ബിസിനസ് ലേഖകൻ
കൊച്ചി: ആഗോള ബാങ്കിങ് രംഗത്ത് അനിശ്ചിതത്വം ശക്തമായതോടെ രാജ്യാന്തര ഫണ്ടിങ് സ്ഥാപനങ്ങള്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് മടിക്കുന്നതിനാല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ ബിസിനസ് വിപുലീകരണത്തിന് പണം സമാഹരിക്കാന്‍ പുതുവഴികള്‍ തേടുന്നു. കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പണം സമാഹരിക്കുന്നതിന് കാര്യമായ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിരുന്നില്ല. എന്നാല്‍ അമെരിക്കയും യൂറോപ്പും ഉള്‍പ്പെടെയുള്ള സാമ്പത്തിക മേഖലകള്‍ കടുത്ത മാന്ദ്യത്തിലേക്ക് നീങ്ങിയതോടെ ഫണ്ടിങ് വിപണി അതിരൂക്ഷമായ തിരിച്ചടിയാണ് നേരിടുന്നത്.
രാജ്യത്തെ മുന്‍നിര ഐടി സ്റ്റാര്‍ട്ടപ്പുകള്‍ ഉള്‍പ്പെടെ പുതിയ നിക്ഷേപം കണ്ടെത്താന്‍ ഏറെ വിഷമിക്കുകയാണ്. ലോകത്തിലെ പ്രമുഖ വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളും എയ്ഞ്ചല്‍ നിക്ഷേപകരും ഫണ്ടിങ് നടപടികളില്‍ മെല്ലെപ്പോക്ക് സമീപനമാണ് സ്വീകരിക്കുന്നതെന്ന് ഈ മേഖലയിലുള്ളവര്‍ പറയുന്നു. ലോകമെമ്പാടുമുള്ള സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ക്ക് വന്‍തോതില്‍ ഫണ്ട് ലഭ്യമാക്കിയിരുന്ന സിലിക്കണ്‍ വാലി ബാങ്കിന്റെ തകര്‍ച്ചയാണ് സാഹചര്യം വഷളാക്കുന്നത്. ഇന്ത്യ ഉള്‍പ്പെടെയുള്ള മേഖലകളിലെ നൂറ് കണക്കിന് സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്ക് വലിയ തോതില്‍ ഫണ്ട് ലഭ്യമാക്കിയിരുന്ന സിലിക്കണ്‍ വാലി ബാങ്കിനുണ്ടായ പ്രതിസന്ധി വെഞ്ച്വര്‍ ക്യാപിറ്റല്‍ ഫണ്ടുകളുടെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചു. അതിനാല്‍ മുന്‍നിര ടെക്ക് സ്റ്റാര്‍ട്ടപ്പുകളായ ബൈജൂസ്, നൈക്കിയ, സ്വിഗ്ഗി, സൊമാറ്റോ തുടങ്ങിയവരുടെ പ്രവര്‍ത്തനങ്ങളെ പോലും പ്രതികൂലമായി ബാധിക്കുകയാണ്. ഡിജിറ്റല്‍ വിപണിയില്‍ പ്രവര്‍ത്തിക്കുന്ന പല സ്റ്റാര്‍ട്ടപ്പ് കമ്പനികളും കച്ചവടത്തില്‍ നിന്നുള്ള വരുമാനത്തിലധികം ഫണ്ടിങ് പണത്തെ ആശ്രയിച്ചാണ് നിലനിന്നിരുന്നത്.
വെഞ്ച്വര്‍, എയ്ഞ്ചല്‍ ഫണ്ടിങ് രംഗം പ്രതിസന്ധിയിലായതോടെ പ്രാരംഭ ഓഹരി വില്‍പ്പന (ഐപിഒ) പോലുള്ള ബദല്‍ മാര്‍ഗങ്ങളുടെ സാധ്യത മുതലെടുക്കാന്‍ കമ്പനികള്‍ ശ്രമം നടത്തിയെങ്കിലും ആദ്യം സൃഷ്ടിച്ച ഹൈപ്പിന് അപ്പുറത്തേക്ക് പോകാന്‍ കഴിഞ്ഞില്ല. പ്രാരംഭ ഓഹരി വില്‍പ്പന വിപണിയില്‍ നിന്നും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ വലിയ തോതില്‍ പണം സമാഹരിച്ച കമ്പനികളില്‍ 90 ശതമാനവും നിക്ഷേപകര്‍ക്ക് വന്‍ നഷ്ടമാണ് സമ്മാനിച്ചത്. അതിനാല്‍ പുതിയ പ്രാരംഭ ഓഹരി വില്പ്പനകളില് നിക്ഷേപകരുടെ പങ്കാളിത്തം തുടര്‍ച്ചയായി കുറയുകയാണെന്ന് സ്റ്റോക്ക് ബ്രോക്കിങ് സ്ഥാപനങ്ങളിലുള്ളവര്‍ പറയുന്നു. പുതുതലമുറ സ്റ്റാര്‍ട്ടപ്പ് സംരംഭങ്ങളുടെ പ്രാഥമിക ഓഹരി വില്‍പ്പനയില്‍ പങ്കെടുത്ത 80 ശതമാനം നിക്ഷേപകര്‍ക്കും വന്‍ നഷ്ടമാണ് നേരിട്ടത്.
നടപ്പു വര്‍ഷത്തിലെ ആദ്യ രണ്ടു മാസത്തിനിടെ സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങളിലേക്കുള്ള വെഞ്ച്വര്‍ നിക്ഷേപമായി കേവലം 200 കോടി ഡോളര്‍ മാത്രമാണ് എത്തിയത്. മുന്‍വര്‍ഷത്തേക്കാള്‍ 80 ശതമാനം ഇടിവാണ് വെഞ്ച്വര്‍ നിക്ഷേപങ്ങളിലുണ്ടായത്. ഓഹരി നിക്ഷേപങ്ങളില്‍ തിരിച്ചടി നേരിട്ടതോടെ പരമാവധി ബാങ്ക് വായ്പകള്‍ നേടി പ്രവര്‍ത്തനം സജീവമായി മുന്നോട്ട് കൊണ്ടുപോകാനാണ് സ്റ്റാര്‍ട്ടപ്പ് സ്ഥാപനങ്ങള്‍ ലക്ഷ്യമിടുന്നത്. എന്നാല്‍ ഉയര്‍ന്ന പലിശ നിരക്കും വാണിജ്യ ബാങ്കുകളുടെ പരമ്പരാഗത നടപടിക്രമങ്ങളും ധന സമാഹരണത്തിന് കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു.