#ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയിലേക്ക് നീങ്ങുന്നതിനാല്‍ രാജ്യത്തെ റീട്ടെയ്ൽ വ്യാപാര മേഖല വന്‍ മുന്നേറ്റം കാഴ്ചവെക്കുന്നു. അസംഘടിത ചെറുകിട വ്യാപാരികളുടെ വിപണി വിഹിതം ഗണ്യമായി കുറച്ച് വന്‍കിട കോര്‍പ്പറേറ്റ് റീട്ടെയ്ല്‍ ശൃംഖലകള്‍ ഈ മേഖലയില്‍ പിടിമുറുക്കുകയാണ്.
ലോകത്തിലെ ഏറ്റവും മികച്ച വളര്‍ച്ചാ നിരക്കാണ് ഇന്ത്യന്‍ റീട്ടെയ്ൽ വ്യാപാര വിപണിയില്‍ ദൃശ്യമാകുന്നതെന്ന് ഈ രംഗത്തെ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ഗ്രൂപ്പുകളെല്ലാം റീട്ടെയ്ൽ വിപണിയില്‍ ശ്രദ്ധ പതിപ്പിച്ചതോടെ വന്‍കിട നഗരങ്ങള്‍ക്കൊപ്പം ചെറു പട്ടണങ്ങളില്‍ വരെ വലിയ റീട്ടെയ്ല്‍ വ്യാപാര ശൃംഖലകള്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. ഇന്ത്യന്‍ റീട്ടെയ്ല്‍ വ്യാപാര വിപണിയുടെ വലുപ്പം 2031ല്‍ രണ്ടു ലക്ഷം കോടി ഡോളര്‍ കവിയുമെന്ന് റിലയന്‍സ് റീട്ടെയ്ലിന്റെ ഡയറക്റ്റര്‍ വി. സുബ്രഹ്മണ്യം പറയുന്നു.
നിലവില്‍ രാജ്യത്തെ മൊത്തം വ്യാപാരത്തിന്റെ 83 ശതമാനവും അസംഘടിതരായ വ്യക്തിഗത കച്ചവടക്കാരുടെ കൈവശമാണ്. എന്നാല്‍ കഴിഞ്ഞ നാലു വര്‍ഷമായി തുടര്‍ച്ചയായി വന്‍കിട റീട്ടെയ്ല്‍ കമ്പനികള്‍ വിപണി വിഹിതം മെച്ചപ്പെടുത്തുകയാണ്. പുതിയ സാങ്കേതിക വിദ്യകളുടെ വരവും വന്‍കിട കമ്പനികളുടെ പണക്കരുത്തില്‍ സംഘടിത റീട്ടെയ്ൽ ശൃംഖലകള്‍ രാജ്യമൊട്ടാകെ വ്യാപകമായി ഷോപ്പുകള്‍ ആരംഭിച്ചതും ഈ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിക്കുകയാണ്.
എഫ്എംസിജി ഉത്പന്നങ്ങള്‍, ബ്രാന്‍ഡഡ് തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍, മൊബൈല്‍ ഫോണുകള്‍, കംപ്യൂട്ടറുകള്‍ തുടങ്ങിയവയുടെ റീട്ടെയ്ൽ വ്യാപാരത്തില്‍ രാജ്യത്തെ മുന്‍നിര കോര്‍പ്പറേറ്റ് ഗ്രൂപ്പുകളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടാറ്റ സണ്‍സ്, ആദിത്യ ബിര്‍ള തുടങ്ങിയവരെയെല്ലാം വന്‍ നിക്ഷേപമാണ് ഒഴുക്കുന്നത്. ഇവരോടൊപ്പം ആഗോള റീട്ടെയ്ൽ ശൃംഖലകളായ ആമസോണും വാള്‍മാര്‍ട്ടുമെല്ലാം ചേര്‍ന്ന് ഗ്രാമപ്രദേശങ്ങളില്‍ പോലും സ്റ്റോറുകള്‍ തുറക്കുന്നതിനാല്‍ അസംഘടിത വ്യാപാരികളുടെ വിപണി വിഹിതം തുടര്‍ച്ചയായി താഴുകയാണെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിലവില്‍ രാജ്യത്തെ സംഘടിത റീട്ടെയ്ല്‍ വ്യാപാരികളുടെ വിപണി 84, 400 കോടി ഡോളറാണ്. പ്രതിവര്‍ഷം പത്ത് ശതമാനം വളര്‍ച്ചയാണ് ശരാശരി കഴിഞ്ഞ വര്‍ഷങ്ങളില്‍ വന്‍കിട റീട്ടെയ്ൽ മേഖല കൈവരിച്ചത്.
അതേസമയം അടിസ്ഥാന സൗകര്യങ്ങളുടെ അഭാവവും പുതിയ സാങ്കേതിക വിദ്യകളിലേക്ക് മാറാനുള്ള മടിയും മൂലം അസംഘടിത വ്യക്തിഗത വ്യാപാരികളേറെയും സാവധാനം ഈ രംഗത്ത് നിന്ന് പിന്മാറുകയാണെന്ന് റീട്ടെയ്ൽ വിപണി അനലിസ്റ്റായ സെബാസ്റ്റ്യന്‍ തോമസ് പറയുന്നു. ഉത്പന്നങ്ങള്‍ നേരിട്ട് ഉത്പാദകരില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന പണക്കരുത്തും ഉയര്‍ന്ന പര്‍ച്ചേസിങ് ശേഷിയും വന്‍കിട റീട്ടെയ്ലേഴ്സിന്റെ മത്സര ശേഷി ഉയര്‍ത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലൈസൻസിങ് നിയമങ്ങളിലെ സങ്കീര്‍ണതയും സിംഗിള്‍ ഔട്ട്ലെറ്റുകള് മാനെജ് ചെയ്യുന്നതിന് വലിയ വെല്ലുവിളികള്‍ സൃഷ്ടിക്കുന്നു. പുതിയ സാഹചര്യത്തില്‍ ഒരു ചെറിയ ഷോപ്പ് നടത്തുന്നതിന് പോലും പല വകുപ്പുകളുടെ അനുമതി പത്രം വാങ്ങിയാല്‍ മാത്രമേ ലൈസന്‍സ് ലഭിക്കൂവെന്ന സ്ഥിതിയാണെന്നും ഈ രംഗത്തുള്ളവര്‍ പറയുന്നു.