ആടിയുലഞ്ഞ് വിപണികൾ...

ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം എണ്ണ വിലയെ സ്വാധീനിച്ചത് അതേവേഗതയില്‍ രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു.
ആടിയുലഞ്ഞ് വിപണികൾ...
Updated on

പശ്ചിമേഷ്യ കൂടുതല്‍ സംഘര്‍ഷാവസ്ഥയിലേക്ക് നീങ്ങുമെന്ന ഭീതിയില്‍ ബാധ്യതകള്‍ വിറ്റുമാറാന്‍ വിദേശ ഇടപാടുകാര്‍ കാണിച്ച തിടുക്കം ഇന്ത്യന്‍ മാര്‍ക്കറ്റിനെ മാത്രമല്ല, ഏഷ്യയിലെ മുന്‍നിര ഓഹരി ഇന്‍ഡക്സുകളെ മെത്തത്തില്‍ പിടിച്ചുലച്ചു. പിന്നിട്ട വാരം ബോംബെ സൂചിക 1156 പോയിന്‍റും നിഫ്റ്റി 373 പോയിന്‍റും നഷ്ടത്തിലാണ്. ഇസ്രയേല്‍ ഇറാന്‍ സംഘര്‍ഷം എണ്ണ വിലയെ സ്വാധീനിച്ചത് അതേവേഗതയില്‍ രൂപയുടെ മൂല്യത്തിലും പ്രതിഫലിച്ചു.

ബോംബെ സൂചികയ്ക്ക് കഴിഞ്ഞ വാരം കനത്ത തകര്‍ച്ചയായിരുന്നു. 74,239ല്‍ നിന്നും 71,830ലേക്ക് സൂചിക ഇടിഞ്ഞെങ്കിലും വിപണി അതേവേഗതയില്‍ തിരിച്ചുകയറി. പശ്ചിമേഷ്യന്‍ സംഘര്‍ഷാസ്ഥയ്ക്ക് ഇടയിലും വ്യാപാരാന്ത്യം സൂചിക 73,088ലേക്ക് ഉയര്‍ന്നു. വിപണിയുടെ ലോങ് ടേം ട്രെൻഡ് ലൈന്‍ സപ്പോര്‍ട്ട് 70,130 റേഞ്ചിലാണ്. ഈ വാരം സൂചികയ്ക്ക് 71,978 - 70,868ല്‍ താങ്ങും 74,049-75,010 റേഞ്ചില്‍ പ്രതിരോധവുമുണ്ട്.

നിഫ്റ്റി വാരത്തിന്‍റെ ആദ്യപകുതിയില്‍ നേരിയ റേഞ്ചില്‍ ചാഞ്ചാടിയ ശേഷം 22,524 പോയിന്‍റിലേക്ക് ഉയര്‍ന്ന അവസരത്തില്‍ ഉടലെടുത്ത വില്‍പ്പന തരംഗത്തില്‍ വിപണി 21,777ലേക്ക് ഇടിഞ്ഞെങ്കിലും വ്യാപാരാന്ത്യം നിഫ്റ്റി 22,147 പോയിന്‍റിലാണ്. വിപണിയുടെ സാങ്കേതിക നീക്കങ്ങള്‍ കണക്കിലെടുത്താല്‍ 21,774ലെ സപ്പോര്‍ട്ട് നിലനില്‍ക്കുവോളം 22,521ലേക്കും തുടര്‍ന്ന് 22,896 പോയിന്‍റിലേക്കും തിരിച്ചുവരവിന് സാധ്യതയുണ്ട്. അതേസമയം ആദ്യ സപ്പോര്‍ട്ട് നഷ്ടപ്പെട്ടാല്‍ തിരുത്തല്‍ 21,400 വരെ തുടരാം.

നിഫ്റ്റി ഏപ്രില്‍ സീരീസ് വാരാന്ത്യം 22,275ലാണ്, വ്യാഴാഴ്ച്ചയാണ് ഫ്യൂച്ചേഴ്സ് സെറ്റില്‍മെന്‍റ്. പിന്നിട്ട വാരം സൂചിക രണ്ട് ശതമാനം ഇടിഞ്ഞതിനിടയില്‍ ഊഹക്കച്ചവടക്കാര്‍ പുതിയ ഷോട്ട് പൊസിഷനുകള്‍ക്ക് ഉത്സാഹിച്ചതായി വേണം വിലയിരുത്താന്‍. വിപണിയിലെ ഓപ്പണ്‍ ഇന്‍ററസ്റ്റ് 130.4 ലക്ഷം കരാറുകളില്‍ നിന്നും 155.7 ലക്ഷത്തിലേക്ക് ഉയര്‍ന്നത് തുടക്കത്തില്‍ പിരിമുറുക്കം സൃഷ്ടിക്കാം.

