ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖല മികച്ച വളര്‍ച്ചയും ഉയര്‍ന്ന നാണയപ്പെരുപ്പവും കണക്കിലെടുത്ത് ഇന്ന് പ്രഖ്യാപിക്കുന്ന ധന അവലോകന നയത്തിലും റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്ക് കുറയ്ക്കാനിടയില്ല.
ബുധനാഴ്ച ആരംഭിച്ച റിസര്‍വ് ബാങ്കിന്‍റെ മൂന്ന് ദിവസത്തെ ധനനയ യോഗത്തിന് ശേഷമാണ് ഇന്ന് ഇക്കാര്യത്തില്‍ പ്രഖ്യാപനമുണ്ടാകുക. ഇത്തവണയും മുഖ്യ നിരക്കായ റിപ്പോ 6.5 ശതമാനമായി നിലനിർത്തുമെന്നാണ് ധനകാര്യ വിദഗ്ധര്‍ പ്രവചിക്കുന്നത്. കഴിഞ്ഞവര്‍ഷം ഫെബ്രുവരി മാസത്തിന് ശേഷം നിരക്കുകളില്‍ റിസര്‍വ് ബാങ്ക് മാറ്റം വരുത്തിയിട്ടില്ല.
പൊതുതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ സര്‍ക്കാരിന്‍റെ ധനകമ്മി കൂടുമെന്ന ആശങ്ക കണക്കിലെടുത്ത് പലിശ കുറയ്ക്കാനുള്ള തീരുമാനം ഈ വര്‍ഷം ഉണ്ടാവില്ലെന്നും അവര്‍ പറയുന്നു. അതിനാല്‍ ഭവന, വാഹന, വ്യക്തിഗത, കോര്‍പ്പറേറ്റ് വായ്പാ ബാധ്യത കുറയാന്‍ ഉപയോക്താക്കള്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
നിലവില്‍ വിവിധ വായ്പകള്‍ക്ക് ബാങ്കുകള്‍ ഉപയോക്താക്കളില്‍ നിന്ന് 9 മുതല്‍ 14 ശതമാനം വരെ പലിശയാണ് ഈടാക്കുന്നത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 8.2 ശതമാനം വളര്‍ച്ച നേടിയതിനാല്‍ പലിശ കുറയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ സമയമായില്ലെന്നാണ് റിസര്‍വ് ബാങ്കിന്‍റെ നിലപാട്. 2022 മേയ് മാസത്തിന് ശേഷം റിസര്‍വ് ബാങ്ക് മുഖ്യ പലിശ നിരക്കായ റിപ്പോ ആറ് തവണയായി 2.5 ശതമാനം ഉയര്‍ത്തി 6.5 ശതമാനമാക്കിയിരുന്നു.
കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് കാര്‍ഷിക ഉത്പാദനം തിരിച്ചടി നേരിട്ടതോടെ ഭക്ഷ്യ ഉത്പന്നങ്ങളുടെ വില കുതിക്കുന്നതാണ് നാണയപ്പെരുപ്പ ഭീഷണി ശക്തമാക്കുന്നത്. ഇതോടൊപ്പം പശ്ചിമേഷ്യയിലെ പ്രശ്നങ്ങള്‍ കാരണം ക്രൂഡ് ഓയില്‍ വില ഉയര്‍ന്ന തലത്തില്‍ തുടരുന്നതും കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നു. ആഗോള ബാങ്കുകള്‍ പലിശ കുറയ്ക്കാനാണ് സാധ്യത. അമെരിക്ക, യൂറോപ്പ്, യുകെ എന്നിവിടങ്ങളിലെ വിവിധ കേന്ദ്ര ബാങ്കുകള്‍ സെപ്റ്റംബറിന് മുന്‍പ് മുഖ്യ പലിശ നിരക്കുകള്‍ കുറയ്ക്കാന്‍ സാധ്യതയേറി. വികസിത രാജ്യങ്ങള്‍ കടുത്ത മാന്ദ്യ സാഹചര്യങ്ങളിലൂടെ നീങ്ങുന്നതിനാലാണ് സാമ്പത്തിക മേഖലയ്ക്ക് ഉണര്‍വ് പകരാനായി പലിശ കുറയ്ക്കാന്‍ ഒരുങ്ങുന്നത്.