പോളണ്ടുകാര്‍ ഇപ്പോള്‍ മലയാളിയെക്കുറിച്ചു പറയുന്നുണ്ട്, മലയാളി ബിയറിനെക്കുറിച്ച്. മലയാളി എന്ന പേരിലൊരു ബിയര്‍ പുറത്തിറങ്ങിയിരിക്കുന്നു പോളണ്ടില്‍. മലയാളി ബിയറിനു പിന്നിലൊരു മലയാളി തന്നെയാണെന്നു പ്രത്യേകിച്ചു പറയേണ്ടതില്ലല്ലോ. പാലക്കാട് സ്വദേശി ചന്ദ്രമോഹന്‍ നല്ലൂരിന്‍റെ ആശയത്തില്‍ വാറ്റിയെടുത്ത നേര്‍ത്ത ലഹരിയുടെ പാനീയം ഇപ്പോള്‍ പോളണ്ടില്‍ ജനപ്രിയമായിരിക്കുന്നു. പോളണ്ടിലെ ചേംബര്‍ ഓഫ് കൊമേഴ്സിന്‍റെ ആദ്യ മലയാളി ഡയറക്ടര്‍ കൂടിയാണ് ചന്ദ്രമോഹന്‍.
അവിചാരിതമായാണ് മലയാളി ബിയര്‍ പിറവിയെടുക്കുന്നത്. റഷ്യ-ഉക്രൈ്ന്‍ യുദ്ധത്തെത്തുടര്‍ന്ന് ചന്ദ്രമോഹന്‍റെ സുഹൃത്തിന്‍റെ അഞ്ച് കണ്ടെയ്നര്‍ അവില്‍ കെട്ടിക്കിടന്നു. കച്ചവടം ചെയ്യാനോ, സൂക്ഷിക്കാനോ കഴിയാത്ത അവസ്ഥ. ആ അവില്‍ ഫലപ്രദമായി എങ്ങനെ വിനിയോഗിക്കുമെന്ന ചിന്തയില്‍ നിന്നാണ് ബിയര്‍ ഉത്പാദിപ്പിക്കാം എന്ന ആശയത്തിലേക്ക് എത്തുന്നത്. യുകെയില്‍ മലയാളി ഉത്പാദിപ്പിക്കുന്ന കൊമ്പന്‍ ബിയറിന്‍റെ വാര്‍ത്തയും പ്രചോദനമായി.
എന്നാല്‍ ബിയര്‍ ഉത്പാദനം എളുപ്പമായിരുന്നില്ല. നിരവധി തവണ പരാജയപ്പെട്ടു. പിന്നെയും പരിശ്രമിച്ച ശേഷം വിജയത്തിന്‍റെ രുചി നുണഞ്ഞു. സ്വന്തം ജന്മനാടിനെ രേഖപ്പെടുത്തുന്ന എന്തെങ്കിലും പേര് വേണമെന്ന് ആലോചനയില്‍ നിന്നും മലയാളി എന്ന പേരിലേക്കുമെത്തി. മറ്റു യുറോപ്യന്‍ രാജ്യങ്ങളിലേക്കും മലയാളി ബിയര്‍ എത്തിക്കുകയാണ് അടുത്ത ശ്രമം.