മ്യൂച്വൽ ഫണ്ടുകളുടെ വിപണി മൂല്യം ഉയരത്തിൽ

എസ്ഐപികൾക്ക് പ്രിയമേറുന്നതാണ് മ്യൂച്വൽ ഫണ്ടുകൾക്ക് കരുത്താകുന്നത്
Symbolic image for a mutual fund SIP
Symbolic image for a mutual fund SIPImage by Freepik
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: രാജ്യത്തെ മ്യൂച്വല്‍ ഫണ്ടുകളുടെ വിപണി മൂല്യം ലക്ഷം കോടി രൂപയിലേക്ക് നീങ്ങുന്നു. സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പദ്ധതികള്‍ക്ക് (എസ്ഐപി) പ്രിയമേറുന്നതാണ് മ്യൂച്വല്‍ ഫണ്ട് വളര്‍ച്ചയ്ക്ക് കരുത്താകുന്നത്.

നവംബറില്‍ ഇന്ത്യയിലെ മൊത്തം എസ്ഐപി നിക്ഷേപകരുടെ എണ്ണം 7.44 കോടിയിലെത്തി. നിലവില്‍ മ്യൂച്വല്‍ ഫണ്ടുകള്‍ 49.04 ലക്ഷം കോടി രൂപയുടെ ആസ്തികളാണ് കൈകാര്യം ചെയ്യുന്നത്. തുടര്‍ച്ചയായ 34ാം മാസമാണ് മ്യൂച്വല്‍ ഫണ്ടുകളിലേക്ക് അധിക പണമൊഴുക്ക് ദൃശ്യമാകുന്നത്. നിലവില്‍ പ്രതിമാസം 17,000 കോടി രൂപയുടെ നിക്ഷേപമാണ് എസ്ഐപികളില്‍ ലഭിക്കുന്നത്.

നവംബറില്‍ എസ്ഐപികളിലൂടെ 17,073 കോടി രൂപയാണ് വിപണിയിലെത്തിയത്. ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ ഇന്ത്യയുടെ ആഭ്യന്തര മൊത്തം ഉത്പാദനം (ജിഡിപി) 7.6 ശതമാനം വളര്‍ച്ച നേടിയതും മൂന്ന് വലിയ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കേന്ദ്ര ഭരണകക്ഷിയായ ബിജെപി തകര്‍പ്പന്‍ വിജയം നേടിയതും നിക്ഷേപകരില്‍ ആവേശം സൃഷ്ടിക്കുകയാണ്. എസ്ഐപികളിലൂടെ വിപണിയില്‍ നിക്ഷേപിക്കുന്നവരുടെ എണ്ണവും കൂടുകയാണ്.

കഴിഞ്ഞവാരം ആറ് വ്യാപാര ദിനങ്ങളിലും ഓഹരി സൂചികകളായ സെന്‍സെക്സും നിഫ്റ്റിയും മുന്നേറ്റം നടത്തിയിരുന്നു. ചെറുകിട, ഇടത്തരം ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകള്‍ക്കാണ് കൂടുതല്‍ നിക്ഷേപം ലഭിക്കുന്നത്. നവംബറില്‍ മൊത്തം എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 7.4 കോടിയിലെത്തി. വിവിധ മേഖലകളില്‍ നിക്ഷേപിക്കുന്ന 14 പുതിയ ഫണ്ടുകളാണ് പുതുതായി എത്തിയത്.

മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കില്‍ കഴിഞ്ഞമാസം 22 ശതമാനം ഇടിവുണ്ടായി. ദീപാവലിയും മറ്റ് ആഘോഷങ്ങളും കാരണം നിരവധി അവധി ദിനങ്ങള്‍ വന്നതാണ് മ്യൂച്വല്‍ ഫണ്ടുകളുടെ പ്രകടനത്തെ ബാധിച്ചതെന്ന് ബ്രോക്കര്‍മാര്‍ പറയുന്നു. നിലവില്‍ 42 മ്യൂച്വല്‍ ഫണ്ടുകള്‍ ചേര്‍ന്ന് കൈകാര്യം ചെയ്യുന്ന ആസ്തി 49.04 ലക്ഷം കോടി രൂപയാണ്.

നിശ്ചിത തുക പ്രതിമാസം ഉപയോക്താക്കളില്‍ നിന്ന് തുടര്‍ച്ചയായി സമാഹരിച്ച് ഓഹരി, കടപ്പത്രങ്ങള്‍ തുടങ്ങിയ മേഖലകളില്‍ നിക്ഷേപിക്കാനായി മ്യൂച്വല്‍ ഫണ്ടുകള്‍ നടത്തുന്ന സ്കീമാണ് സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകള്‍ അഥവാ എസ്ഐപികള്‍. ഒരുമിച്ച് വലിയ തുക മുടക്കുന്നതിന് ചെറിയ തുകകളായി നിക്ഷേപിച്ച് ദീര്‍ഘകാലത്തേക്ക് വലിയ നിക്ഷേപമായി മാറ്റാമെന്നതാണ് പ്രധാന ആകര്‍ഷണീയത. കുറഞ്ഞ നിക്ഷേപ തുക 250 രൂപയായി കുറയ്ക്കുന്നതിനുള്ള സാധ്യതകള്‍ സെബി ആലോചിക്കുകയാണ്.

Trending

No stories found.

Latest News

No stories found.