എൽഐസി ഓഹരികൾ റെക്കോഡി‌ലേക്ക്

നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എല്‍ഐസി ഓഹരി വില 942.50 രൂപ വരെയാണ് ഉയര്‍ന്നത്.
എൽഐസി ഓഹരികൾ റെക്കോഡി‌ലേക്ക്
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: പൊതുമേഖലാ കമ്പനിയായ ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പ്പറേഷന്‍റെ (എല്‍ഐസി) ഓഹരി നിക്ഷേപകര്‍ക്ക് ആഹ്ലാദം പകര്‍ന്ന് വില മികച്ച മുന്നേറ്റം നടത്തുന്നു. മികച്ച പ്രവര്‍ത്തനഫലങ്ങളുടെയും കേന്ദ്ര സര്‍ക്കാരില്‍ നിന്നുള്ള നികുതി റീഫണ്ടുകളുടെയും കരുത്തില്‍ കഴിഞ്ഞ വാരം ഒരവസരത്തില്‍ എല്‍ഐസി ഓഹരികളുടെ വില റെക്കോഡ് ഉയരത്തിലെത്തി. നാഷണല്‍ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ എല്‍ഐസി ഓഹരി വില 942.50 രൂപ വരെയാണ് ഉയര്‍ന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഓഹരി വില തുടര്‍ച്ചയായി ഉയര്‍ന്നതോടെ രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ കമ്പനിയെന്ന പദവിയും എല്‍ഐസിക്ക് സ്വന്തമായി.

കമ്പനിയുടെ വിപണി മൂല്യം ഒരവസരത്തില്‍ ആറ് ലക്ഷം കോടി രൂപ വരെ ഉയര്‍ന്നിരുന്നു. 2022 മേയ് 17ന് വിപണിയില്‍ ലിസ്റ്റ് ചെയ്ത എല്‍ഐസി ഓഹരികള്‍ ആദ്യ ദിവസം രേഖപ്പെടുത്തിയ 920 രൂപയിലെത്തിയെങ്കിലും പിന്നീട് തുടര്‍ച്ചയായി തകര്‍ച്ച നേരിട്ടു. പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് മുന്‍പ് വിപണിയില്‍ വന്‍ ആവേശം ദൃശ്യമായിരുന്നെങ്കിലും ലിസ്റ്റ് ചെയ്തതിനു ശേഷം ദീര്‍ഘ കാലമായി എല്‍ഐസി ഓഹരികള്‍ കനത്ത വിലക്കുറവിലാണ് നീങ്ങിയത്. ഒരവസരത്തില്‍ എല്‍ഐസിയുടെ ഓഹരി വില 530 രൂപ വരെ താഴ്ന്നിരുന്നു. റീട്ടെയ്‌ല്‍ നിക്ഷേപകരുടെ പങ്കാളിത്തം വളരെ ഏറെയുണ്ടായിരുന്ന പ്രാരംഭ ഓഹരി വിൽപ്പനയിലൂടെ എല്‍ഐസിയുടെ 3.5% ഓഹരികള്‍ വിറ്റഴിച്ച് 21,000 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ സമാഹരിച്ചത്. ഓഹരി ഒന്നിന് 949 രൂപ വിലയാണ് വിൽപ്പന സമയത്ത് നിക്ഷേപകരില്‍ നിന്ന് ഈടാക്കിയത്.

കഴിഞ്ഞവാരം വിദേശ നിക്ഷേപകരുടെ പിന്മാറ്റത്തെത്തുടർന്ന് രാജ്യത്തെ മുന്‍നിര ഓഹരികളെല്ലാം കനത്ത വിൽപ്പന സമ്മർദം നേരിട്ടെങ്കിലും എല്‍ഐസിയുടെ വിലയില്‍ കാര്യമായ ഇടിവുണ്ടായില്ല. ഇന്നലെ വ്യാപാരം അവസാനിച്ചപ്പോള്‍ എല്‍ഐസി ഓഹരി വില 3.7 രൂപ കുറഞ്ഞ് 903.5ലെത്തി.

ഇന്‍ഷ്വറന്‍സ് വിപണിയില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും അതിശക്തമായ മത്സരം നേരിടുമ്പോഴും രാജ്യത്തെ ഏറ്റവും വലിയ ലൈഫ് ഇന്‍ഷ്വറന്‍സ് സ്ഥാപനമെന്ന പദവി നിലനിർത്താന്‍ കഴിയുന്നതാണ് എല്‍ഐസിയുടെ കരുത്ത്. വൈവിധ്യമാര്‍ന്ന ഉത്പന്നങ്ങളും വിപുലമായ വിപണന സംവിധാനങ്ങളുമാണ് കമ്പനിയുടെ മികച്ച പ്രകടനത്തിന് സഹായിക്കുന്നത്.

Trending

No stories found.

Latest News

No stories found.