തിരുവനന്തപുരം: രാജ്യത്തെ പ്രമുഖ ജലാറ്റിന്‍ നിര്‍മാതാക്കളായ നിറ്റാ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്‍റെ പുതിയ മാനെജിങ് ഡയറക്റ്ററായി പ്രവീണ്‍ വെങ്കടരമണനെ നിയമിച്ചു. 2024 ഓഗസ്റ്റ് 5 മുതലാണ് നിയമനം പ്രാബല്യത്തില്‍ വരുന്നത്. നിലവിൽ കമ്പനിയുടെ മാനെജിങ് ഡയറക്റ്ററായ സജീവ് കെ. മേനോന്‍ വിരമിക്കുന്ന ഒഴിവിലാണ് പുതിയ നിയമനം.
കോലഞ്ചേരി ആസ്ഥാനമായുള്ള സിന്തൈറ്റിന്‍റെ സ്‌പൈസ് ഡിവിഷന്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫിസറായി പ്രവര്‍ത്തിച്ചിരുന്ന പ്രവീണ്‍ വെങ്കടരമണൻ കോസ്റ്റ് അക്കൗണ്ടന്‍റും ഹൈദരാബാദിലെ ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ പൂര്‍വ വിദ്യാര്‍ഥിയുമാണ്. ഇന്ത്യയില്‍ ശക്തമായ അടിത്തറയുള്ള നിറ്റ ജലാറ്റിന്‍ കമ്പനിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും, കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ വരും നാളുകളില്‍ കൂടുതല്‍ വിപുലീകരിക്കാനുള്ള പദ്ധതികള്‍ ആരംഭിക്കുമെന്നും പ്രവീണ്‍ പറഞ്ഞു.
2014ല്‍ കമ്പനിയുടെ എംഡിയായി സ്ഥാനമേറ്റ സജീവ് മേനോന്‍ 2022ല്‍ സ്ഥാനമൊഴിഞ്ഞിരുന്നെങ്കിലും, പുതിയതായി നിയമിച്ച എംഡിയുടെ രാജിയെത്തുടര്‍ന്ന് സജീവ് മേനോന്‍ വീണ്ടും കമ്പനിയുടെ തലപ്പത്ത് തിരിച്ചെത്തുകയായിരുന്നു.
കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്മെന്‍റ് കോര്‍പ്പറേഷന്‍റെയും ഒസാക്ക ആസ്ഥാനമായ നിറ്റ ജലാറ്റിന്‍ ഗ്രൂപ്പിന്‍റെയും സംയുക്ത സംരംഭമായ നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് ബോംബെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള കമ്പനിയാണ്.
കേരള മുഖ്യമന്ത്രി പിണറായി വിജയന്‍റെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ നിറ്റാ ജലാറ്റിന്‍ കമ്പനി കേരളത്തില്‍ 220 കോടി രൂപയുടെ നിക്ഷേപ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നുവെങ്കിലും കോവിഡ് പ്രതിസന്ധി കാരണം പദ്ധതി വൈകുകയായിരുന്നു. കേരള വ്യവസായ - വാണിജ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ഐഎഎസ് ആണ് കമ്പനിയുടെ ചെയര്‍മാന്‍.