ഭവന വായ്പാ കമ്പനികള്‍ക്ക് കൊയ്ത്തുകാലം

വ്യ​ക്തി​ഗ​ത വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ സു​സ്ഥി​ര വ​ർ​ധ​ന​യും കാ​ര്‍ഷി​ക രം​ഗ​ത്തെ മി​ക​ച്ച വ​ള​ര്‍ച്ച​യു​ടെ ബ​ല​ത്തി​ല്‍ ഗ്രാ​മീണ മേഖലയിലെ വരുമാനത്തിലുണ്ടായ കുതിപ്പും കാരണം ഭവന വായ്പകള്‍ക്ക് ആവശ്യമേറി
ഭവന വായ്പാ കമ്പനികള്‍ക്ക് കൊയ്ത്തുകാലം
Image by jcomp on Freepik
Updated on

ബി​സി​ന​സ് ലേ​ഖ​ക​ൻ

കൊ​ച്ചി: സാ​മ്പ​ത്തി​ക മേ​ഖ​ല മി​ക​ച്ച വ​ള​ര്‍ച്ചാ മോ​ഡി​ലേ​ക്ക് നീ​ങ്ങി​യ​തോ​ടെ രാ​ജ്യ​ത്തെ ഭ​വ​ന വാ​യ്പാ വി​ത​ര​ണ രം​ഗ​ത്തു​ള്ള ധ​ന​കാ​ര്യ ക​മ്പ​നി​ക​ളു​ടെ ബി​സി​ന​സി​ലും ലാ​ഭ​ത്തി​ലും വ​ന്‍ മു​ന്നേ​റ്റം ദൃ​ശ്യ​മാ​കു​ന്നു. വ്യ​ക്തി​ഗ​ത വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ സു​സ്ഥി​ര വ​ർ​ധ​ന​യും കാ​ര്‍ഷി​ക രം​ഗ​ത്തെ മി​ക​ച്ച വ​ള​ര്‍ച്ച​യു​ടെ ബ​ല​ത്തി​ല്‍ ഗ്രാ​മീ​ണ മേ​ഖ​ല​യി​ലെ വ​രു​മാ​ന​ത്തി​ലു​ണ്ടാ​യ കു​തി​പ്പും കാ​ര​ണം ഭ​വ​ന വാ​യ്പ​ക​ള്‍ക്ക് ആ​വ​ശ്യ​മേ​റി​യ​താ​ണ് ഇ​വ​ര്‍ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​മൊ​രു​ക്കി​യ​ത്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ര്‍ഷ​ത്തി​നി​ടെ ഭ​വ​ന നി​ർ​മാ​ണ മേ​ഖ​ല​യ്ക്കു​ള്ള വാ​യ്പാ വി​ത​ര​ണ​ത്തി​ല്‍ 40 ശ​ത​മാ​ന​ത്തി​ല​ധി​കം വ​ർ​ധ​ന​യു​ണ്ടാ​യെ​ന്ന് ഈ ​രം​ഗ​ത്തു​ള്ള​വ​ര്‍ പ​റ​യു​ന്നു. ഭ​വ​ന വാ​യ്പ​ക​ളു​ടെ വി​ത​ര​ണ​ത്തി​ല്‍ പൊ​തു​മേ​ഖ​ലാ, സ്വ​കാ​ര്യ ബാ​ങ്കു​ക​ള്‍ പ​ര​മ്പ​രാ​ഗ​ത രീ​തി​ക​ള്‍ അ​വ​ലം​ബി​ച്ച​പ്പോ​ള്‍ ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ള്‍ നി​ബ​ന്ധ​ന​ക​ളി​ല്‍ പ​ര​മാ​വ​ധി അ​യ​വ് വ​രു​ത്തി കൂ​ടു​ത​ല്‍ ബി​സി​ന​സ് ആ​ക​ര്‍ഷി​ക്കാ​നാ​ണ് ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്തെ ഏ​റ്റ​വും വ​ലി​യ ധ​ന​കാ​ര്യ ക​മ്പ​നി​യാ​യ എ​ച്ച്ഡി​എ​ഫ്സി മു​ത​ല്‍ പ്രാ​ദേ​ശി​ക ഭ​വ​ന വാ​യ്പാ സ്ഥാ​പ​ന​ങ്ങ​ള്‍ക്ക് വ​രെ ഇ​ക്കാ​ല​യ​ള​വി​ല്‍ മി​ക​ച്ച ബി​സി​ന​സ് വ​ള​ര്‍ച്ച നേ​ടാ​നാ​യെ​ന്ന് കൊ​ച്ചി ആ​സ്ഥാ​ന​മാ​യ പ്ര​മു​ഖ ബാ​ങ്കി​ങ് ഇ​ത​ര ധ​ന​കാ​ര്യ സ്ഥാ​പ​ന​ത്തി​ന്‍റെ ഒ​രു ഉ​യ​ര്‍ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു.

