മില്ലറ്റ് മീൽ, ഗ്രീൻ ഡിറ്റോക്സ് എന്നിങ്ങനെയുള്ള ഭക്ഷ്യോത്പന്നങ്ങളാണ് ഇതിലുള്ളത്. കൂടാതെ, 2022 ജനുവരി മുതൽ, അനൂസ് ഹെർബ്സ് ഉത്പന്നങ്ങൾ വാങ്ങുന്ന ഓരോ ഉപയോക്താകളിൽ നിന്നും ഒരു രൂപ വീതം പ്രതീക്ഷ എന്ന ക്യാന്‍സര്‍ കെയര്‍ ഫൗണ്ടേഷന് എല്ലാ മാസവും നിശ്ചിത തുകയായി നല്‍കി വരുന്നു. കൊവിഡ് കാലത്ത് ആലപ്പുഴ ജില്ലാ ആരോഗ്യ വകുപ്പിനു വേണ്ടി അനു കണ്ണനുണ്ണിയും ഭര്‍ത്താവ് കണ്ണനുണ്ണി കലാഭവനും ചേര്‍ന്ന് ചെയ്ത കൊവിഡ് ജാഗ്രതാ വീഡിയോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
കോസ്മറ്റോളജി സ്‌കിന്‍ സയന്‍സില്‍ ഡിപ്ലോമ നേടിയ അനു, 2014-2016 കാലഘട്ടത്തില്‍ കൊച്ചി ആകാശവാണിയിൽ അവതാരകയായിരുന്നു. ഭർത്താവ് കണ്ണനുണ്ണിയുടെ പൂർണ പിന്തുണയും അനുവിന്‍റെ നേട്ടങ്ങൾക്കു പിന്നിലുണ്ട്. മാധ്യമ പ്രവര്‍ത്തകനും ആർജെയും കലാഭവന്‍ ആർട്ടിസ്റ്റും ഒക്കെയായിരുന്ന കണ്ണനുണ്ണി ആ കരിയര്‍ ഉപേക്ഷിച്ചാണ് അനുവിലെ സംരംഭകയെ വളര്‍ത്താന്‍ കൂടെ നിൽക്കുന്നത്.