ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യാന്തര ഇടപാടുകൾ പരമാവധി രൂപയിൽ നടപ്പാക്കുന്നതിനും കയറ്റുമതിക്കാർക്ക് നികുതി ഇളവുകളും റീഫണ്ടുകളും നൽകാനും ലക്ഷ്യമിടുന്ന പുതിയ വിദേശ വ്യാപാര നയം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു.
ഇന്ത്യയെ ലോകത്തിന്റെ ഉത്പാദന ഹബായി മാറ്റുന്നതിന് ലക്ഷ്യമിടുന്ന വിദേശ വാപാര നയത്തിൽ കയറ്റുമതി മേഖലയുടെ ദീർഘ കാല വളർച്ചയ്ക്ക് ഊന്നൽ നൽകുന്ന നിരവധി പരിഷ്കരണ നടപടികൾക്കും തുടക്കമിടുന്നു. 5 വർഷക്കാലയളവിലേക്കുള്ള വിദേശ വ്യാപാര നയം പ്രഖ്യാപിക്കുന്ന പരമ്പരാഗത രീതിയിൽ നിന്നും വ്യതിചലിച്ച് ആവശ്യമുള്ളപ്പോൾ മാറ്റം വരുത്താൻ കഴിയുന്ന തരത്തിൽ കാലാവധി നിശ്ചയിക്കാതെയാണ് പുതിയ നയം അവതരിപ്പിച്ചിട്ടുള്ളത്.
സാഹചര്യങ്ങൾക്കനുസരിച്ച് പുതിയ മേഖലകൾക്ക് ഊന്നൽ നൽകാനും പഴയ രീതികളിൽ മാറ്റം വരുത്താനും കേന്ദ്ര സർക്കാരിന് കൂടുതൽ അവസരം ഇതോടെ ലഭിക്കുമെന്ന് വാണിജ്യ മന്ത്രാലയം അവകാശപ്പെടുന്നു.
രാജ്യാന്തര വ്യാപാരത്തിൽ അമെരിക്കൻ ഡോളറിനെയും യൂറോയെയും അമിതമായി ആശ്രയിക്കുന്ന നിലവിലുള്ള രീതിയിൽ ഘട്ടംഘട്ടമായി മാറ്റം വരുത്തുവാൻ പുതിയ നയം സഹായകമാകുമെന്നാണ് അനലിസ്റ്റുകൾ പറയുന്നത്. അടുത്ത 7 വർഷത്തിനുള്ളിൽ ഇന്ത്യയിൽ നിന്നുള്ള മർച്ചന്റസ്ഡ് ഉത്പന്നങ്ങളുടെ കയറ്റുമതി മൂല്യം 2 ലക്ഷം കോടി ഡോളറിലെത്തിക്കാനാണ് വിദേശ വ്യാപാര നയം ലക്ഷ്യമിടുന്നത്. കയറ്റുമതി പ്രോത്സാഹനത്തിന് ആനുകൂല്യങ്ങൾ നൽകുന്ന രീതിക്ക് പകരം മികച്ച വിദേശ വ്യാപാരം കൈവരിക്കുന്നവർക്ക് നികുതി ഇളവുകളും മറ്റും നൽകുന്ന പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും നയം വ്യക്തമാക്കുന്നു.
കയറ്റുമതി മേഖലയ്ക്കുള്ള ആനുകൂല്യങ്ങൾ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന പശ്ചാത്തലത്തിലാണ് കൈവരിക്കുന്ന ബിസിനസ് ലക്ഷ്യം കണക്കിലെടുത്തുള്ള പ്രോത്സാഹന നടപടികളിലേക്ക് സർക്കാർ മാറുന്നത്. നടപ്പു സാമ്പത്തിക വർഷം ഇന്ത്യയിൽ നിന്നുള്ള ഉത്പന്ന കയറ്റുമതി 77,000 കോടി ഡോളറിലെത്തുമെന്ന് ഡയറക്റ്റർ ജനറൽ ഒഫ് ഫോറിൻ ട്രേഡ് സന്തോഷ് സാരംഗി പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മൊത്തം ഉത്പന്ന കയറ്റുമതി 67,600 കോടി ഡോളറായിരുന്നു.
പുതിയ വിദേശ വ്യാപാര നയത്തിൽ പരമ്പരാഗത കയറ്റുമതിക്കാർക്ക് ലഭ്യമാകുന്ന ആനുകൂല്യങ്ങൾ ഇ-കൊമേഴ്സ് മേഖലയ്ക്കും നൽകുമെന്ന് വ്യക്തമാക്കുന്നു. 2030-ൽ ഇ-കൊമേഴ്സ് മേഖലയിലെ കയറ്റുമതി വരുമാനം 20,000 മുതൽ 30,000 കോടി ഡോളറായി ഉയരുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് ഏറെ ആശ്വാസം പകർന്ന് കൊറിയർ സർവീസ് വഴി കയറ്റുമതി നടത്താനാവുന്ന ഇടപാടുകളുടെ മൂല്യം ഒരു കൺസൈൻമെന്റിന് അഞ്ച് ലക്ഷം രൂപയിൽ നിന്ന് പത്ത് ലക്ഷം രൂപയായി ഉയർത്തിയിട്ടുണ്ട്.
റഷ്യ, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകൾ രൂപ ഉപയോഗിച്ച് വിജയകരമായി സെറ്റിൽമെന്റ് നടത്തിയതോടെ കൂടുതൽ മേഖലകളിലേക്ക് ഈ സംവിധാനം വ്യാപിപ്പിക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയുടെ വ്യാപാര പങ്കാളികൾ അനുകൂല നിലപാട് സ്വീകരിച്ചാൽ അടുത്ത പത്ത് വർഷത്തിനുള്ളിൽ ആഗോള കറൻസിയെന്ന പദവിയിലേക്ക് രൂപയെ മാറ്റാനാവുമെന്ന് കേന്ദ്ര വാണിജ്യ മന്ത്രാലയം വിലയിരുത്തുന്നു.