Hallmarking, BIS standard, HUID
Hallmarking, BIS standard, HUID

കേരളം മുഴുവന്‍ ഇനി പരിശുദ്ധ സ്വര്‍ണം, എല്ലാ ജില്ലകളിലും ഹോൾമാർക്കിങ്

എച്ച്‌യുഐഡി മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രം ലഭിക്കുന്ന ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിങ് സംസ്ഥാനം
Published on

കൊച്ചി: ഇടുക്കി ജില്ലയിലെ ജ്വല്ലറി ഷോറൂമുകളിലും ഇനി മുതല്‍ പരിശുദ്ധ സ്വര്‍ണം ലഭിക്കും. കഴിഞ്ഞ ജൂലൈ ഒന്നു മുതലാണ് കേന്ദ്രസര്‍ക്കാരും ബ്യൂറോ ഒഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്സും സ്വര്‍ണാഭരണങ്ങള്‍ക്ക് ഹോള്‍മാര്‍ക്ക് യുണീക് ഐഡന്‍റിഫിക്കേഷന്‍ (എച്ച്‌യുഐഡി) നിര്‍ബന്ധമാക്കിയത്. കേരളത്തില്‍ ഇത് ഇടുക്കി ഒഴികെ മറ്റ് 13 ജില്ലകളിലായിരുന്നു ബാധകം. ഇടുക്കിയില്‍ ആഭരണങ്ങളില്‍ എച്ച്‌യുഐഡി മുദ്ര പതിപ്പിക്കുന്ന ഹോള്‍മാര്‍ക്കിങ് സെന്‍ററുകള്‍ ഇല്ലാത്തതായിരുന്നു കാരണം. എന്നാല്‍, ഇടുക്കിയിലെ അടിമാലിയിലും ഹോള്‍മാര്‍ക്കിങ് സെന്‍റര്‍ സജ്ജമായതോടെ എല്ലാ ജില്ലകളിലും ഹോള്‍മാര്‍ക്കിങ് ഉറപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറി.

ദേശീയ തലത്തിൽ നേട്ടം

രാജ്യത്ത് എച്ച്‌യുഐഡി മുദ്രയുള്ള സ്വര്‍ണാഭരണങ്ങള്‍ മാത്രം ലഭിക്കുന്ന ആദ്യ സമ്പൂര്‍ണ ഹോള്‍മാര്‍ക്കിങ് സംസ്ഥാനമെന്ന നേട്ടമാണ് കേരളം സ്വന്തമാക്കിയത്. പ്രതിദിനം 250-275 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ വിറ്റഴിയുന്ന സംസ്ഥാനമാണ് കേരളം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം കേരളത്തിലെ സ്വര്‍ണാഭരണ മേഖലയുടെ വിറ്റുവരവ് 1.01 ലക്ഷം കോടി രൂപയായിരുന്നു. 200-250 ടണ്‍ സ്വര്‍ണാഭരണങ്ങളാണ് മലയാളികള്‍ പ്രതിവര്‍ഷം വാങ്ങുന്നതെന്നാണ് കണക്ക്. ഏകദേശം 12,000 സ്വര്‍ണാഭരണ ജ്വല്ലറികള്‍ സംസ്ഥാനത്തുണ്ട്. ഇവരില്‍ മിക്കവരും തന്നെ ബിഐഎസില്‍ നിന്ന് ഹോള്‍മാര്‍ക്കിങ് ലൈസന്‍സും നേടിയവരാണ്. 105 ഹോള്‍മാര്‍ക്കിങ് സെന്‍ററുകളാണ് കേരളത്തില്‍ നിലവിലുള്ളത്. ഒരുകോടിയിലേറെ ആഭരണങ്ങളിലാണ് കേരളത്തില്‍ പ്രതിവര്‍ഷം ഹോള്‍മാര്‍ക്കിങ് മുദ്ര പതിപ്പിക്കുന്നത്.

എച്ച്‌യുഐഡി എന്നാൽ

ജ്വല്ലറികളില്‍ നിന്ന് ഉപയോക്താവ് വാങ്ങുന്ന സ്വര്‍ണത്തിന്‍റെ പരിശുദ്ധി ഉറപ്പാക്കുകയാണ് എച്ച്‌യുഐഡിയുടെ ലക്ഷ്യം. ബിഐഎസ് മുദ്ര, സ്വര്‍ണത്തിന്‍റെ പരിശുദ്ധി (22കെ916), ആല്‍ഫാന്യൂമറിക് നമ്പര്‍ എന്നിവ ചേരുന്നതാണ് എച്ച്‌യുഐഡി.

ഓരോ സ്വര്‍ണാഭരണത്തിനും എച്ച്‌യുഐഡി വ്യത്യസ്തമാണ്. ആഭരണം നിര്‍മ്മിച്ചത് എവിടെ, ഹോള്‍മാര്‍ക്ക് ചെയ്തത് എവിടെ തുടങ്ങിയവ എച്ച്‌യുഐഡിയിലൂടെ അറിയാം. ജ്വല്ലറികള്‍ വിറ്റഴിക്കുന്ന സ്വര്‍ണാഭരണങ്ങള്‍ക്കാണ് എച്ച്‌യുഐഡി ബാധകം. ഉപയോക്താവിന്‍റെ പക്കലുള്ള പഴയ സ്വര്‍ണാഭരണത്തിന് ബാധകമല്ല.

ഉപയോക്താവിന്‍റെ കൈവശമുള്ള എച്ച്‌യുഐഡി മുദ്രയില്ലാത്ത സ്വര്‍ണത്തിനും വില്‍ക്കുമ്പോഴോ എക്സ്ചേഞ്ച് ചെയ്യുമ്പോഴോ വിപണി വില തന്നെ ലഭിക്കും, പണയം വയ്ക്കാനും തടസമില്ല.

പരിശുദ്ധി അറിയാൻ മൊബൈൽ ആപ്പ്

ബിഐഎസ് കെയര്‍ മൊബൈല്‍ ആപ്പിലൂടെ ഇനി സ്വര്‍ണത്തിന്‍റെ പരിശുദ്ധി തിരിച്ചറിയാം. വാങ്ങിയ പുതിയ ആഭരണത്തിലെ എച്ച്‌യുഐഡി, ആപ്പില്‍ സമര്‍പ്പിച്ചാല്‍ ആഭരണം സംബന്ധിച്ച മുഴുവന്‍ വിവരങ്ങളും ലഭിക്കും.

സ്വര്‍ണാഭരണം വാങ്ങാനായി ഉപയോക്താവ് ചെലവിടുന്ന പണത്തിന് സംരക്ഷണം ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് എച്ച്‌യുഐഡി നടപ്പാക്കിയത്. എന്നാല്‍, രാജ്യത്ത് വില്‍ക്കുന്ന സ്വര്‍ണാഭരണങ്ങളുടെ കൃത്യമായ കണക്ക് നേടാന്‍ ഇതുവഴി സര്‍ക്കാരിന് കഴിയുമെന്ന പ്രത്യേകതയുമുണ്ട്.