ബെംഗളൂരു : കോളർ ഐഡി വേരിഫിക്കേഷൻ പ്ലാറ്റ്ഫോമായ ട്രൂ കോളറിന്‍റെ ഇന്ത്യയിലെ ആദ്യ ഓഫീസ് ബെംഗളൂരുവിൽ പ്രവർത്തനം ആരംഭിച്ചു. ട്രൂ കോളറിന്‍റെ ആസ്ഥാനമായ സ്വീഡനു പുറത്തു തുടങ്ങുന്ന ഏറ്റവും വലിയ ഓഫിസാണു ബെംഗളൂരുവിലേത്. മുപ്പതിനായിരം സ്ക്വയർ ഫീറ്റിലധികം വിസ്തീർണമുള്ള ഓഫീസിൽ 250-ലധികം ജീവനക്കാരെ ഉൾക്കൊള്ളാൻ സാധിക്കും. കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ ബെംഗളൂരു ഓഫീസിന്‍റെ ഉദ്ഘാടനം നിർവഹിച്ചു.
ഇന്ത്യയിൽ ഒരു പതിറ്റാണ്ട് മുമ്പാണു ട്രൂ കോളർ പ്രവർത്തനം ആരംഭിക്കുന്നത്. ഇപ്പോഴുള്ള ഉപഭോക്താക്കളിൽ ഏറിയ പങ്കും ഇന്ത്യയിൽ നിന്നാണെന്നും അധികൃതർ സാക്ഷ്യപ്പെടുത്തുന്നു. സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും പ്രാധാന്യം നൽകിയുള്ള സേവനമായിരിക്കും ഇന്ത്യയിൽ തുടരുകയെന്നും ട്രൂ കോളർ സിഇഒ അലൻ മാമെഡി വ്യക്തമാക്കി. 2026-ഓടെ 500 ദശലക്ഷം ഉപഭോക്താക്കളെയാണ് ഇന്ത്യയിൽ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.