അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യവുമായി മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ

2022- ല്‍ തൃശൂര്‍ സ്വദേശി സജിന്‍, കൊച്ചി സ്വദേശി സുഹൈര്‍, അടൂര്‍ സ്വദേശി അനീഷ്, തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ച പ്രാദേശിക ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്‌പേസ് ആണ് വെക്‌സോ
vexo is a start-up initiative by malayali with the aim of molding 5000 entrepreneurs
സജിന്‍, സുഹൈര്‍
Updated on

കൊച്ചി: അയ്യായിരം സംരംഭകരെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ നൂതന സംരംഭക പദ്ധതിയുമായി കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പ് സംരംഭം വെക്‌സോ. കമ്പനി വിപുലീകരണത്തിന്‍റെ ഭാഗമായി സ്ഥാപകരായ സജിന്‍, സുഹൈര്‍ എന്നിവര്‍ ചേര്‍ന്നാണ് 'മിഷന്‍ 2030' സംരംഭക പദ്ധതി പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 136 പേര്‍ക്ക് സംരംഭക അവസരം ഒരുക്കുകയാണ് ലക്ഷ്യം.

2022- ല്‍ തൃശൂര്‍ സ്വദേശി സജിന്‍, കൊച്ചി സ്വദേശി സുഹൈര്‍, അടൂര്‍ സ്വദേശി അനീഷ്, തിരുവനന്തപുരം സ്വദേശി വിഷ്ണു എന്നിവര്‍ ചേര്‍ന്ന് തുടക്കം കുറിച്ച പ്രാദേശിക ഓണ്‍ലൈന്‍ മാര്‍ക്കറ്റ് സ്‌പേസ് ആണ് വെക്‌സോ. വന്‍കിട വിദേശ കമ്പനികളുടെ വരവോടെ കച്ചവടം മന്ദഗതിയിലായ പ്രാദേശിക മാര്‍ക്കറ്റിനെ പിന്തുണയ്ക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്റ്റാര്‍ട്ടപ്പിന് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ അംഗീകാരം ലഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിലേക്ക് മലയാളികള്‍ ചുവടുമാറിയ സാഹചര്യത്തില്‍ പ്രാദേശിക കച്ചവടക്കാരുടെ ഉത്പന്നങ്ങൾ ഉപഭോക്താക്കള്‍ക്ക് വീട്ടില്‍ ഇരുന്ന് വാങ്ങുവാനുള്ള അവസരമാണ് വെക്‌സോ ഒരുക്കുന്നത്. ഇത്തരത്തില്‍ ഉപ്പുതൊട്ട് കര്‍പ്പൂരം വരെ എല്ലാം ഒരുകുടക്കീഴില്‍ ലഭ്യമാക്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്‍. ലൊക്കേഷന്‍ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്‌ഫോമിലൂടെ ഉപഭോക്താക്കള്‍ക്ക് അവരുടെ സമീപമുള്ള കച്ചവട സ്ഥാപനങ്ങളില്‍ നിന്ന് ഉത്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കുമെന്നതാണ് പ്രത്യേകത. ഇത്തരത്തില്‍ ഓര്‍ഡര്‍ ലഭിച്ചാല്‍ വെക്‌സോയുടെ ഡെലിവെറി പാര്‍ട്ണര്‍ നിമിഷങ്ങള്‍ക്കുള്ളില്‍ പ്രോഡക്ട് വീട്ടില്‍ എത്തിക്കും.

കേരളത്തിലെ പ്രാദേശിക മാര്‍ക്കറ്റിനെ വളര്‍ത്തിയെടുക്കുന്ന പദ്ധതിയില്‍ സംരഭകരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് കമ്പനിയുടെ കൃത്യമാര്‍ന്ന പരിശീലനവും പിന്തുണയും നേടി സംരംഭത്തിന്‍റെ ഭാഗമാകുവാന്‍ കഴിയും. നേതൃത്വ പാടവും ഏകോപനവും ബിസിനസ് നൈപുണ്യവുമുള്ളവര്‍ക്ക് എല്ലാവിധ സാങ്കേതിക പിന്തുണയും നല്‍കികൊണ്ട് ഫ്രാഞ്ചൈസി ഓണര്‍ ആകുവാനുള്ള അവസരമാണ് കമ്പനി നല്‍കുന്നതെന്ന് വെക്‌സോ സ്ഥാപകന്‍ സജിന്‍ പറഞ്ഞു. നിലവില്‍ കേരളത്തില്‍ മാത്രം 36 ഇടങ്ങളില്‍ വെക്‌സോ സാന്നിധ്യം അറിയിച്ചിട്ടുണ്ടെന്നും 2030-ഓടെ അയ്യായിരം സംരംഭകരെ ഈ മേഖലയില്‍ വാര്‍ത്തെടുക്കുന്നതോടെ വെക്‌സോയുടെ സാന്നിധ്യം എല്ലായിടത്തും ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. മിഷന്‍ 2030 ന്റെ ഭാഗമായി സംരംഭകരെ വളര്‍ത്തിയെടുക്കുന്നതിനൊപ്പം കേരളത്തില്‍ ഉള്‍പ്പെടെ പ്രത്യക്ഷമായും പരോക്ഷമായും ഇരുപതിനായിരം തൊഴില്‍ അവസരം സൃഷ്ടിക്കുമെന്നും വെക്‌സോ സഹ സ്ഥാപകന്‍ സുഹൈര്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് ( ഒഎന്‍ഡിസി) പ്ലാറ്റ്‌ഫോമില്‍ ബയേഴ്‌സ് വിഭാഗത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേരളത്തില്‍ നിന്നുള്ള ഏക സ്റ്റാര്‍ട്ടപ്പാണ് വെക്‌സോയെന്നും അദ്ദേഹം വ്യക്തമാക്കി.

കണ്ണൂര്‍, കാസര്‍കോഡ്, കൊല്ലം ജില്ലകളൊഴികെ മറ്റെല്ലാ ജില്ലകളിലും സാന്നിധ്യമുള്ള വെക്‌സോയ്ക്ക് തമിഴ്‌നാട്, കര്‍ണാടക എന്നിവടങ്ങളിലും ഉപഭോക്താക്കളുണ്ട്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തമിഴ്‌നാട്ടിലെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഇവര്‍ക്ക് കഴിഞ്ഞിട്ടുണ്ട്. നാഗര്‍കോവില്‍, കന്യാകുമാരി,കാഞ്ചിപുരം എന്നിവടങ്ങളില്‍ കൂടുതല്‍ കച്ചവടക്കാരും ഇപ്പോള്‍ വെക്‌സോ പ്ലാറ്റ്‌ഫോമിലൂടെയാണ് കച്ചവടം നടത്തുന്നതെന്നതും ശ്രദ്ധേയമാണ്. ഭാവിയില്‍ കേരളത്തിന് പുറത്തുള്ള കൂടുതല്‍ ഗ്രാമീണ കച്ചവടക്കാര്‍ തങ്ങളുടെ സങ്കേതിക സേവനം സേവനം പ്രയോജനപ്പെടുത്തുമെന്ന പ്രതീക്ഷയിലാണ് ഈ യുവ സംരംഭകര്‍.

Trending

No stories found.

Latest News

No stories found.