ഡോളര്‍ ആശങ്കയില്‍ ചെറുകിട നിക്ഷേപകര്‍

വിദേശ നിക്ഷേപ സ്ഥാപനങ്ങളും അതിസമ്പന്നരും ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുന്നു
ഡോളര്‍ ആശങ്കയില്‍ ചെറുകിട നിക്ഷേപകര്‍
Updated on

കൊച്ചി: ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ അസാധാരണമായി ശക്തിയാര്‍ജിക്കുന്നതിനാല്‍ നിക്ഷേപകര്‍ക്ക് ചങ്കിടിപ്പേറുന്നു.

നാണയപ്പെരുപ്പം നിയന്ത്രണ വിധേയമാകാതെ തുടരുന്നതിനാല്‍ മുഖ്യ പലിശ നിരക്കുകള്‍ വീണ്ടും ഉയര്‍ത്തേണ്ടി വരുമെന്ന സൂചന ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോം പവ്വല്‍ നല്‍കിയതാണ് ആഗോള വ്യാപകമായി വിപണികളില്‍ കനത്ത തിരിച്ചടി സൃഷ്ടിച്ചത്. ഇതിന്‍റെ ചുവടുപിടിച്ച് ഇന്ത്യയിലും ഓഹരി വിപണി കനത്ത വില്‍പ്പന സമ്മർദം നേരിട്ടു. ഡോളറിന്‍റെ മൂല്യവർധനയും ബോണ്ട് വരുമാനത്തിലെ ഗണ്യമായ വർധനയും കാരണം വിദേശ നിക്ഷേപ സ്ഥാപനങ്ങളും അതിസമ്പന്നരും ഇന്ത്യയുള്‍പ്പെടെയുള്ള വിപണികളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുകയാണ്.

രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില വീണ്ടും കൂടാനുള്ള സാധ്യതകളും ഓഹരികള്‍ക്ക് സമ്മർദം സൃഷ്ടിച്ചു. ഡോളറിന്‍റെ അസാധാരണമായ മൂല്യവർധന അമെരിക്കയുടെ കയറ്റുമതി വിപണിയിലെ മത്സരക്ഷമതയെ പ്രതികൂലമായി ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്. ഇന്നലെ ഇന്ത്യയിലെ പ്രധാന ഓഹരി സൂചികയായ സെന്‍സെക്സ് 316 പോയിന്‍റ് നഷ്ടത്തോടെ 65,512ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ദേശീയ സൂചിക 110 പോയിന്‍റ് ഇടിഞ്ഞ് 19529ല്‍ അവസാനിച്ചു. ഏഷ്യയിലെയും യൂറോപ്പിലെയും മറ്റു പ്രധാന ഓഹരി സൂചികകളും ഇന്നലെ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. ധനകാര്യ, ഇന്ധന, വാഹന വിപണികളാണ് ഇന്നലത്തെ ഇടിവിന് നേതൃത്വം നല്‍കിയത്. സെപ്റ്റംബറിലെ വാഹന വില്‍പ്പന കണക്കുകള്‍ നിരാശാജനകമാണെന്ന് നിക്ഷേപകര്‍ ചൂണ്ടിക്കാട്ടുന്നു.

അമെരിക്കയിലെയും യൂറോപ്പിലെയും കേന്ദ്ര ബാങ്കുകള്‍ വീണ്ടുമൊരു പലിശ വർധന സര്‍ക്കിളിലേക്ക് നീങ്ങിയാല്‍ ലോകമെമ്പാടുമുള്ള വിപണികള്‍ക്ക് പിടിച്ചു നില്‍ക്കാനാവില്ലെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. വന്‍കിട ഫണ്ടുകളേക്കാള്‍ ചെറുകിട, ഇടത്തരം നിക്ഷേപകരെയാണ് ഇപ്പോഴത്തെ പ്രതിസന്ധി ഏറെ ബാധിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വെള്ളിയാഴ്ച മാത്രം വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും 1700 കോടി രൂപയാണ് പിന്‍വലിച്ചത്. വരും ദിവസങ്ങളില്‍ വിദേശ നിക്ഷേപകരുടെ പിന്മാറ്റം കൂടുതല്‍ ശക്തിയാര്‍ജിക്കുമെന്ന് വിലയിരുത്തുന്നു.

കഴിഞ്ഞ നാലു ദിവസത്തിനിടെ ഇന്ത്യന്‍ ഓഹരികള്‍ കനത്ത വില്‍പ്പന സമ്മര്‍ദമാണ് നേരിട്ടത്. അമെരിക്കയും യൂറോപ്പും അടക്കമുള്ള സാമ്പത്തിക മേഖലകള്‍ രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുന്നതിനാല്‍ വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിക്കുന്നതാണ് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. നാണയപ്പെരുപ്പം നേരിടാനുള്ള നടപടികളുടെ ഭാഗമായി കേന്ദ്ര ബാങ്കുകള്‍ കഴിഞ്ഞ ഒന്നര വര്‍ഷമായി തുടര്‍ച്ചയായി പലിശ നിരക്ക് വര്‍ധിപ്പിച്ചതോടെ വാണിജ്യ ബാങ്കിങ് മേഖല വന്‍ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വിപണിയിലെ പണലഭ്യത കുറഞ്ഞതോടെ ലോകം മുഴുവന്‍ മറ്റൊരു വന്‍ മാന്ദ്യത്തിലേക്ക് കടക്കുകയാണെന്ന് ധനകാര്യ വിദഗ്ധര്‍ പറയുന്നു. ആഗോള മേഖലയിലെ അനിശ്ചിതത്വങ്ങള്‍ അവഗണിച്ചും കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ ഓഹരികളിലേക്ക് തുടര്‍ച്ചയായി പണമൊഴുക്കിയ ചെറുകിട നിക്ഷേപകര്‍ നിലവില്‍ വന്‍ നഷ്ടമാണ് നേരിടുന്നത്. ഓഹരി വിപണി കനത്ത തകര്‍ച്ചയിലേക്ക് നീങ്ങിയാല്‍ ചെറുകിട നിക്ഷേപകര്‍ വലിയ പ്രതിസന്ധിയിലാകുമെന്ന് കൊച്ചിയിലെ ഒരു പ്രമുഖ ബ്രോക്കിങ് സ്ഥാപനത്തിലെ ചീഫ് അനലിസ്റ്റ് പറയുന്നു.

Trending

No stories found.

Latest News

No stories found.