കൊച്ചി: പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷണവിതരണ കമ്പനിയായ സ്വിഗ്ഗി പ്ലാറ്റ്ഫോം ഫീസ് ഇരട്ടിയാക്കാന്‍ ഒരുങ്ങുകയാണ്. നിലവില്‍ അഞ്ച് രൂപയാണ് പ്ലാറ്റ്ഫോം ഫീസ്. ഇത് 10 രൂപയായി വര്‍ധിപ്പിക്കാനാണ് തീരുമാനിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ചെറിയൊരു വിഭാഗം ഉപയോക്താക്കളിലായിരിക്കും പരീക്ഷണാർതം പ്ലാറ്റ്ഫോം ഫീസ് വര്‍ധന കൊണ്ടുവരിക. പിന്നീട് എല്ലാ ഉപയോക്താക്കളിലേക്കും ഫീസ് വര്‍ധന വ്യാപിപ്പിക്കുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് കമ്പനി 2 രൂപ പ്ലാറ്റ്ഫോം ഫീസ് ഏര്‍പ്പെടുത്തിയത്.
ശേഷം എല്ലാ ഉപയോക്താക്കളിലേക്കും ഇത് വ്യാപിപ്പിച്ചു. പിന്നീട് ഈ പ്ലാറ്റ്ഫോം ഫീസ് 3 രൂപയായും ശേഷം 5 രൂപയായും വര്‍ധിപ്പിക്കുകയായിരുന്നു.സൊമാറ്റോയും ഉപയോക്താക്കളില്‍ നിന്ന് പ്ലാറ്റ്ഫോം ഫീസ് ഈടാക്കുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ഓഗസ്റ്റിലാണ് സൊമാറ്റോ 2 രൂപ പ്ലാറ്റ്ഫോം ഫീസ് ഈടാക്കാന്‍ ആരംഭിച്ചത്. പിന്നീട് ഇത് 3 രൂപയായും പുതുവര്‍ഷത്തില്‍ ഡിമാന്‍ഡ് വര്‍ധിച്ചതോടെ ചില വിപണികളില്‍ 9 രൂപയായും ഇത് ഉയര്‍ത്തി.