ഭ​വ​ന വാ​യ്പാ ബി​സി​ന​സി​ലു​ണ്ടാ​യ മി​ക​ച്ച വ​ള​ര്‍ച്ച​യു​ടെ ക​രു​ത്തി​ല്‍ ഈ ​ക​മ്പ​നി​ക​ളു​ടെ ഓ​ഹ​രി വി​ല​യി​ലും വ​ന്‍ കു​തി​പ്പാ​ണ് ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ ദൃ​ശ്യ​മാ​യ​ത്. ചെ​റു​കി​ട, ഇ​ട​ത്ത​രം ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഓ​ഹ​രി വി​ല ഇ​ക്കാ​ല​യ​ള​വി​ല്‍ മൂ​ന്നി​ര​ട്ടി വ​രെ​യാ​ണ് കൂ​ടി​യ​ത്. വി​പ​ണി​യി​ല്‍ ലി​സ്റ്റ് ചെ​യ്ത പ്ര​മു​ഖ എ​ട്ട് ഹൗ​സി​ങ് ഫി​നാ​ന്‍സ് ക​മ്പ​നി​ക​ളി​ല്‍ ആ​റെ​ണ്ണ​ത്തി​ന്‍റെ ഓ​ഹ​രി വി​ല​യി​ല്‍ 20 മു​ത​ല്‍ 200 ശ​ത​മാ​നം വ​രെ വി​ല വ​ർ​ധ​ന​യു​ണ്ടാ​യി. നാ​ണ​യ​പ്പെ​രു​പ്പം നേ​രി​ടാ​നാ​യി റി​സ​ര്‍വ് ബാ​ങ്ക് മു​ഖ്യ പ​ലി​ശ ആ​റു​ത​വ​ണ​യാ​യി 2.5 ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച​തോ​ടെ ക​മ്പ​നി​ക​ളു​ടെ ലാ​ഭ മാ​ര്‍ജി​ന്‍ കു​ത്ത​നെ കൂ​ടി​യ​താ​ണ് നി​ക്ഷേ​പ​ക​രെ ഹൗ​സി​ങ് സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് കൂ​ടു​ത​ലാ​യി ആ​ക​ര്‍ഷി​ച്ച​ത്.

രാ​ജ്യ​ത്തെ പ്ര​മു​ഖ ഹൗ​സി​ങ് ഫി​നാ​ന്‍സ് ക​മ്പ​നി​യാ​യ റെ​പ്കോ​യു​ടെ ഓ​ഹ​രി വി​ല​യി​ല്‍ ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ 160 ശ​ത​മാ​നം വ​ർ​ധ​ന​യാ​ണു​ണ്ടാ​യ​ത്. വ​രു​മാ​ന​ത്തി​ലും ക്യാ​ഷ് ഫ്ളോ​യി​ലും ലാ​ഭ​ത്തി​ലും ഓ​രോ ത്രൈ​മാ​സ​ത്തി​ലും ക​മ്പ​നി സ്ഥി​ര​മാ​യി മി​ക​ച്ച വ​ള​ര്‍ച്ച​യാ​ണ് നേ​ടു​ന്ന​ത്. മ​റ്റൊ​രു പ്ര​മു​ഖ ധ​ന​കാ​ര്യ സ്ഥാ​പ​ന​മാ​യ പി​എ​ബി ഹൗ​സി​ങ് ഫി​നാ​ന്‍സ് ക​മ്പ​നി​യു​ടെ ഓ​ഹ​രി വി​ല ഒ​രു വ​ര്‍ഷ​ത്തി​നു​ള്ളി​ല്‍ 106 ശ​ത​മാ​ന​മാ​ണ് വ​ര്‍ധ​ന നേ​ടി​യ​ത്. ഹൗ​സി​ങ് ആ​ന്‍ഡ് അ​ര്‍ബ​ര്‍ ഡെ​വ​ല​പ്മെ​ന്‍റ് കോ​ര്‍പ്പ​റേ​ഷ​ന്‍റെ ഓ​ഹ​രി വി​ല ഇ​ക്കാ​ല​യ​ള​വി​ല്‍ 70 ശ​ത​മാ​നം ഉ​യ​ര്‍ന്ന് 63 രൂ​പ​യി​ലെ​ത്തി. എ​ച്ച്ഡി​എ​ഫ്സി, എ​ല്‍ഐ​സി ഹൗ​സി​ങ് ഫി​നാ​ന്‍സ്, ഇ​ന്ത്യ ബു​ള്‍സ് ഹൗ​സി​ങ് ഫി​നാ​ന്‍സ് എ​ന്നി​വ​യു​ടെ ഓ​ഹ​രി​ക​ളും ക​ഴി​ഞ്ഞ ഒ​രു വ​ര്‍ഷ​ത്തി​നി​ടെ മി​ക​ച്ച വ​ള​ര്‍ച്ച നേ​ടി.

Trending

No stories found.

Latest News

No stories found.