ബിസിനസ് ലേഖകൻ
കൊച്ചി: പശ്ചിമേഷ്യ യുദ്ധസമാന സാഹചര്യത്തിലേക്ക് നീങ്ങിയതോടെ വിപണികള്‍ കടുത്ത സമ്മര്‍ദത്തിലേക്ക് നീങ്ങുന്നു. ലോകമെമ്പാടുമുള്ള ഓഹരി വിപണികള്‍ കനത്ത തകര്‍ച്ച നേരിട്ടതിനൊപ്പം സ്വര്‍ണം, വെള്ളി, കോപ്പര്‍, അലുമിനിയം തുടങ്ങിയ ലോഹങ്ങളുടെ വില കുതിച്ചുയര്‍ന്നു. ക്രൂഡ് ഓയില്‍ വിപണിയും വിലക്കയറ്റ ഭീതിയിലാണ്. അതേസമയം ലോകത്തിലെ പ്രമുഖ നാണയങ്ങള്‍ക്കെതിരെ ഡോളര്‍ ശക്തിയാര്‍ജിച്ചു. ഇതോടെ ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി.
സ്വര്‍ണ വില ഇന്നലെ പവന് 440 രൂപ വർധിച്ച് വീണ്ടും 53,640 രൂപയിലെത്തി. പവന്‍ വിലയിലെ റെക്കോഡ് 53,680 രൂപയാണ്. രാജ്യാന്തര വിപണിയിലെ വില 2,370 ഡോളറിനടുത്താണ്.
പശ്ചിമേഷ്യയിലെ രക്തരൂക്ഷിതമാകുമെന്ന സംശയത്താല്‍ ഹെഡ്ജ് ഫണ്ടുകളും നിക്ഷേപ സ്ഥാപനങ്ങളും ഓഹരികളില്‍ നിന്നും പിന്മാറി സ്വര്‍ണം, ഡോളര്‍, ലോഹങ്ങള്‍ എന്നിവയില്‍ സജീവമായി. ഇതോടെ സെന്‍സെക്സ് ഇന്നലെ 845 പോയിന്‍റ് തകര്‍ച്ചയോടെ 73,399.7ല്‍ അവസാനിച്ചു. നിഫ്റ്റി 247 പോയിന്‍റ് നഷ്ടവുമായി 22,273ല്‍ വ്യാപാരം പൂര്‍ത്തിയാക്കി. ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയിലെ കമ്പനികള്‍ മാത്രമാണ് നേട്ടമുണ്ടാക്കിയത്.
വെള്ളിയാഴ്ച അമെരിക്കയിലെയും യൂറോപ്പിലെയും ഓഹരി വിപണികള്‍ വന്‍ തകര്‍ച്ച നേരിട്ടിരുന്നു. ശ്രീറാം ഫിനാന്‍സ്. വിപ്രോ, ബജാജ് ഫിനാന്‍സ്, ഐസിഐസിഐ ബാങ്ക് എന്നിവയുടെ ഓഹരികളില്‍ വലിയ വിൽപ്പന സമ്മർദം ഇന്നലെ ദൃശ്യമായി. അമെരിക്കയിലെയും ചൈനയിലെയും സാമ്പത്തിക സാഹചര്യങ്ങളും നിക്ഷേപകര്‍ക്ക് ആശങ്ക ശക്തമാക്കി.
ജൂണിന് മുന്‍പ് അമെരിക്കയില്‍ ഫെഡറല്‍ റിസര്‍വ് മുഖ്യ പലിശ നിരക്ക് കുറയ്ക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. ക്രൂഡ് ഓയില്‍ വില ഇന്നലെ ബാരലിന് 90 ഡോളറിന് മുകളിലെത്തി. ഡോളറിനെതിരെ ഇന്നലെ രൂപയുടെ മൂല്യം 83.45 വരെ ഇടിഞ്ഞിരുന്നു.