ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയോടെ മുന്നേറ്റം തുടരുന്നതിനാല്‍ പൊതുമേഖലാ കമ്പനികള്‍ ലാഭവിഹിതമായി കേന്ദ്ര സര്‍ക്കാരിലേക്ക് നല്കുന്ന തുകയില്‍ റെക്കോഡ് വർധന. നടപ്പു സാമ്പത്തിക വര്‍ഷം പൊതുമേഖലാ കമ്പനികള്‍ ലാഭവിഹിതമായി 60,000 കോടി രൂപ സര്‍ക്കാരിന് കൈമാറുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആദ്യ ഒന്‍പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ ഇതുവരെ 43,800 കോടി രൂപയാണ് വിവിധ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ ചേര്‍ന്ന് സര്‍ക്കാരിന് നല്‍കിയിട്ടുള്ളത്. നടപ്പുവര്‍ഷം ലാഭവിഹിത ഇനത്തില്‍ കേന്ദ്രസര്‍ക്കാര്‍ 43,000 കോടി രൂപയുടെ വരുമാനമാണ് ലക്ഷ്യമിട്ടിരുന്നത്. ഡിസംബര്‍ എത്തുന്നതിന് മുമ്പ് ലക്ഷ്യം കൈവരിച്ചതിനാല്‍ നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ലാഭവിഹിതമായി 18,000 കോടി രൂപ അധികമായി ലഭിക്കുമെന്നാണ് ധനമന്ത്രാലയത്തിന്റെ പ്രതീക്ഷ. മുന്‍വര്‍ഷം ഇതേകാലയളവിനേക്കാള്‍ 26% വർധനയാണ് ലാഭവിഹിതത്തിലുണ്ടായത്. റിസര്‍വ് ബാങ്ക്, ബാങ്കുകള്‍, മറ്റ് ധനസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള വരുമാനം പരിഗണിച്ചാല്‍ ലാഭവിഹിത ഇനത്തില്‍ 80,000 കോടി രൂപയ്ക്കടുത്ത് നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര സര്‍ക്കാരിന് ലഭിക്കാനിടയുണ്ട്.
ഡിസംബറില്‍ കോള്‍ ഇന്ത്യയില്‍ നിന്നും 5,933 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന് ലാഭവിഹിതം ലഭിച്ചത്. ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗ്യാസ് കോര്പ്പറേഷന് 4,260 കോടി രൂപയും ബിപിസിഎല്‍ 2,413 കോടി രൂപയും ലാഭവിഹിതം ലഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്പ്പറേഷന് 3,616 കോടി രൂപയാണ് ലാഭവിഹിതം നല്‍കിയത്. പവര്‍ഗ്രിഡ് കോര്‍പ്പറേഷനില്‍ നിന്നും 1,910 കോടി രൂപയാണ് ലഭിച്ചത്.
നടപ്പു സാമ്പത്തിക വര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ഓഹരി വിൽപ്പനയിലൂടെ സമാഹരിക്കാന്‍ ലക്ഷ്യമിട്ട തുക കൈവരിക്കാന്‍ വിഷമിക്കുന്ന കേന്ദ്രസര്‍ക്കാരിന് പൊതുമേഖലാ കമ്പനികളില്‍ നിന്നുള്ള ലാഭവിഹിതം ഗണ്യമായി വർധിച്ചത് ഏറെ ആശ്വാസം പകരും. പൊതുമേഖലാ കമ്പനികളുടെ ഓഹരി വിൽപ്പനയിലൂടെ നടപ്പു സാമ്പത്തിക വര്‍ഷം 51,000 കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ ഇത്തവണ ഈ ഇനത്തില്‍ 30,000 കോടി രൂപ പോലും സമാഹരിക്കാന്‍ കഴിയില്ലെന്നാണ് വിലയിരുത്തുന്നത്.