മുന്‍നിര ഓഹരിയായ ടാറ്റാ മോട്ടേഴ്സ്, ഇന്‍ഫോസിസ്, ടിസിഎസ്, വിപ്രോ, ടെക് മഹീന്ദ്ര, എച്ച്സിഎല്‍ ടെക്, ആക്സിസ് ബാങ്ക്, എസ്ബിഐ, ഐസിഐസിഐ ബാങ്ക്, ഇന്‍ഡസ് ബാങ്ക്, എച്ച്‌യുഎല്‍, സണ്‍ ഫാര്‍മ, ടാറ്റാ സ്റ്റീല്‍ ഓഹരി വിലകള്‍ ഇടിഞ്ഞു. അതേസമയം നിക്ഷേപകരുടെ വരവില്‍ എച്ച്ഡിഎഫ്സി ബാങ്ക്, എം ആൻഡ് എം, മാരുതി, ആര്‍ഐഎല്‍, എയര്‍ടെല്‍ ഓഹരി വിലകള്‍ ഉയര്‍ന്നു.

വിദേശ ഫണ്ടുകള്‍ പോയവാരം വില്‍പ്പനയ്ക്ക് മുന്‍തൂക്കം നല്‍കി. അവര്‍ മൊത്തം 11,996 കോടി രൂപയുടെ ഓഹരികള്‍ വിറ്റു, വാരാന്ത്യം 129 കോടി രൂപയുടെ നിക്ഷേപത്തിനും അവര്‍ തയാറായി. ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ 9089 കോടി രൂപയുടെ ഓഹരികള്‍ വാങ്ങി, വാരാന്ത്യം 52 കോടി രൂപയുടെ വില്‍പ്പനയും നടത്തി. ഈ മാസം വിദേശ ഇടപാടുകാര്‍ 22,229 കോടി രൂപയുടെ വില്‍പ്പന നടത്തിയപ്പോള്‍ ആഭ്യന്തര ഫണ്ടുകള്‍ 21,269 കോടി രൂപ ഓഹരികള്‍ ശേഖരിച്ചു.

വിനിമയ വിപണിയില്‍ രൂപയ്ക്ക് തിരിച്ചടി നേരിട്ടു. ഡോളറിന് മുന്നില്‍ രൂപയുടെ മൂല്യം 82.52ല്‍ നിന്നും 83.80ലേക്ക് ഇടിഞ്ഞെങ്കിലും വാരാന്ത്യം 83.47ലാണ്. രൂപ തിരിച്ചുവരവ് നടത്തിയാല്‍ 83.02ലും 82.72ലേക്ക് മികവ് കാണിക്കാം.

ഇസ്രയേല്‍- ഇറാന്‍ സംഘര്‍ഷ വാര്‍ത്ത രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില ബാരലിന് 91 ഡോളര്‍ വരെ ഉയര്‍ത്തിയെങ്കിലും വ്യാപാരം അവസാനിക്കുമ്പോള്‍ വില 87.20ലേക്ക് താഴ്ന്നു. എണ്ണ വിപണി വീണ്ടും ചൂടുപിടിച്ചാല്‍ അത് രൂപയുടെ മൂല്യത്തകര്‍ച്ചയ്ക്ക് ഇടയാക്കും. ക്രൂഡ് ഓയില്‍ ഡെയ്‌ലി ചാര്‍ട്ട് വിലയിരുത്തിയാല്‍ 85 ഡോളറിലെ താങ്ങ് നിലനില്‍ക്കുവോളം വിപണി 91 -96 ഡോളറിലേക്ക് മുന്നേറാനുള്ള ശ്രമം തുടരാം. അതേസമയം 85ലെ താങ്ങ് നഷ്ടപ്പെട്ടാല്‍ എണ്ണ വില 80 ഡോളറിലേക്ക് തളരാം.

സ്വര്‍ണ വിപണിക്ക് കഴിഞ്ഞവാരം തിളക്കമേറി. ന്യൂയോര്‍ക്ക് എക്സ്ചേഞ്ചില്‍ ട്രോയ് ഔണ്‍സിന് 2325 ഡോളറില്‍ നിന്നും 2417 ഡോളര്‍ വരെ കയറിയ ശേഷം ക്ലോസിങ്ങില്‍ 2391 ഡോളറിലാണ്. പിന്നിട്ടവാരം സ്വര്‍ണം 2.10 ശതമാനം മികവ് കാണിച്ചു, തുടര്‍ച്ചയായ അഞ്ചാം വാരമാണ് സ്വര്‍ണ വിപണി തിളക്കം നിലനിര്‍ത്തുന്നത്. മാര്‍ക്കറ്റ് സാങ്കേതികമായി ബുള്ളിഷ് ട്രെൻഡ് നിലനിര്‍ത്തുന്നത് കണക്കിലെടുത്താല്‍ മെയില്‍ 2500 ഡോളറിന് മുകളില്‍ ഇടംപിടിക്കാം. ഉയര്‍ന്ന തലത്തില്‍ ലാഭമെടുപ്പിന് ഫണ്ടുകള്‍ നീക്കം നടത്തിയാല്‍ ശക്തമായ ചാഞ്ചാട്ടത്തിന് ഇടയുണ്ട്. ഇതിനിടയില്‍ വിലക്കയറ്റത്തെ തുടർന്ന് ചൈനയുടെ സ്വര്‍ണ ഇറക്കുമതി കുറഞ്ഞതായി വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിൽ റിപ്പോർട്ട് പറയുന്നു. എന്നാല്‍ നിക്ഷേപകര്‍ ഉയര്‍ന്ന വിലയ്ക്ക് സ്വര്‍ണം വാങ്ങുന്നതായാണ് വിലയിരുത്തല്‍.

Trending

No stories found.

Latest News

No stories found.