ബിസിനസ് ലേഖകൻ
കൊച്ചി: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ചാഞ്ചാട്ടം രൂക്ഷമായതോടെ നിക്ഷേപകര്‍ മ്യൂച്വല്‍ ഫണ്ടുകളിലേക്ക് വന്‍ തോതില്‍ പണമൊഴുക്കുന്നു. ആഗോള ധനവിപണിയില്‍ അനിശ്ചിതത്വം ശക്തമായതോടെ ഓഹരി വിപണിയില്‍ നേരിട്ട് നിക്ഷേപിക്കുന്നവര്‍ക്ക് നഷ്ട സാധ്യത വർധിച്ചതാണ് മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് പ്രിയം വർധിപ്പിക്കുന്നത്.
സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഒഫ് ഇന്ത്യയുടെ (സെബി) കണക്കുകളനുസരിച്ച് ഫെബ്രുവരിയില്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്ന മ്യൂച്വല്‍ ഫണ്ടുകളിലേക്ക് 15, 686 കോടി രൂപയുടെ നിക്ഷേപമാണെത്തിയത്. ജനുവരിയില്‍ ഓഹരി അധിഷ്ഠിത മ്യൂച്വല്‍ ഫണ്ടുകള്‍ക്ക് ലഭിച്ച നിക്ഷേപം 12547 കോടി രൂപയായിരുന്നു. സെക്റ്ററല്‍, തീമാറ്റിക് ഫണ്ടുകളിലേക്കാണ് വലിയ തോതില്‍ നിക്ഷേപം ഒഴുകിയെത്തുന്നത്. ഇത്തരം ഫണ്ടുകളില്‍ 3,845 കോടി രൂപയാണ് നിക്ഷേപകര്‍ കഴിഞ്ഞ മാസം മുടക്കിയത്.
ചെറുകിട കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്ക് കഴിഞ്ഞ മാസം എത്തിയത് 2,400 കോടി രൂപയാണെന്നും സെബിയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ലാര്‍ജ് ആന്‍ഡ് മിഡ് കാപ് ഫണ്ടുകളില്‍ 1,600 കോടി രൂപയുടെ നിക്ഷേപം ഈ കാലയളവില്‍ ലഭിച്ചു. അതേസമയം കൃത്യമായി ലാഭവിഹിതം നല്കുന്ന കമ്പനികളുടെ ഓഹരികളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളിലേക്ക് കേവലം 486 കോടി രൂപ മാത്രമാണ് എത്തിയത്.
സര്‍ക്കാര്‍ കടപ്പത്രങ്ങളില്‍ ഉള്‍പ്പെടെ നിക്ഷേപിക്കുന്ന ഡെറ്റ് ഫണ്ടുകളില്‍ നിന്നും ഉപയോക്താക്കള്‍ വന്‍ തോതില്‍ പണം പിന്‍വലിക്കുകയാണ്. കഴിഞ്ഞ മാസം ഡെറ്റ് ഫണ്ടുകളില്‍ നിന്നും 13,000 കോടി രൂപയില്‍ നിന്ന് പുറത്തേക്കൊഴുകിയത്. നാണയപ്പെരുപ്പം നേരിടാനായി റിസര്‍വ് ബാങ്ക് തുടര്‍ച്ചയായി പലിശ വർധിപ്പിക്കുന്നതിനാല്‍ കടപ്പത്രങ്ങളില്‍ നിന്നുള്ള വരുമാനം കുറയുന്നതാണ് നിക്ഷേപകരെ വലയ്ക്കുന്നത്. അമെരിക്കയിലെ ഫെഡറല്‍ റിസര്‍വ് വീണ്ടും പലിശ വർധിപ്പിക്കാന്‍ സാധ്യത ഏറിയതിനാല്‍ കടപ്പത്ര വിപണി വലിയ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണ്.
പ്രവചനാതീതമായ രീതിയില്‍ ധനകാര്യ വിപണി വെല്ലുവിളികള്‍ നേരിടുന്നതിനാല്‍ നേരിട്ട് ഓഹരികളില്‍ വ്യാപാരം നടത്തുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവാണുണ്ടാകുന്നതെന്ന് പ്രമുഖ ബ്രോക്കര്‍മാര്‍ പറയുന്നു. കഴിഞ്ഞ മൂന്ന് മാസമായി ഓഹരി വിപണിയില്‍ ചാഞ്ചാട്ടം രൂക്ഷമായതോടെ ചെറുകിട നിക്ഷേപകര്‍ കനത്ത നഷ്ടം നേരിട്ടിരുന്നു.
വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരികള്‍ വന്‍ തോതില്‍ വിറ്റുമാറിയിട്ടും വിപണി കനത്ത തകര്‍ച്ച നേരിടാത്തതിനു പ്രധാന കാരണം ആഭ്യന്തര നിക്ഷേപകരുടെ പണക്കരുത്ത് മൂലമാണെന്ന് കൊച്ചിയിലെ പ്രമുഖ ബ്രോക്കിങ് സ്ഥാപനത്തിലെ അനലിസ്റ്റായ സനില്‍ എബ്രഹാം പറയുന്നു. നിലവില്‍ വിപണിയിലുണ്ടാകുന്ന ഇടിവിന്റെ സാധ്യതകള്‍ നിക്ഷേപകര്‍ മുതലെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറയുന്നു.