ബര്‍ലിന്‍: മഹാരാഷ്‌ട്രയിൽ നിന്നുള്ള വിദഗ്ധരായ ഡ്രൈവർമാരെ ജർമനിയിൽ ജോലിക്ക് റിക്രൂട്ട് ചെയ്യും. ഡ്രൈവർമാരുടെ കടുത്ത ക്ഷാമം നേരിടുന്നതിന്‍റെ ഭാഗമായി ജർമൻ സ്റ്റേറ്റ് ബേഡൻ വുർട്ടംബർഗാണ് ഇങ്ങനെയൊരു പദ്ധതി തയാറാക്കിയിരിക്കുന്നത്. തൊഴിലില്ലായ്മ കുറയ്ക്കാൻ മഹാരാഷ്‌ട്ര സർക്കാരിനും ഇതു സഹായകമാകും.
രണ്ടര ലക്ഷത്തോളം രൂപയാണ് ഡ്രൈവർമാർക്ക് വാഗ്ദാനം ചെയ്യുന്ന പ്രതിമാസ ശമ്പളം. ഇതുകൂടാതെ, ഹെൽത്ത് കെയർ, ഹോസ്പിറ്റാലിറ്റി, കരകൗശല മേഖലകളിലും മഹാരാഷ്‌ട്രയിൽനിന്ന് റിക്രൂട്ട്മെന്‍റ് നടത്താൻ ബേഡൻ വുർട്ടംബർഗ് ധാരണാപത്രം ഒപ്പുവച്ചിച്ചുണ്ട്.
ഡ്രൈവർമാരെ റിക്രൂട്ട് ചെയ്യുന്നതിനും പരിശീലിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വം മഹാരാഷ്‌ട്ര ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ ഓഫീസിനാണു നൽകിയിരിക്കുന്നത്. ബസുകള്‍, ട്രെയിനുകള്‍, ട്രക്കുകള്‍, ലൈറ്റ്, ഹെവി വാഹനങ്ങള്‍ എന്നിവ ഓടിക്കുന്നതിന് സമഗ്രമായ പരിശീലനം ഉറപ്പാക്കാന്‍ ജില്ലാ, സംസ്ഥാന തല കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.
ഡ്രൈവർമാര്‍ക്ക് ജർമന്‍ ഭാഷയില്‍ പ്രാവീണ്യം ആവശ്യമുള്ളതിനാല്‍, സര്‍ക്കാര്‍ ഭാഷാ പരിശീലനവും ക്രമീകരിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട ചെലവുകളും സംസ്ഥാന സർക്കാർ വഹിക്കും. ഈ സംരംഭത്തെ പിന്തുണയ്ക്കുന്നതിനായി മഹാരാഷ്‌ട്ര സര്‍ക്കാര്‍ ജർമനിയില്‍ ഒരു ഓഫീസും സ്ഥാപിച്ചിട്ടുണ്ട്.
തെക്കുപടിഞ്ഞാറന്‍ ജർമനിയില്‍ സ്ഥിതി ചെയ്യുന്ന ബാഡന്‍~വുര്‍ട്ടംബര്‍ഗ്, സംസ്ഥാനം ഫ്രാന്‍സ്, സ്വിറ്റ്സര്‍ലന്‍ഡ് എന്നി രാജ്യങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന യൂറോപ്പിലെ ഒരു പ്രധാന സാമ്പത്തിക കേന്ദ്രമാണ്. ടിസിഎസ്, ഇന്‍ഫോസിസ്, ടാറ്റ ടെക്നോളജീസ്, വിപ്രോ, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര തുടങ്ങിയ പ്രമുഖ നിക്ഷേപകര്‍ ഉള്‍പ്പെടെ 50 ഓളം ഇന്ത്യന്‍ കമ്പനികള്‍ക്ക് ഈ മേഖലയില്‍ കേന്ദ്രങ്ങളുണ്ട്. ജർമന്‍ സംസ്ഥാനത്ത് നിന്നുള്ള ഏകദേശം 350 കമ്പനികള്‍ ഇന്ത്യയിലും പ്രവര്‍ത്തിക്കുന്നു.