തിരിച്ചുവരവിൽ...

രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന് തുടങ്ങിയതും വിപണിക്ക് ഗുണമായി.
Stock market review
തിരിച്ചുവരവിൽ...representative image
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: അഞ്ച് ദിവസത്തെ ഇറക്കത്തിന് ശേഷം ഇന്ത്യന്‍ ഓഹരികള്‍ ഇന്നലെ ശക്തമായി തിരിച്ചുകയറി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്സ് 602.75 പോയിന്‍റ് നേട്ടവുമായി 80,005.04ല്‍ അവസാനിച്ചു. ദേശീയ സൂചികയായ നിഫ്റ്റി 158.35 പോയിന്‍റ് ഉയര്‍ന്ന് 24,339.15ലെത്തി.

ബാങ്കിങ് മേഖലയിലെ ഓഹരികളുടെ കരുത്തിലാണ് ഇന്നലെ വിപണി മികച്ച മുന്നേറ്റം നടത്തിയത്. ഒരവസരത്തില്‍ സെന്‍സെക്സ് 1,100 പോയിന്‍റിലധികം നേട്ടമുണ്ടാക്കിയിരുന്നു. ലാഭമെടുപ്പിന് ശേഷം നിക്ഷേപകര്‍ വീണ്ടും വിപണിയില്‍ സജീവമായതാണ് നേട്ടമായത്. വിദേശ ഫണ്ടുകള്‍ കരുതലോടെയാണ് നീങ്ങിയതെങ്കിലും ആഭ്യന്തര നിക്ഷേപകര്‍ ആവേശത്തോടെ വിപണിയില്‍ വാങ്ങല്‍ ശക്തമാക്കി.

ഇറാനെതിരേ ഇസ്രയേല്‍ ആക്രമണം പരിമിതപ്പെടുത്തിയതും അമെരിക്കയില്‍ പലിശ വർധന നടപടികള്‍ വേഗത്തിലാക്കുമെന്ന പ്രതീക്ഷകളും നിക്ഷേപകര്‍ക്ക് ആവേശം സൃഷ്ടിച്ചു. കഴിഞ്ഞ ദിവസം പുറത്തുവന്ന ഐസിഐസിഐ ബാങ്കിന്‍റെ പ്രവര്‍ത്തന ഫല റിപ്പോര്‍ട്ടാണ് ബാങ്കിങ് മേഖലയില്‍ പ്രതീക്ഷ വർധിപ്പിക്കുന്നത്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വില താഴ്ന്ന് തുടങ്ങിയതും വിപണിക്ക് ഗുണമായി.

ഐ‌സിഐസിഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, എസ്ബിഐ, ഇന്‍ഫോസിസ് തുടങ്ങിയവയാണ് ഇന്നലെ മുന്നേറ്റത്തിന് നേതൃത്വം നല്‍കുന്നത്. പൊതുമേഖല ബാങ്കുകളായ ബാങ്ക് ഒഫ് ബറോഡ, പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് തുടങ്ങിയവയുടെ പ്രവര്‍ത്തന ഫലങ്ങളും അനുകൂലമായി.

അമെരിക്കയിലെ മൊത്തം ആഭ്യന്തര ഉത്പാദന (ജിഡിപി) കണക്കുകളാണ് നിക്ഷേപകര്‍ ഏറെ കാത്തിരിക്കുന്നത്. സാമ്പത്തിക വളര്‍ച്ച ശക്തമായാല്‍ അമേരിക്കയിലെ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുന്നതിന് സാവകാശമെടുക്കുമെന്ന ആശങ്ക ശക്തമാണ്. അതേസമയം വളര്‍ച്ച പ്രതികൂലമായാല്‍ ഈ വര്‍ഷം പലിശയില്‍ അര ശതമാനം കുറവുണ്ടായേക്കും.

പശ്ചിമേഷ്യയിലെ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ക്ക് ശമനമുണ്ടാകുമെന്ന പ്രതീക്ഷ സ്വര്‍ണ വിലയില്‍ ഇടിവുണ്ടാക്കി. പവന്‍ വില ഇന്നലെ 360 രൂപ കുറഞ്ഞ് 58,520 രൂപയിലെത്തി. അമെരിക്കന്‍ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നലെ സ്ഥിരതയോടെ അവസാനിച്ചു.

Trending

No stories found.

Latest News

No stories found.