#ബിസിനസ് ലേഖകൻ
കൊച്ചി: ഭക്ഷ്യ ഉത്പന്നങ്ങളുടെ കനത്ത വിലക്കയറ്റത്തെ തുടർന്ന് നവംബറില്‍ ഉപഭോക്തൃ വില സൂചിക അധിഷ്ഠിതമായ നാണയപ്പെരുപ്പം 5.5 ശതമാനമായി കുത്തനെ ഉയര്‍ന്നു. ഒക്റ്റോബറില്‍ നാണയപ്പെരുപ്പം 4.8 ശതമാനമായിരുന്നു. നടപ്പു സാമ്പത്തിക വര്‍ഷം നാണയപ്പെരുപ്പം രണ്ട് മുതല്‍ ആറ് ശതമാനം വരെ നിലനിർത്താനാകുമെന്നാണ് കഴിഞ്ഞ ധന അവലോകന നയത്തില്‍ റിസര്‍വ് ബാങ്ക് വിലയിരുത്തിയിരുന്നത്. മുന്‍മാസത്തേക്കാള്‍ നാണയപ്പെരുപ്പത്തില്‍ 0.54 ശതമാനം വർധനയുണ്ട്.
ഭക്ഷ്യ ഉത്പന്നങ്ങളിലെ നാണയപ്പെരുപ്പം നവംബറില്‍ 8.74 ശതമാനമായി ഉയര്‍ന്നു. ഗ്രാമീണ മേഖലയിലെ വിലക്കയറ്റത്തോത് കഴിഞ്ഞ മാസം 5.85 ശതമാനമായി ഉയര്‍ന്നു. പച്ചക്കറികളുടെ വിലയില്‍ അവലോകന കാലയളവില്‍ 17.7 ശതമാനം വർധനയുണ്ടായി. അതേസമയം രാജ്യാന്തര വിപണിയില്‍ ക്രൂഡ് വില കുറയുന്നതിനാല്‍ ഇന്ധന വില സൂചിക 0.77 ശതമാനം താഴ്ന്നു. റിസര്‍വ് ബാങ്കിന്റെയും കേന്ദ്ര സര്‍ക്കാരിന്റെയും ശക്തമായ വിപണി ഇടപെടലുകള്‍ വലിയ തോതില്‍ ഫലം ചെയ്യുന്നുവെന്നാണ് കാതലായ നാണയപ്പെരുപ്പ സൂചിക വ്യക്തമാക്കുന്നത്.
നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം മേയ് മാസത്തിനു ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5% വർധിപ്പിച്ചിരുന്നു. എന്നാല്‍ നാണയപ്പെരുപ്പം സ്ഥിരതയിലായതോടെ ഈ വര്‍ഷം ഫെബ്രുവരിക്ക് ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് 6.5 ശതമാനമായി നിലനിർത്തുകയാണ്. വ്യാവസായിക, കണ്‍സ്യൂമര്‍ ഉത്പന്നങ്ങളുടെ വിലക്കയറ്റ ഭീഷണി ഗണ്യമായി കുറഞ്ഞെങ്കിലും കാലാവസ്ഥാ വ്യതിയാനവും സപ്ലൈ പ്രശ്നങ്ങളും കാരണം ഭക്ഷ്യ ഉത്പന്നങ്ങളുടെ വില വീണ്ടും കുതിച്ചുയരുന്നതാണ് റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും തലവേദന സൃഷ്ടിക്കുന്നത്.
അരി, ഗോതമ്പ്, പഞ്ചസാര, ഉള്ളി, പച്ചക്കറികള്‍ എന്നിവയുടെ വില കഴിഞ്ഞ രണ്ട് മാസമായി അപകടകരമായി മുകളിലേക്ക് നീങ്ങുകയാണ്. വിലക്കയറ്റം നിയന്ത്രിക്കാനുള്ള നടപടികളുടെ ഭാഗമായി ഈ ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് കേന്ദ്ര ഉപഭോക്തൃകാര്യ മന്ത്രാലയം ശക്തമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇതോടൊപ്പം പഞ്ചസാര വില പിടിച്ചുനിർത്താൻ കരിമ്പ് ജ്യൂസ്, സിറപ്പ് എന്നിവയില്‍ നിന്നും എത്തനോള്‍ ഉത്പാദിപ്പിക്കുന്നതിനും നിരോധനം ഏര്‍പ്പെടുത്തി.