ചരിത്രത്തിലാദ്യമായി റെക്കോർഡ് നിക്ഷേപം രേഖപ്പെടുത്തി എസ്ഐപി

ഇന്ത്യന്‍ ഓഹരി വിപണി കടുത്ത അനിശ്ചിതത്വത്തിലൂടെ നീങ്ങുമ്പോഴും റീട്ടെയ്‌ല്‍ നിക്ഷേപകര്‍ വലിയ ആവേശത്തോടെയാണ് നീങ്ങുന്നത്.
SIP on record for the first time in history 25,000 crore investment
ചരിത്രത്തിലാദ്യമായി റെക്കോർഡ് നിക്ഷേപം രേഖപ്പെടുത്തി എസ്ഐപി
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്‍റ് പ്ലാനുകളിലൂടെ (എസ്ഐപി) മ്യൂച്വല്‍ ഫണ്ടുകളിലെത്തുന്ന നിക്ഷേപം ചരിത്രത്തിലാദ്യമായി റെക്കോഡിൽ. ഒക്റ്റോബറില്‍ 25,000 കോടി രൂപയാണ് നിക്ഷേപമായെത്തിയത്. ഇന്ത്യന്‍ ഓഹരി വിപണി കടുത്ത അനിശ്ചിതത്വത്തിലൂടെ നീങ്ങുമ്പോഴും റീട്ടെയ്‌ല്‍ നിക്ഷേപകര്‍ വലിയ ആവേശത്തോടെയാണ് നീങ്ങുന്നത്.

അസോസിയേഷന്‍ ഒഫ് മ്യൂച്വല്‍ ഫണ്ട്സ് ഒഫ് ഇന്ത്യയുടെ (എഎംഎഫ്ഐ) കണക്കുകളനുസരിച്ച് ഒക്റ്റബറില്‍ എസ്ഐപി നിക്ഷേപം 25,322.74 കോടി രൂപയാണ്. സെപ്റ്റംബറിലിത് 24,509 കോടി രൂപയായിരുന്നു. എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം 10.12 കോടിയായും കഴിഞ്ഞ മാസം ഉയര്‍ന്നു. ഒക്റ്റോബറില്‍ 24.19 ലക്ഷം എസ്ഐപി അക്കൗണ്ടുകളാണ് തുറന്നത്. വിവിധ എസ്ഐപികളുടെ കൈവശമുള്ള ആസ്തി സെപ്റ്റംബറില്‍ 13.30 ലക്ഷം കോടി രൂപയായി ഉയര്‍ന്നു.

രാജ്യത്തെ ഓഹരി വിപണി കൊവിഡിന് ശേഷം ചരിത്ര മുന്നേറ്റം നടത്തിയതോടെയാണ് ചെറുകിട നിക്ഷേപകര്‍ എസ്ഐപികള്‍ വഴിയുള്ള പണമൊഴുക്കിന് വേഗത വർധിപ്പിച്ചത്. മൂന്ന് വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണിയില്‍ 200 ശതമാനത്തിലധികം വളര്‍ച്ചയാണുണ്ടായത്. 2016 ഏപ്രിലില്‍ എസ്ഐപി നിക്ഷേപമായി 3,122 കോടി രൂപ മാത്രമാണ് ലഭിച്ചിരുന്നത്. 2020 മാര്‍ച്ചില്‍ എസ്ഐപി നിക്ഷേപം 8,500 കോടി രൂപയായി ഉയര്‍ന്നു. 2021 സെപ്റ്റംബറില്‍ എസ്ഐപി നിക്ഷേപം 10,000 കോടി രൂപയും 2024 ഏപ്രിലില്‍ 20,000 കോടി രൂപയായും ഉയര്‍ന്നു.

ഒക്റ്റോബറില്‍ ആഭ്യന്തര നിക്ഷേപകര്‍ വിവിധ മ്യൂച്വല്‍ ഫണ്ടുകളിലൂടെ 41,887 കോടി രൂപയാണ് ഇന്ത്യന്‍ ഓഹരി വിപണിയിലെത്തിച്ചത്. സെപ്റ്റംബറിനേക്കാള്‍ 21% വർധനയാണ് നിക്ഷേപത്തിലുണ്ടായത്. ഓഹരി അധിഷ്ഠിത ഫണ്ടുകളിലേക്കുള്ള നിക്ഷേപ വളര്‍ച്ച 44 മാസമായി തുടരുകയാണ്. ഓരോ മാസവും പുതിയ നിക്ഷേപകര്‍ രംഗത്തെത്തുന്നതിനാല്‍ ഏതൊരു കൊടുങ്കാറ്റും നേരിടാന്‍ ഇന്ത്യന്‍ ഓഹരി വിപണിക്ക് ശക്തി ലഭിക്കുകയാണ്. ഒക്റ്റോബറില്‍ വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ 92,000 കോടി രൂപ പിന്‍വലിച്ചിട്ടും ഇന്ത്യന്‍ ഓഹരി വിപണി കനത്ത തകര്‍ച്ച നേരിടാതിരുന്നത് ആഭ്യന്തര നിക്ഷേപകരുടെ പണമൊഴുക്കിന്‍റെ കരുത്തിലാണ്. ഓഹരി സൂചികകള്‍ ആറ് ശതമാനത്തിലധികം ഇടിവ് നേരിടുമ്പോഴും മ്യൂച്വല്‍ ഫണ്ടുകളിലേക്കുള്ള പണമൊഴുക്കിലെ വർധന പ്രതീക്ഷ നല്‍കുന്നതാണെന്ന് അനലിസ്റ്റുകള്‍ പറയുന്നു.

Trending

No stories found.

Latest News

No stories found.