കൊച്ചി: രാജ്യാന്തര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ഒരു മാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിലയിലേക്കു താഴ്ന്നതോടെ ആഭ്യന്തര വിപണിയിൽ പെട്രോളും ഡീസലും ഏവിയേഷൻ ഫ്യൂവലും അടക്കമുള്ള ഇന്ധനങ്ങളുടെ വില കുറയ്ക്കാൻ പൊതുമേഖലാ എണ്ണ കമ്പനികൾക്കു സമ്മർദമേറുന്നു. കഴിഞ്ഞ ഒരു വർഷക്കാലമായി ഇന്ത്യൻ വിപണിയിൽ പെട്രോൾ, ഡീസൽ തുടങ്ങിയ പ്രധാന ഇന്ധനങ്ങളുടെ വിലയിൽ മാറ്റം വരുത്താൻ കമ്പനികൾ തയാറായിട്ടില്ല. ക്രൂഡോയിൽ വില ബാരലിന് 120 ഡോളർ വരെ ഉയർന്നിട്ടും നാണയപ്പെരുപ്പം നിയന്ത്രിക്കാനായി ആഭ്യന്തര ഇന്ധന വിലയിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ അനുവദിക്കാതിരുന്നതു മൂലമുള്ള നഷ്ടം നികത്താനാണു പൊതുമേഖലാ സ്ഥാപനങ്ങൾ ഇക്കാര്യത്തിൽ മൗനം പാലിച്ചത്. എന്നാൽ ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പ്രമുഖ എണ്ണക്കമ്പനികളെല്ലാം റെക്കോഡ് ലാഭം നേടിയ പശ്ചാത്തലത്തിൽ വിപണി ബന്ധിത വില നിയന്ത്രണ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്നു ധനകാര്യ വിദഗ്ധർ പറയുന്നു. രാജ്യം വീണ്ടും അതിരൂക്ഷമായ വിലക്കയറ്റ സാഹചര്യത്തിലേക്കു നീങ്ങുന്നതിനാൽ ഇന്ധന വില ഗണ്യമായി കുറയണമെന്നും അവർ കൂട്ടിച്ചേർക്കുന്നു.
ഇന്നലെ രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ബാരലിന് രണ്ട് ഡോളറിന് അടുത്താണു കുറഞ്ഞത്. സിംഗപ്പൂർ അവധി വ്യാപാരത്തിൽ ബ്രെന്റ് ക്രൂഡിന്റെ വില ബാരലിന് ഇന്നലെ 1.91 ഡോളർ കുറഞ്ഞ് 72.58 ഡോളറായി. കഴിഞ്ഞ രണ്ട് ആഴ്ചയായി ക്രൂഡോയിൽ വില തുടർച്ചയായി താഴേക്കു നീങ്ങുകയാണ്. വിലയിടിവ് പിടിച്ചു നിർത്താനായി സൗദി അറേബ്യ പ്രതിദിന ഉത്പാദനത്തിൽ ഗണ്യമായ കുറവ് വരുത്തിയെങ്കിലും വിപണിയിൽ കാര്യമായ ചലനമുണ്ടായില്ല. ചൈനയിലെ സാമ്പത്തിക മേഖല പ്രതീക്ഷിച്ചതിലും വലിയ തളർച്ചയിലേക്കു നീങ്ങുകയാണെന്ന ആശങ്കകളും റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വിൽപ്പനയിലുണ്ടായ വർധനയുമാണ് എണ്ണ വിപണിയിൽ സമ്മർദം വർധിപ്പിക്കുന്നത്. നാളെ നടക്കുന്ന അമെരിക്കൻ ഫെഡറൽ റിസർവിന്റെ ധന അവലോകന നയത്തിൽ മുഖ്യ പലിശ വീണ്ടും വർധിപ്പിക്കുമോയെന്നാണ് ലോകമെമ്പാടുമുള്ള നിക്ഷേപകർ ഉറ്റുനോക്കുന്നത്. നാണയപ്പെരുപ്പ ഭീഷണി അതിശക്തമായി തുടരുന്നുവെങ്കിലും തത്കാലത്തേക്കു പലിശ വർധന സർക്കിൾ മരവിപ്പിക്കാൻ ഇടയുണ്ടെന്നു ധനകാര്യ വിപണിയിലുള്ളവർ പറയുന്നു.
അതേസമയം വിപണി വീണ്ടും വിലക്കയറ്റ മോഡിലേക്ക് നീങ്ങുന്നതിനാൽ ഇന്ധന വില കുറയ്ക്കാൻ കേന്ദ്ര സർക്കാർ പൊതുമേഖലാ എണ്ണ കമ്പനികളോട് ആവശ്യപ്പെട്ടേക്കും. രാജ്യാന്തര വിപണിയിൽ ക്രൂഡോയിൽ വില ഗണ്യമായി ഉയർന്നതിനെ തുടർന്ന് രണ്ടു തവണ കേന്ദ്ര സർക്കാർ പെട്രോൾ, ഡീസൽ എന്നിവയുടെ എക്സൈസ് തീരുവ കുറച്ച് കമ്പനികൾക്ക് ആശ്വാസം പകർന്നിരുന്നു. എന്നാൽ നിലവിൽ നികുതി ഉപേക്ഷിക്കാൻ പറ്റുന്ന സാഹചര്യമല്ലെന്നു ധനമന്ത്രാലയ വൃത്തങ്ങൾ പറയുന്നു. അതേസമയം നാണയപ്പെരുപ്പം വീണ്ടും അപകടകരമായി ഉയർന്നാൽ പലിശ വർധനയെന്ന ആയുധം സാമ്പത്തിക വളർച്ചയെ പ്രതികൂലമായി ബാധിക്കുമെന്ന മുന്നറിയിപ്പ് റിസർവ് ബാങ്കും നൽകുന്നുണ്ട്. അതിനാൽ വരും ദിവസങ്ങളിൽ പെട്രോൾ, ഡീസൽ എന്നിവയുടെ വിലയിൽ ഗണ്യമായ കുറവ് വരുത്താൻ പൊതുമേഖലാ എണ്ണ കമ്പനികൾ നിർബന്ധിതരായേക്കും.