BULLS & BEARS | ഉദയഭാനു
ജനുവരി ആദ്യവാരം കരുത്ത് നിലനിര്‍ത്താനാകാതെ ഓഹരി ഇന്‍ഡക്സുകള്‍ തളര്‍ന്നു. പുതുവത്സര ദിനത്തില്‍ റെക്കോഡ് പ്രകടനം പുറത്തെടുത്ത സെന്‍സെക്സിനും നിഫ്റ്റിക്കും പക്ഷേ തുടര്‍ന്നുള്ള ദിവസങ്ങളില്‍ മികവ് നിലനിര്‍ത്താനായില്ല. അതേസമയം മുന്‍വാരം സൂചന നല്‍കിയതാണ്, ബുള്‍ റാലിക്കിടയില്‍ നിഫ്റ്റി ഫ്യൂച്ചറില്‍ ഓപ്പണ്‍ ഇന്‍ററസ്റ്റിലെ കുറവ് കണ്‍സോളിഡേഷന് ഇടയാക്കുമെന്ന കാര്യം. ബോംബെ സെന്‍സെക്സ് 214 പോയിന്‍റും നിഫ്റ്റി 20 പോയിന്‍റും പ്രതിവാര നഷ്ടം നേരിട്ടു.
ആഭ്യന്തര മ്യൂച്വല്‍ ഫണ്ടുകള്‍ പുതുവത്സര ദിനത്തില്‍ 410 കോടിയുടെ ഓഹരികള്‍ ശേഖരിച്ച് നിക്ഷേപകര്‍ക്ക് ആവേശം പകര്‍ന്നെങ്കിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ അവര്‍ വില്‍പ്പനക്കാരായി. പിന്നിട്ടവാരം മൊത്തം 7707 കോടി രൂപയുടെ ഓഹരികള്‍ അവര്‍ വിറ്റു. വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ പിന്നിട്ടവാരം 4812 കോടി രൂപയുടെ വാങ്ങലും രണ്ട് ദിവസങ്ങളിലായി 1522 കോടി രൂപയുടെ വില്‍പ്പനയും നടത്തി.
ബോംബെ സൂചിക 72,240ല്‍ നിന്നും എക്കാലത്തെയും ഉയര്‍ന്ന നിലവാരമായ 72,561 പോയിന്‍റ് വരെ ചുവടുവെച്ചു. വര്‍ഷാരംഭ ദിനത്തിലെ ഈ കുതിപ്പ് കണ്ട് ഫണ്ടുകളും ഓപ്പറേറ്റര്‍മാരും ഹെവിവെയ്‌റ്റ് ഓഹരികളില്‍ ലാഭമെടുപ്പിന് മത്സരിച്ച് ചെറിയ തോതിലുള്ള വില്‍പ്പന സമ്മര്‍ദത്തിന് ഇടയാക്കിയതോടെ സെന്‍സെക്സ് 71,359ലേക്ക് താഴ്ന്നെങ്കിലും വ്യാപാരാന്ത്യം സൂചിക 72,026 പോയിന്‍റിലാണ്. ഈ വാരം വീണ്ടും വില്‍പ്പന സമ്മര്‍ദമുണ്ടായാല്‍ സെന്‍സെക്സിന് 71,403-70,780 പോയിന്‍റില്‍ താങ്ങ് പ്രതീക്ഷിക്കാം. അതേസമയം ഫണ്ടുകള്‍ നിക്ഷേപകരായി മാറിയാല്‍ 72,562ലെ പ്രതിരോധം തകര്‍ത്ത് 72,605ലേക്കും തുടര്‍ന്ന് 73,200 റേഞ്ചിലേക്കും മുന്നേറാന്‍ ശ്രമം നടത്താം.
ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 21,731ല്‍ നിന്നും ഓപ്പണിങ് ദിനത്തില്‍ 103 പോയിന്‍റ് ഉയര്‍ന്ന് സര്‍വകാല റെക്കോഡായ 21,834 വരെ മുന്നേറി. ഇതിനിടയില്‍ നിഫ്റ്റി ജനുവരി ഫ്യൂച്ചറില്‍ ഓപ്പറേറ്റര്‍മാര്‍ ലാഭമെടുപ്പിന് ഇറങ്ങിയതോടെ സൂചിക 21,500ലേക്ക് ഇടിഞ്ഞെങ്കിലും തിരുത്തലുകള്‍ക്ക് ശേഷം വാരത്തിന്‍റെ രണ്ടാം പകുതിയില്‍ മുന്നേറി നിഫ്റ്റി 21,710ല്‍ ക്ലോസിങ് നടന്നു. ഈ വാരം നിഫ്റ്റിയുടെ ആദ്യതാങ്ങായ 21,528 നിലനിര്‍ത്താനായാല്‍ 21,862-22,000നെ ലക്ഷ്യമാക്കി ചുവടുവെക്കും. അതേസമയം ആദ്യതാങ്ങില്‍ വിപണിക്ക് പിടിച്ചുനില്‍ക്കാനായില്ലെങ്കില്‍ സൂചിക 21,350 റേഞ്ചിലേക്ക് തളരാം. മറ്റ് സാങ്കേതിക വശങ്ങളിലേക്ക് തിരിഞ്ഞാല്‍ എംഎസിഡി ബുള്ളിഷാണ്. എന്നാല്‍ മറ്റ് പല ഇൻഡിക്കേറ്റുകളും ഓവര്‍ ബ്രോട്ടായി മാറിയത് ചെറിയതോതില്‍ തിരുത്തലിന് അവസരമൊരുക്കാം.
