പലിശ കുറയും ??

കഴിഞ്ഞ ദിവസം ബാങ്ക് ഒഫ് ഇംഗ്ലണ്ട് പലിശ കുറച്ചിരുന്നു
reserve Bank likely to slash interest rates
പലിശ കുറയും ??
Updated on

കൊച്ചി: നാണയപ്പെരുപ്പം കുറയുന്നതും സാമ്പത്തിക മേഖലയിലെ തളര്‍ച്ചയും കണക്കിലെടുത്ത് ഒക്റ്റോബര്‍ ഒന്‍പതിന് നടക്കുന്ന ധന അവലോകന യോഗത്തില്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറച്ചേക്കും.

അമെരിക്കയിലെ ഫെഡറല്‍ റിസര്‍വും യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും അടുത്ത മാസം പലിശ നിരക്കില്‍ കുറവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം ബാങ്ക് ഒഫ് ഇംഗ്ലണ്ട് പലിശ കുറച്ചിരുന്നു. ഇതിന്‍റെ ചുവടുപിടിച്ച് റിസര്‍വ് ബാങ്ക് പലിശയില്‍ കാല്‍ ശതമാനം കുറവ് പ്രഖ്യാപിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജൂലൈയില്‍ നാണയപ്പെരുപ്പം അഞ്ച് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 3.5 ശതമാനത്തിലെത്തിയിരുന്നു.

ഇതിനിടെ റിസര്‍വ് ബാങ്ക് നയ സമിതിയിലെ ബാഹ്യ അംഗങ്ങളുടെ കാലാവധി അടുത്ത മാസം നാലിന് അവസാനിക്കുകയാണ്. അതിനാല്‍ ഒക്റ്റോബര്‍ ഒന്‍പതിന് നടക്കുന്ന അടുത്ത അവലോകന സമിതി യോഗത്തിന് മുന്നോടിയായി പുതിയ മൂന്ന് അംഗങ്ങളെ കണ്ടെത്താനാണ് റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ശ്രമം തുടങ്ങിയത്. റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസിന്‍റെ അധ്യക്ഷതയിലുള്ള സമിതിയില്‍ മൂന്ന് സ്വതന്ത്ര ബാഹ്യ അംഗങ്ങള്‍ ഉള്‍പ്പെടെ ആറ് പേരാണുള്ളത്. മലയാളിയായ ജയന്ത് വര്‍മ്, ആഷിമ ഗോയല്‍, ശശാങ്ക ഫിഡേ എന്നിവരാണ് നിലവില്‍ സ്വതന്ത്ര അംഗങ്ങള്‍.

ഉപഭോക്തൃ വില സൂചിക അടിസ്ഥാനമായ നാണയപ്പെരുപ്പം തുടര്‍ച്ചയായി താഴുന്നതിനാല്‍ മുഖ്യ പലിശ നിരക്കായ റിപ്പോ അര ശതമാനം കുറയ്ക്കുന്നതിന് അനുകൂല സാഹചര്യമാണെന്ന് റിസര്‍വ് ബാങ്ക് ധന രൂപീകരണ സമിതി അംഗവും മലയാളിയുമായ ജയന്ത് വര്‍മ പറയുന്നു. ഓഗസ്റ്റിലെ ധനനയ യോഗത്തില്‍ പലിശ നിരക്ക് കാല്‍ ശതമാനം കുറയ്ക്കണമെന്ന നിലപാട് അദ്ദേഹം സ്വീകരിച്ചിരുന്നു. സാമ്പത്തിക വളര്‍ച്ച കുറയുന്നതിന്‍റെ എല്ലാ സൂചനകളും വിപണിയില്‍ ദൃശ്യമാണെന്നും അദ്ദേഹം പറയുന്നു.

കയറ്റുമതി ഇടിവും വ്യാവസായിക ഉത്പാദന മേഖലയിലെ തളര്‍ച്ചയും നാണയപ്പെരുപ്പം കുറയുന്നതും പലിശ കുറയുന്നതിന് അനുകൂല സാഹചര്യമാണ് സൃഷ്ടിക്കുന്നത്. നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദ്യ ത്രൈമാസക്കാലയളവില്‍ ഇന്ത്യയുടെ ജിഡിപി വളര്‍ച്ച 6.5 ശതമാനമായി കുറയുമെന്നാണ് ധനകാര്യ വിദഗ്ധര്‍ പറയുന്നത്. അതിനാല്‍ അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ഒരു ശതമാനം വരെ പലിശ കുറയാനാണ് സാധ്യത.

Trending

No stories found.

Latest News

No stories found.