ആദായ നികുതി ഇളവിൽ വർധന പ്രതീക്ഷിച്ച് ഇടത്തരക്കാർ

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ വ്യക്തിഗത ആദായ നികുതി ഇളവ് പരിധി 8 ലക്ഷം രൂപ വരെയായി ഉയർത്തുമെന്നും വിലയിരുത്തുന്നു
ആദായ നികുതി ഇളവിൽ വർധന പ്രതീക്ഷിച്ച് ഇടത്തരക്കാർ
Updated on

കൊച്ചി: അടുത്ത മാസം പകുതിയോടെ ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിക്കുന്ന മൂന്നാം മോദി സർക്കാരിന്‍റെ ആദ്യ ബജറ്റിൽ ആദായ നികുതി ഇളവ് പരിധി ഉയർത്തുമെന്ന പ്രതീക്ഷ ശക്തമാകുന്നു.

ശമ്പളക്കാർക്കും ഇടത്തരക്കാർക്കും അധിക ആനുകൂല്യങ്ങൾ ലഭ്യമാക്കി വിപണിയിലെ ഉപഭോഗം മെച്ചപ്പെടുത്തുന്നതിന് നടപടികൾ വേണമെന്ന് കോൺഫെഡറേഷൻ ഒഫ് ഇന്ത്യൻ ഇൻഡസ്ട്രി ഉൾപ്പെടെയുള്ള സംഘടനകൾ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ആഭ്യന്തര വിപണിയിലെ ഉപഭോഗം മെച്ചപ്പെടുത്തുന്നതിനായി 50,000 കോടി രൂപയുടെ പ്രത്യേക പാക്കെജ് ബജറ്റിലുണ്ടായേക്കും.

7 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇത്തവണ വ്യക്തിഗത ആദായ നികുതി ഇളവ് പരിധി 8 ലക്ഷം രൂപ വരെയായി ഉയർത്തുമെന്നും വിലയിരുത്തുന്നു. നിലവിൽ 5 ലക്ഷം മുതൽ 15 ലക്ഷം രൂപ വരെ വരുമാനമുള്ളവരിൽ നിന്ന് 5 മുതൽ 20 ശതമാനം വരെ ആദായ നികുതിയാണ് സർക്കാർ ഈടാക്കുന്നത്. പുതിയ ബജറ്റിൽ വിവിധ സ്ലാബുകളിലെ പരിധിയിൽ 3 ലക്ഷം രൂപയുടെ വർധനയ്ക്ക് സാധ്യതയുണ്ടെന്ന് ധനമന്ത്രാലയത്തോട് അടുത്ത വൃത്തങ്ങൾ പറയുന്നു.

ബജറ്റ് അവതരണത്തിന് മുന്നോടിയായുള്ള പ്രാരംഭ ചർച്ചകൾക്ക് നിർമല സീതാരാമൻ കഴിഞ്ഞ ദിവസം തുടക്കമിട്ടിരുന്നു. ധനകാര്യ വിദഗ്ധർ, ട്രേഡ് യൂണിയൻ പ്രതിനിധികൾ, വ്യവസായികൾ എന്നിവരുമായി ഇക്കാര്യങ്ങൾ വരും ദിവസങ്ങളിൽ ചർച്ച നടത്തും.

പൊതു തെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ സാമ്പത്തിക വളർച്ചയ്ക്കും പരിഷ്കരണ നടപടികൾക്കും മാത്രമാണ് നിർമല സീതാരാമൻ മുൻഗണന നൽകിയത്. വീണ്ടും അധികാരത്തിലെത്തുമെന്ന ആത്മവിശ്വാസമാണ് പ്രധാനമായും ധനമന്ത്രിയെ നയിച്ചത്. എന്നാൽ തിരഞ്ഞെടുപ്പിൽ ബിജെപി പ്രതീക്ഷിച്ച വിജയം നേടാതിരുന്നതിനാൽ മുൻഗണന വിഷയങ്ങളിൽ മാറ്റം വരുത്താൻ ധനമന്ത്രി നിർബന്ധിതമായേക്കും. മുന്നണി സമ്മർദങ്ങളും ഇത്തവണ ബജറ്റിനെ സ്വാധീനിക്കാൻ ഇടയുണ്ട്.

Trending

No stories found.

Latest News

No stories found.