നിഫ്റ്റി ഫ്യൂച്ചറില്‍ ഓപ്പണ്‍ ഇന്‍ററസ്റ്റ് തൊട്ട് മുന്‍വാരത്തിലെ 142.5 ലക്ഷം കരാറുകളില്‍ നിന്നും 132.3 ലക്ഷമായി കുറഞ്ഞു. വാരാരംഭത്തിലെ റെക്കോഡ് പ്രകടനത്തിന് ഇടയില്‍ ഓപ്പറേറ്റര്‍മാര്‍ കവറിങ്ങിന് ഇറങ്ങിയെങ്കിലും ഇത് വിപണിയില്‍ കരടികളുടെ സ്വാധീനം ഉയര്‍ത്തിയില്ല. ബിഎസ്ഇ ഐടി, മെറ്റല്‍ സൂചികകള്‍ക്ക് കഴിഞ്ഞവാരം ഏറ്റവും കൂടുതല്‍ തിരിച്ചടി നേരിട്ടു. അതേസമയം റിയാലിറ്റി സൂചികയും ഹെല്‍ത്ത്കെയര്‍, പവര്‍ ഇന്‍ഡക്സുകളും മികവ് കാണിച്ചു.
മുന്‍നിര ഓഹരിയായ ടാറ്റാ സ്റ്റീല്‍, എം ആൻഡ് എം, മാരുതി, എച്ച്‌യുഎല്‍, വിപ്രോ, ഇന്‍ഫോസിസ്, ടിസിഎസ്, ടെക് മഹീന്ദ്ര, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയവയ്ക്ക് തളര്‍ച്ച. അതേസമയം താഴ്ന്ന റേഞ്ചില്‍ പുതിയ വാങ്ങലുകള്‍ക്ക് ഓപ്പറേറ്റര്‍മാര്‍ കാണിച്ച ഉത്സാഹം ഇന്‍ഡസ് ബാങ്ക്, ആക്സിസ് ബാങ്ക്, സണ്‍ ഫാര്‍മ, ആര്‍ഐഎല്‍, എയര്‍ടെല്‍ ഓഹരികള്‍ നേട്ടമാക്കി.
ഫോറെക്സ് മാര്‍ക്കറ്റില്‍ രൂപയെ ബാധിച്ച ചാഞ്ചാട്ടം തുടരുകയാണ്. യുഎസ് ഡോളറിന് മുന്നില്‍ രൂപ 83.20ല്‍ നിന്നും 83.33ലേക്ക് ഇടിഞ്ഞശേഷം വാരാന്ത്യം അല്‍പ്പം മികവ് കാണിച്ച് 83.16ല്‍ ക്ലോസിങ് നടന്നു. ഓഹരി വിപണിയില്‍ വിദേശ പിന്തുണ നിലനില്‍ക്കുന്നത് കണക്കിലെടുത്താല്‍ മാസമധ്യം വിനിമയ നിരക്ക് 82.73ലേക്ക് കരുത്ത് കൈവരിക്കാം.
രാജ്യാന്തര സ്വര്‍ണവില ട്രോയ് ഔണ്‍സിന് 2053 ഡോളറില്‍ നിന്നും 2025ലേക്ക് താഴ്ന്നശേഷം 2064ലേക്ക് തിരിച്ചുവരവും കാഴ്ച്ചവെച്ചു, മാര്‍ക്കറ്റ് ക്ലോസിങ്ങില്‍ 2043 ഡോളറിലാണ്. ഡെയ്‌ലി ചാര്‍ട്ടില്‍ ബുള്ളിഷായി നീങ്ങുന്ന സ്വര്‍ണത്തിന് 2094 ഡോളറില്‍ പ്രതിരോധം നിലവിലുണ്ട്. ഇത് മറികടന്നാല്‍ 2120-2140ലേക്ക് ഉയരാം.