മുംബൈ: അഞ്ച് ദിവസത്തെ റെക്കോഡ് കുതിപ്പുകൾക്കു പിന്നാലെ തുടരെ രണ്ടാം ദിവസവും ഓഹരി വിപണിയിൽ ഇടിവ്. 16 മാസത്തിനിടെ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണ് ബുധനാഴ്ച മുംബൈ സൂചികയായ ബിഎസ്ഇ സെൻസെക്സിലുണ്ടായത്. 2.23%, അഥവാ 1,628 പോയിന്‍റിന്‍റെ കുറവ്. 2022 ജൂൺ 16ന് 1.99% ഇടിഞ്ഞതാണ് ഇതിനു മുൻപുള്ള ഏറ്റവും വലിയ തകർച്ച. ഇതോടെ നിക്ഷേപകർക്ക് ആകെ 4.59 ലക്ഷം കോടി രൂപയുടെ നഷ്ടമാണുണ്ടായത്.
ദേശീയ സൂചികയായ നിഫ്റ്റിയിലും സമാനമായ തകർച്ച നേരിട്ടു. രണ്ടിനും കാരണമായത് എച്ച്‌ഡിഎഫ്‌സി ബാങ്ക് ഓഹരികൾ അപ്രതീക്ഷിതമായി നേരിട്ട വിലയിടിവാണ്. മൂന്നു വർഷത്തെ ഏറ്റവും വലിയ തകർച്ചയാണ് എച്ച്‌ഡിഎഫ്‌സി ഓഹരികളുടെ മൂല്യത്തിലുണ്ടായത്. ബിഎസ്ഇയുടെയും എൻഎസ്ഇയുടെയും ആകെ തകർച്ചയിൽ പകുതിയും ഇതുവഴിയുണ്ടായതാണ്.
കൊടാക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ആക്സിസ് ബാങ്ക്, ഫെഡറൽ ബാങ്ക്, എയു സ്മോൾ ഫിനാൻസ് ബാങ്ക് എന്നിവയും ഇടിവ് നേരിട്ടു. ഡിസംബറിൽ അവസാനിച്ച പാദത്തിൽ നിക്ഷേപകർ പ്രതീക്ഷിച്ച നേട്ടം സ്വന്തമാക്കാൻ സാധിക്കാതിരുന്നതാണ് എച്ച്‌ഡിഎഫ്‌സി ബാങ്കിനു തിരിച്ചടിയായത്.