കൊച്ചി: രാജ്യത്ത് പഞ്ചസാരയുടെ വില കുതിച്ചുയരുന്നു. ഉത്പാദനത്തില്‍ കുറവുണ്ടായതും, ഡിമാന്‍ഡ് വര്‍ധിച്ചതുമാണ് വില വര്‍ധനയ്ക്ക് കാരണം. വേനല്‍ക്കാലത്ത് ശീതള പാനീയങ്ങളുടെ ഉള്‍പ്പെടെ ഉത്പാദനം വര്‍ധിച്ചതും പഞ്ചസാരയുടെ ഡിമാന്‍ഡ് വര്‍ധിപ്പിച്ചു.
ആഭ്യന്തര തലത്തില്‍ പഞ്ചസാരയുടെ വില വര്‍ധിച്ചത്, പഞ്ചസാര നിര്‍മാണ കമ്പനികളുടെ ലാഭവും വര്‍ധിപ്പിച്ചിട്ടുണ്ട്. ബല്റാംപൂര്ചിനി, ശ്രീ രേണുക ഷുഗേഴ്സ്, ഡാല്‍മിയ ഭാരത് ഷുഗര്‍, ദ്വരികേഷ് ഷുഗര്‍ തുടങ്ങിയവയാണ് പ്രമുഖ ഷുഗര്‍ നിര്‍മാണ കമ്പനികള്‍. ഭക്ഷ്യവിലക്കയറ്റം വര്‍ധിക്കാന്‍, പഞ്ചസാരയുടെ വിലക്കയറ്റം കാരണമാകുമെന്ന വിലയിരുത്തലുമുണ്ട്. ആഗോള തലത്തിലുള്ള പഞ്ചസാര വിലയിലും വലിയ വര്‍ധനവാണുള്ളത്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇപ്പോള്‍ അന്താരാഷ്ട്ര തലത്തില്‍ പഞ്ചസാരയുടെ വില.
രാജ്യത്തെ വിലക്കയറ്റം, ഇന്ത്യയുടെ അധിക തോതിലുള്ള പഞ്ചസാര കയറ്റുമതിയെയും ബാധിച്ചിട്ടുണ്ട്. വില വര്‍ധന തടയുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍, അധിക കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പഞ്ചസാര ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്ന, മഹാരാഷ്ട്ര പോലെയുള്ള സംസ്ഥാനങ്ങളിലെ ഉത്പാദനം കുറഞ്ഞതാണ് വില വര്‍ധനവിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു. വേനല്‍ക്കാല സീസണില്‍ ബള്‍ക്ക് ബയിങ് നടക്കും എന്ന കണക്കുകൂട്ടലാണുള്ളത്. വരുന്ന മാസങ്ങളിലും പഞ്ചസാരയുടെ വിലയില്‍ വര്‍ധനയുണ്ടാകും.
സെപ്റ്റംബര്‍ 30ന് അവസാനിച്ച മാര്‍ക്കറ്റിങ് ഇയര്‍ കണക്കുകള്‍ പ്രകാരം 2022-23 കാലയളവില്‍, മഹാരാഷ്ട്ര ഏകദേശം 10.5 മില്യണ്‍ ടണ്‍ പഞ്ചസാരയാണ് ഉത്പാദിപ്പിച്ചത്. 13.7 മില്യണ്‍ ടണ്‍ ഉത്പാദനം പ്രതീക്ഷിച്ച സ്ഥാനത്താണിത്. കഴിഞ്ഞ വര്‍ഷം കൊവിഡ് പ്രതിസന്ധിയെത്തുടര്‍ന്നാണ് പഞ്ചസാരയുടെ ഡിമാന്‍ഡില്‍ കുറവ് വന്നത്. എന്നാല്‍ ഈ മാര്‍ക്കറ്റിങ് ഇയറില്‍ 28 മില്യണ്‍ ടണ്‍ എന്ന തോതില്‍ റെക്കോഡ് ഉത്പാദനത്തിലേക്കാണ് കണക്കുകള്‍ എത്തിനില്‍ക്കുന്നത്.
രാജ്യത്ത് വേനല്‍ കനത്തതോടെ, ശീതള പാനീയങ്ങള്‍, ഐസ്ക്രീം തുടങ്ങിയവയുടെ വിൽപ്പനയില്‍ വന്‍ വര്‍ധനവാണുള്ളത്. ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ പൊതുവെ ഇവയുടെ വിൽപ്പനകുതിച്ചുയരാറുണ്ട്. ഈ കാലയളവില്‍ വിവാഹ സീസണായതും ഡിമാന്‍ഡ് വലിയ തോതില്‍ വര്‍ധിക്കാന്‍ കാരണമാകുന്നു.