ബിസിനസ് ലേഖകൻ
കൊച്ചി: വിദേശ ഫണ്ടുകളുടെയും ആഭ്യന്തര നിക്ഷേപകരുടെയും മികച്ച വാങ്ങല്‍ താത്പര്യത്തില്‍ ഇന്ത്യന്‍ ഓഹരി വിപണി പുതിയ ഉയരങ്ങള്‍ കീഴടക്കി കുതിപ്പ് തുടരുന്നു. ഇന്നലെ ബാങ്കിങ്, ഇന്ധന മേഖലകളിലുണ്ടായ മുന്നേറ്റമാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്. ആവേശത്തോടെ നിക്ഷേപകര്‍ ഓഹരികള്‍ വാങ്ങിയതോടെ സെന്‍സെക്സ് 431.02 പോയിന്റ് ഉയര്‍ന്ന് 69.296.14ലെത്തി. ദേശീയ സൂചികയായ നിഫ്റ്റി 168.50 പോയിന്റ് ഉയര്‍ന്ന് 20,855.30ല്‍ വ്യാപാരം പൂര്‍ത്തിയാക്കി.
തുടര്‍ച്ചയായ ആറാം ദിവസമാണ് ഇന്ത്യന്‍ ഓഹരികള്‍ മുന്നേറ്റം തുടരുന്നത്. എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്ത കമ്പനികളില്‍ നിക്ഷേപിച്ചവരുടെ ആസ്തിയില്‍ ഇന്നലെ 2.8 ലക്ഷം കോടി രൂപയുടെ വര്‍ദ്ധനയുണ്ടായി. ഹിൻഡന്‍ബെര്‍ഗ് റിപ്പോര്‍ട്ടില്‍ വസ്തുതാപരമായ പ്രശ്നങ്ങളുണ്ടെന്ന അമെരിക്കന്‍ ധനകാര്യ ഏഝന്സിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരി വിലയില്‍ ഇന്നലെ മികച്ച മുന്നേറ്റമുണ്ടായി.
വിദേശ നിക്ഷേപ സ്ഥാപനങ്ങളില്‍ നിന്നുള്ള വന്‍ പണമൊഴുക്കാണ് വിപണിക്ക് കരുത്ത് പകര്‍ന്നത്. ഡിസംബറില്‍ ഇതുവരെ വിദേശ ഫണ്ടുകള്‍ 16,000 കോടി രൂപയുടെ നിക്ഷേപമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നടത്തിയത്. അമെരിക്കയും യൂറോപ്പും അടക്കമുള്ള പ്രമുഖ സാമ്പത്തിക മേഖലകളെല്ലാം കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങുമ്പോഴാണ് ഇന്ത്യന്‍ ഓഹരികള്‍ അസാധാരണമായ മുന്നേറ്റം കാഴ്ചവെക്കുന്നത്. ഉത്പാദന മേഖലയിലെ വെല്ലുവിളികളും ഉയര്‍ന്ന പലിശ നിരക്കും വിലക്കയറ്റ ഭീഷണിയും മറികടന്ന് ഇന്ത്യന്‍ കമ്പനികള്‍ മികച്ച പ്രകടനം തുടരുന്നതിനാലാണ് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ വന്‍തോതില്‍ ഇന്ത്യയിലേക്ക് പണമൊഴുക്കുന്നതെന്ന് അനലിസ്റ്റുകള്‍ പറയുന്നു.
ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ഏറെ കരുത്താര്‍ജിച്ചതോടെ കഴിഞ്ഞ വര്‍ഷം വിദേശ ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഇന്ത്യയില്‍ നിന്നും വലിയ തോതില്‍ പണം പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ വര്‍ഷം ജനുവരിക്ക് ശേഷം ഈ ട്രെന്‍ഡില്‍ മാറ്റമുണ്ടായി. നടപ്പുവര്‍ഷം ഇതുവരെ വിദേശ ധനകാര്യ സ്ഥാപനങ്ങള്ഒരു ലക്ഷം കോടി രൂപയിലധികമാണ് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിക്ഷേപിച്ചത്. കഴിഞ്ഞ 15 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന വിദേശ നിക്ഷേപമാണിത്. ഇപ്പോഴത്തെ ട്രെന്‍ഡ് തുടര്‍ന്നാല്‍ ബോംബെ ഓഹരി സൂചികയും ദേശീയ ഓഹരി സൂചികയും പുതിയ റെക്കോഡുകള്‍ കീഴടക്കി മുന്നോട്ടു നീങ്ങുമെന്നും ബ്രോക്കര്‍മാര്‍ പറയുന്നു.
ബാങ്കിങ്, ഐടി, ഓട്ടൊ, കണ്‍സ്യൂമര്‍ ഗുഡ്സ് തുടങ്ങിയ മേഖലകളിലെ ഓഹരികളിലാണ് വിദേശ നിക്ഷേപം കൂടുതലായെത്തിയത്. ചരക്ക് സേവന നികുതി സമാഹരണം, വ്യാവസായിക ഉത്പാദന കണക്കുകള്‍, ചൈനയിലെ പ്രതിസന്ധികള്‍ തുടങ്ങിയ ഘടകങ്ങള്‍ കണക്കിലെടുത്താകും വരും ദിവസങ്ങളില്‍ ഓഹരി വിപണി ചലിക്കുകയെന്നും വിദഗ്ധര്‍ പറയുന്നു.