ടെസ്‌ല ഇന്ത്യയിലെത്താൻ വൈകും

പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സ്റ്റാര്‍ലിങ്ക്, വൈദ്യുത വാഹന നിർമാണം എന്നീ പദ്ധതികളില്‍ തീരുമാനമെടുക്കാനാണ് ടെസ്‌ല ആലോചിക്കുന്നത്.
ടെസ്‌ല ഇന്ത്യയിലെത്താൻ വൈകും
Updated on

ബിസിനസ് ലേഖകൻ

കൊച്ചി: ഇന്ത്യന്‍ വാഹന ലോകം പ്രതീക്ഷയോടെ കാത്തിരുന്ന പ്രമുഖ അമെരിക്കന്‍ വാഹന കമ്പനിയായ ടെസ്‌ലയുടെ വിപണി പ്രവേശം അനിശ്ചിതമായി വൈകിയേക്കും. ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങാനുള്ള പദ്ധതികളില്‍ മെല്ലെപ്പോകാനാണ് ഉടമയായ ഇലോണ്‍ മസ്കിന്‍റെ നിര്‍ദേശം.

ഇറക്കുമതി തീരുവകളില്‍ നിബന്ധനകളോടെയുള്ള ഇളവുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ചെങ്കിലും ഇക്കാര്യത്തില്‍ ഇലോണ്‍ മസ്കിന് പൂര്‍ണ വിശ്വാസമായിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം ചൈനയില്‍ ഡ്രൈവറില്ലാ കാറുകള്‍ പുറത്തിറക്കാനുള്ള നടപടികള്‍ അതിവേഗം പുരോഗമിക്കുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം സ്റ്റാര്‍ലിങ്ക്, വൈദ്യുത വാഹന നിർമാണം എന്നീ പദ്ധതികളില്‍ തീരുമാനമെടുക്കാനാണ് ടെസ്‌ല ആലോചിക്കുന്നത്.

വൈദ്യുത വാഹനങ്ങളുടെ ഇറക്കുമതിക്ക് ഇന്ത്യ ചുമത്തുന്ന ഉയര്‍ന്ന നികുതിയാണ് ഇന്ത്യയിലേക്കുള്ള ടെസ്‌ലയുടെ പ്രവേശനത്തിലുള്ള ഏറ്റവും വലിയ വെല്ലുവിളി. നിലവില്‍ ക്രൂഡ് ഓയില്‍ അടിസ്ഥാനമായി ഓടുന്ന വാഹനങ്ങള്‍ക്ക് തത്തുല്യമായ 60 ശതമാനം നികുതിയാണ് വൈദ്യുതി വാഹനങ്ങള്‍ക്കും ഇന്ത്യ ഈടാക്കുന്നത്. ഇലക്‌ട്രിക് വാഹനങ്ങളുടെ ഇറക്കുമതി നികുതി 40 ശതമാനമായി കുറയ്ക്കണമെന്നാണ് ടെസ്‌ലയുടെ ആവശ്യം. ഇന്ത്യയില്‍ ഉത്പാദന കേന്ദ്രം ആരംഭിക്കുന്നതിന് മുന്‍പ് ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ച് സാധ്യതകള്‍ പരിശോധിക്കാനാണ് ടെസ്‌ലയുടെ ശ്രമം. ഇന്ത്യയിലെ വൈദ്യുത വാഹനങ്ങളുടെ വില്‍പ്പന കുത്തനെ കൂടുന്നതാണ് ടെസ്‌ലയ്ക്കും ആവേശം സൃഷ്ടിക്കുന്നത്.

ഇന്ത്യയില്‍ ടെസ്‌ലയുടെ വാഹനങ്ങള്‍ ലഭ്യമാക്കുന്നതിനെക്കുറിച്ച് കമ്പനിയുടെ പ്രതികരണം ഇനിയും ലഭിച്ചിട്ടില്ലെന്ന് കേന്ദ്ര സര്‍ക്കാരിലെ ഒരു ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പറയുന്നു. പൊതു തെരഞ്ഞെടുപ്പിന്‍റെ ആദ്യഘട്ടത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചര്‍ച്ച നടത്താന്‍ ടെസ്‌ലയുടെ ഉടമ ഇലോണ്‍ മസ്ക് ഇന്ത്യയിലെത്തുമെന്ന് പ്രഖ്യാപിച്ചിരുന്നെങ്കിലും അവസാന നിമിഷം സന്ദര്‍ശനം റദ്ദ് ചെയ്യുകയായിരുന്നു. എന്നാല്‍ ഒരാഴ്ചയ്ക്ക് ശേഷം ഡ്രൈവര്‍ലെസ് കാറുകളുടെ വിപണനവുമായി ബന്ധപ്പെട്ട് മസ്ക് ചൈനയിലെത്തുകയും ചെയ്തു.

ലോകത്തിലെ മുന്‍നിര വൈദ്യുത വാഹന കമ്പനികളെ ഇന്ത്യയിലേക്ക് ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്രസര്‍ക്കാര്‍ പുതിയ നയം പ്രഖ്യാപിച്ച് മാസങ്ങള്‍ കഴിഞ്ഞെങ്കിലും കാര്യമായ നിക്ഷേപ വാഗ്ദാനങ്ങള്‍ ഇതുവരെ ലഭിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിലൊരാളായ ഇലോണ്‍ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള ടെസ്‌ല വരുന്നതോടെ രാജ്യത്തെ വൈദ്യുത വാഹന വിപണിയില്‍ വിപ്ലവകരമായ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

Trending

No stories found.

Latest News

No stories found.