ബിസിനസ് ലേഖകൻ
കൊച്ചി: കാലാവസ്ഥാ വ്യതിയാനം മൂലം ഉത്പാദനത്തിൽ ഇടിവുണ്ടായതും ബയോ ഇന്ധനത്തിന് ഡിമാൻഡ് ഏറിയതും മൂലം പഞ്ചസാര വിപണിയിൽ വിലക്കയറ്റ ഭീഷണി ശക്തമാകുന്നു. രാജ്യാന്തര വിപണിയിൽ അസംസ്കൃത പഞ്ചസാരയുടെ വില 6 വർഷത്തിനിടയിലെ ഉയർന്ന തലത്തിലാണ്. നാണയപ്പെരുപ്പ ഭീഷണി നേരിടുന്നതിന്റെ ഭാഗമായി കേന്ദ്ര സർക്കാർ പഞ്ചസാര കയറ്റുമതിക്ക് ഭാഗിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതിനാലാണ് ആഭ്യന്തര വിപണിയിൽ വില കാര്യമായി ഉയരാത്തതെന്ന് വ്യാപാരികൾ പറയുന്നു.
എന്നാൽ കാലം തെറ്റി പെയ്ത മഴയിൽ കരിമ്പ് കൃഷി വ്യാപകമായി നാശം നേരിട്ടതിനാൽ വരും ദിവസങ്ങളിൽ ആഭ്യന്തര വിപണിയിലും പഞ്ചസാര വില മുകളിലേക്ക് നീങ്ങാൻ ഇടയുണ്ടെന്ന് കാർഷിക മേഖലയിലുള്ളവർ പറയുന്നു. ചോക്ലേറ്റ്, സോഫ്റ്റ് ഡ്രിങ്ക്സ്, ഐസ്ക്രീം മുതൽ ഗാർഹിക ആവശ്യത്തിനു വരെ വിപുലമായി ഉപയോഗിക്കുന്ന പഞ്ചസാരയ്ക്ക് തിരിച്ചടിയാകുന്നത് ബയോ ഫ്യൂവൽ ഉത്പാദനത്തിനായി വലിയ തോതിൽ കരിമ്പ് ഉപയോഗപ്പെടുത്തിയതാണ്. വാഹന ഇന്ധനത്തിൽ 10 ശതമാനം വരെ ബയോ ഫ്യൂവലാണ് എണ്ണ കമ്പനികൾ ചേർക്കുന്നത്.
ആഗോള വിപണിയിൽ പഞ്ചസാരയുടെ ലഭ്യത ഗണ്യമായി കുറയുകയാണെന്ന് മിൽ ഉടമകൾ പറയുന്നു. ലോകത്തെ ഏറ്റവും വലിയ പഞ്ചസാര ഉത്പാദന രാജ്യമായ ഇന്ത്യയിൽ നിന്നുള്ള കയറ്റുമതി പകുതിയിലധികം കുറഞ്ഞതാണ് വിലക്കയറ്റം രൂക്ഷമാക്കുന്നത്. ഇതോടൊപ്പം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടായ വിള നാശം പഞ്ചസാര ലഭ്യതയെ പ്രതികൂലമായി ബാധിക്കുന്നു. സെപ്തംബറിൽ അവസാനിക്കുന്ന വിളവെടുപ്പ് സീസണിൽ ഇന്ത്യയിൽ നിന്നുള്ള പഞ്ചസാര കയറ്റുമതി 60 ലക്ഷം ടണ്ണായി ചുരുങ്ങുമെന്നാണ് പ്രമുഖ ഷുഗർ കമ്പനികൾ വിലയിരുത്തുന്നത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ ഇന്ത്യ 110 ലക്ഷം ടൺ പഞ്ചസാരയുടെ കയറ്റുമതി കൈവരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ അടുത്ത സീസണിൽ രാജ്യത്തെ മൊത്തം പഞ്ചസാര കയറ്റുമതി 40 ലക്ഷം ടണ്ണിലേക്ക് മൂക്കു കുത്തിയാലും അത്ഭുതപ്പെടേണ്ടെന്ന് വ്യാപാരികളും ഷുഗർ കമ്പനികളും അഭിപ്രായപ്പെടുന്നു.
കരിമ്പ് കൃഷി വ്യാപകമായി നടക്കുന്ന മഹാരാഷ്ട്രയിലെയും ഉത്തർ പ്രദേശിലെയും പ്രധാന മേഖലകളിൽ കാലം തെറ്റി പെയ്ത മഴ മൂലം രാജ്യത്തെ മൊത്തം പഞ്ചസാര ഉത്പാദനം 3.36 കോടി ടണ്ണായി ചുരുങ്ങാൻ ഇടയുണ്ടെന്നാണ് കേന്ദ്ര കാർഷിക മന്ത്രാലയത്തിന്റെ വിലയിരുത്തൽ.
അതേസമയം ഫോസിൽ ഇന്ധനത്തിലുള്ള അമിതമായ ആശ്രയത്വം ഒഴിവാക്കാൻ കരിമ്പിൽ നിന്നും പരമാവധി എത്തനോൾ ഉത്പാദിപ്പിച്ച് ബയോ ഫ്യൂവൽ ഉപഭോഗം വർധിപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്.
കർഷകർക്ക് കൂടുതൽ വരുമാനം ഉറപ്പു വരുത്തുന്നതിനൊപ്പം അന്തരീക്ഷ മലിനീകരണം കുറയ്ക്കാനും ഇന്ത്യയുടെ ഇറക്കുമതി ചെലവ് നിയന്ത്രിക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കേന്ദ്ര സർക്കാർ വിലയിരുത്തുന്നത്. നടപ്പു വർഷം 50 ലക്ഷം ടൺ ഷുഗറിൽ നിന്നും എത്തനോൾ ഉത്പാദിപ്പിച്ച് ബയോ ഇന്ധനത്തിന്റെ ഉപഭോഗം കുത്തനെ ഉയർത്താൻ ലക്ഷ്യമിട്ട് വിവിധ നടപടികൾക്ക് സർക്കാർ തുടക്കമിട്ടിട്ടുണ്ട്.