ഭക്ഷ്യോത്പന്ന വിലക്കയറ്റം: വിപണി ഇടപെടലിന് നീക്കം

പച്ചക്കറി വില കഴിഞ്ഞ ദിവസങ്ങള്‍ പൊടുന്നനെ കുതിച്ചുയര്‍ന്നിരുന്നു
plans to market intervention for Food product price hike
Updated on

#ബിസിനസ് ലേഖകൻ

കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ വിലക്കയറ്റം നേരിടാൻ റിസര്‍വ് ബാങ്കും കേന്ദ്ര ധന മന്ത്രാലയവും വിപണി ഇടപെടലുകള്‍ക്ക് തയ്യാറെടുക്കുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ഉത്പന്ന ദൗര്‍ലഭ്യമാണ് പ്രധാനമായും വിലക്കയറ്റം സൃഷ്ടിക്കുന്നതെന്നതിനാല്‍ പലിശ കൂട്ടി മാത്രം മുന്നോട്ടു പോകാനാവില്ലെന്നാണ് റിസര്‍വ് ബാങ്ക് വിലയിരുത്തല്‍.

കാലവര്‍ഷത്തിന്‍റെ നീക്കം കണക്കിലെടുത്ത് ധന നയത്തിനു രൂപം നല്‍കാനാണ് തയ്യാറെടുക്കുന്നതെന്ന് കേന്ദ്ര ബാങ്ക് സൂചന നല്‍കുന്നു. ഉഷ്ണ തരംഗം ഇന്ത്യയുടെ പ്രധാന കാര്‍ഷിക മേഖലകളില്‍ കനത്ത ഉത്പാദന തകര്‍ച്ച സൃഷ്ടിച്ചതിനാല്‍ പച്ചക്കറികള്‍, ധാന്യങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍ എന്നിവയുടെ വില കുത്തനെ കൂടുമെന്നാണ് വിപണി വൃത്തങ്ങള്‍ പ്രവചിക്കുന്നത്. പച്ചക്കറി വില കഴിഞ്ഞ ദിവസങ്ങള്‍ പൊടുന്നനെ കുതിച്ചുയര്‍ന്നിരുന്നു.

പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി പല കാര്‍ഷിക ഉത്പന്നങ്ങളുടെയും കയറ്റുമതി നിയന്ത്രണങ്ങള്‍ ഭാഗികമായി ഒഴിവാക്കിയതും ആഭ്യന്തര വിലകൂടാന്‍ ഇടയാക്കി. കഴിഞ്ഞ ദിവസങ്ങളില്‍ സവാളയുടെ വിലയിൽ പൊടുന്നനെ കുതിപ്പുണ്ടാകാന്‍ കയറ്റുമതി ഒരു പ്രധാന ഘടകമാണെന്നു വ്യാപാരികള്‍ പറയുന്നു.

കര്‍ഷകരുടെ പ്രതിഷേധം ശക്തമായതിനാല്‍ കയറ്റുമതി നിയന്ത്രണ നടപടികള്‍ക്ക് ഏറെ പരിമിയിയുണ്ട്. വിപണിയിലെ പണലഭ്യത കുറച്ച് ഉപഭോഗം നിയന്ത്രിക്കാനും ആലോചന ശക്തമാണ്. രണ്ട് വര്‍ഷം മുന്‍പ് വിലക്കയറ്റം അതിരൂക്ഷമായതോടെയാണ് റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് തുടര്‍ച്ചയായി വർധിപ്പിക്കാന്‍ തുടങ്ങിയത്. ഇക്കാലയളവില്‍ റിസര്‍വ് ബാങ്കില്‍ നിന്നും വാണിജ്യ ബാങ്കുകള്‍ വാങ്ങുന്ന വായ്പകളുടെ പലിശയായ റിപ്പോ നിരക്ക് 2.5 ശതമാനം വര്‍ദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയിരുന്നു. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി മാസത്തിന് ശേഷം പലിശ നിരക്കില്‍ ഇതുവരെ മാറ്റം വരുത്തിയിട്ടില്ല

ഇതിനിടെ വായ്പകളുടെ വിതരണത്തിലും പലിശ കണക്കാക്കുന്നതിലും സുതാര്യമായ നടപടികള്‍ വേണമെന്ന് വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഈ മേഖലയിലെ നിയന്ത്രണ സംവിധാനം ശക്തമാക്കുന്നതിന്‍റെ ഭാഗമായാണ് റിസര്‍വ് ബാങ്കിന്‍റെ ഇടപെടല്‍. വായ്പകളുടെ പലിശ കണക്കാക്കുന്നതില്‍ ന്യായീകരിക്കാനാകാത്ത രീതികള്‍ ബാങ്കുകള്‍ സ്വീകരിക്കുന്നുവെന്ന പരാതികള്‍ നിരവധിയാണെന്നും റിസര്‍വ് ബാങ്ക് ചൂണ്ടിക്കാട്ടി. പ്രതിമാസ തിരിച്ചടവ് തുകകളിലും വലിയ കള്ളക്കളികള്‍ റിസര്‍വ് ബാങ്ക് നടത്തുന്നുവെന്ന് സംശയിക്കേണ്ട സാഹചര്യമുണ്ടെന്നും റിസര്‍വ് ബാങ്ക് പറയുന്നു.

Trending

No stories found.

Latest News

No stories found.