സ്വന്തം ലേഖകൻ
കൊച്ചി: പെട്രോൾ, ഡീസൽ, പാചക വാതകം എന്നിവ ഉത്പാദന ചെലവിനെക്കാൾ കുറഞ്ഞ വിലയിൽ വിറ്റഴിക്കുന്നതു മൂലം പൊതുമേഖലാ എണ്ണക്കമ്പനികൾ നേരിടുന്ന നഷ്ടം നികത്താൻ പുതിയ നഷ്ട പരിഹാര പാക്കെജ് പ്രഖ്യാപിക്കാൻ കേന്ദ്ര സർക്കാർ ആലോചിക്കുന്നു. ചെറിയ ഇടവേളയ്ക്കു ശേഷം രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില തുടർച്ചയായി ഉയർന്നതോടെ എണ്ണക്കമ്പനികൾ വലിയ നഷ്ടമാണ് നേരിടുന്നത്.
നിലവിൽ പെട്രോൾ ലിറ്ററിന് ആറ് രൂപയും ഡീസൽ അഞ്ച് രൂപയും പാചക വാതകം പത്ത് രൂപയിൽ അധികവും നഷ്ടത്തിലാണ് കമ്പനികൾ വിൽക്കുന്നത്.
നാലു മാസത്തിന് മുമ്പ് ക്രൂഡ് ഓയിൽ വില കുത്തനെ കുറഞ്ഞിട്ടും പെട്രോൾ, ഡീസൽ വിലയിൽ മാറ്റം വരുത്താതെ കമ്പനികൾക്ക് നഷ്ടം നികത്താൻ കേന്ദ്ര സർക്കാർ അവസരമൊരുക്കിയിരുന്നു. എന്നാൽ, പൊടുന്നനെ ക്രൂഡ് ഓയിൽ ഉത്പാദനം വെട്ടിക്കുറയ്ക്കാൻ ഒപെക്ക് രാജ്യങ്ങൾ തീരുമാനിച്ചതോടെ എണ്ണക്കമ്പനികൾ വീണ്ടും സമ്മർദത്തിലായി. വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ആസന്നമായതിനാൽ ഇന്ധന വില വർധന ഉടനൊന്നും സാധ്യവുമാകില്ല.
ആഗോള സാമ്പത്തിക അനിശ്ചിതത്വം മൂലം രാജ്യത്തെ നാണയപ്പെരുപ്പം അപകടകരമായി ഉയർന്നതിനാലാണ് ക്രൂഡ് ഓയിൽ വില വർധനയ്ക്ക് ആനുപാതികമായി പെട്രോൾ, ഡീസൽ, പാചകവാതകം എന്നിവയുടെ വിലയിൽ മാറ്റം വരുത്താതെ കമ്പനികൾ മുന്നോട്ടു പോയത്. ഇതിനാലാണ് യുഎസും യൂറോപ്പും ഉൾപ്പെടെയുള്ള പ്രധാന സമ്പദ് വ്യവസ്ഥകൾ വൻ പ്രതിസന്ധി നേരിട്ടപ്പോഴും ഇന്ത്യ വലിയ പരിക്കില്ലാതെ നിലനിന്നത്.
നാണ്യപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികൾക്ക് സർക്കാരിനൊപ്പം നിന്ന പൊതുമേഖലാ എണ്ണക്കമ്പനികൾക്ക് നഷ്ടം നികത്താൻ പാക്കെജ് വേണമെന്ന് പെട്രോളിയം മന്ത്രാലയം ആവശ്യപ്പെട്ടിരുന്നു. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, ഭാരത് പെട്രോളിയം കോർപ്പറേഷൻ, ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ എന്നിവയ്ക്കാണ് നഷ്ടപരിഹാരം നൽകുക.
അതേസമയം പെട്രോൾ, ഡീസൽ എക്സൈസ് തീരുവ കുറച്ചതു മൂലം കനത്ത വരുമാന നഷ്ടം നേരിടുന്നതിനാൽ പരിധിയിലധികം തുക കമ്പനികൾക്ക് നൽകാനാവില്ലെന്നാണ് ധന മന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു.