#ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള സാമ്പത്തിക മാന്ദ്യം മുതല്‍ നോട്ട് നിരോധനവും കൊവിഡ് രോഗവ്യാപനവും ഉള്‍പ്പെടെയുള്ള നിരവധി പ്രതിസന്ധികള്‍ക്കിടയിലും കഴിഞ്ഞ ഒമ്പതു വര്‍ഷത്തെ കേന്ദ്രസർക്കാരിന്റെ ഭരണ കാലയളവില്‍ ഓഹരി വിപണിയിലെ നിക്ഷേപകര്‍ക്ക് ലഭിച്ചത് ലാഭപ്പെരുമഴ. മുന്‍നിര, ഇടത്തരം കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിച്ചവര്‍ക്ക് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ മുടക്കുമുതലില്‍ മൂന്നിരട്ടി വരെ വർധന ലഭിച്ചുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എല്ലാ പ്രതികൂല സാഹചര്യങ്ങളെയും മറികടന്ന് രാജ്യത്തെ ഓഹരി സൂചികകള്‍ പുതിയ ഉയരങ്ങളിലേക്ക് നീങ്ങിയതാണ് നിക്ഷേപകര്‍ക്ക് വന്‍ ലോട്ടറിയായത്.
2014ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം ദേശീയ ഓഹരി സൂചികയായ നിഫ്റ്റി ഇരട്ടിയിലധികമാണ് ഉയര്‍ന്നത്. കമ്പനികളുടെ വിപണി മൂല്യം ഇക്കാലയളവില്‍ മൂന്നിരട്ടി ഉയര്‍ന്ന് 28 ലക്ഷം കോടി രൂപയിലെത്തി. ഓഹരി എക്സ്ചേഞ്ചില്‍ നിന്നുള്ള കണക്കുകളനുസരിച്ച് കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ ഐടി മേഖലയിലെ പ്രമുഖ കമ്പനികളുടെ ഓഹരി സൂചിക 220 ശതമാനം വളര്‍ച്ച നേടി. നിഫ്റ്റി ധനകാര്യ കമ്പനികളുടെ ഓഹരി വിലയില്‍ ഇക്കാലത്ത് 216 ശതമാനം വളര്‍ച്ചയുണ്ടായി. ബാങ്കിങ്, എഫ്എംസിജി, ഇന്ധന, ഓട്ടൊ മേഖലയിലെ കമ്പനികളുടെ ഓഹരികളിലും 100 ശതമാനത്തിലധികം വരുമാനം നിക്ഷേപകര്‍ക്ക് ലഭിച്ചു.
ആഗോള മേഖലയില്‍ ഇന്ത്യയുടെ ബ്രാന്‍ഡ് ഇമേജിലുണ്ടായ മാറ്റമാണ് പ്രധാനമായും ഓഹരി വിപണിയിലെ മുന്നേറ്റത്തിന് ആക്കം കൂട്ടിയതെന്ന് അനലിസ്റ്റുകള്‍ പറയുന്നു. സാമ്പത്തിക മേഖലയില്‍ കേന്ദ്രസര്‍ക്കാര്‍ തുടക്കമിട്ട വന്‍ പരിഷ്കരണ നടപടികള്‍ വന്‍കിട വിദേശ ധനകാര്യ നിക്ഷേപ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവരില്‍ സൃഷ്ടിച്ച മികച്ച ആത്മവിശ്വാസമാണ് ഇന്ത്യന്‍ ഓഹരികള്‍ക്ക് കരുത്തായത്. ചൈനയ്ക്ക് ബദലായ ഒരു സാമ്പത്തിക ശക്തിയായി ഇന്ത്യ ഉയരുന്നുവെന്ന വിലയിരുത്തലും വിദേശ നിക്ഷേപകരുടെ പണമൊഴുക്കിന് ആക്കം കൂട്ടി. കഴിഞ്ഞ ഒമ്പത് വര്‍ഷക്കാലത്തിനിടെ വിദേശ ധനസ്ഥാപനങ്ങള്‍ 4130 കോടി ഡോളറാണ് ഇന്ത്യന്‍ വിപണിയില്‍ നിക്ഷേപിച്ചത്. ആഭ്യന്തര നിക്ഷേപകര്‍ ഏഴ് ലക്ഷം കോടി രൂപയും ഇക്കാലയളവില്‍ ഓഹരി വിപണിയില്‍ അധികമായി മുടക്കിയെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
കൊവിഡ് വ്യാപനത്തിനു ശേഷമുള്ള മൂന്ന് വര്‍ഷക്കാലയളവിലാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ അസാധാരണമായ വളര്‍ച്ച ദൃശ്യമായത്. ലോകം മുഴുവന്‍ ലോക്ഡൗണിലേക്ക് നീങ്ങിയതോടെ വന്‍ തകര്‍ച്ച നേരിട്ട ഓഹരികള്‍ പിന്നീടുള്ള മൂന്ന് വര്‍ഷങ്ങളില്‍ സ്വപ്ന സമാനമായ മുന്നേറ്റമാണ് കാഴ്ചവെച്ചത്. അമെരിക്കയും യൂറോപ്യന്‍ യൂണിയനും ഉള്‍പ്പെടെ പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കെജുകളുടെ ബലത്തില്‍ ഓഹരി വിപണി ചരിത്ര നേട്ടമുണ്ടാക്കി. ഇതോടെ നാണയപ്പെരുപ്പം അപകടകരമായി ഉയര്‍ന്നതിനാല്‍ സുരക്ഷാ നടപടിയെന്ന നിലയില്‍ വിവിധ കേന്ദ്ര ബാങ്കുകള്‍ മുമ്പൊരിക്കലും ഇല്ലാത്ത രീതിയില്‍ മുഖ്യ പലിശ നിരക്കുകള്‍ വർധിപ്പിച്ചിട്ടും ഇന്ത്യന്‍ ഓഹരികള്‍ അതിശക്തമായാണ് പിടിച്ചുനിന്നത്. അമെരിക്കന്‍ ഡോളറിന്റെ മൂല്യവർധനയും ആഗോള സാമ്പത്തിക മാന്ദ്യവും ഇന്ത്യന്‍ വിപണിയെ ഇതുവരെ കാര്യമായി ബാധിച്ചിട്ടില്ല. ഇന്നലെ ദേശീയ ഓഹരി സൂചിക ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന തലത്തിലാണ് വ്യാപാരം പൂര്‍ത്തിയാക്കിയത്.