തിരുവനന്തപുരം: ഡെറാഡൂണിലെ ഇന്ത്യൻ മിലിട്ടറി കോളെജിലേക്ക് ഡിസംബറിൽ നടക്കുന്ന പ്രവേശനത്തിനുള്ള യോഗ്യതാ പരീക്ഷ തിരുവനന്തപുരം പൂജപ്പുര പരീക്ഷാ കമ്മിഷണറുടെ ഓഫിസിൽ ഡിസംബർ 2ന് നടക്കും. ആൺകുട്ടികൾക്കും, പെൺകുട്ടികൾക്കും പരീക്ഷയ്ക്ക് അപേക്ഷിക്കാം.
2024 ജൂലൈ 1ന് അംഗീകൃത സ്കൂളിൽ ഏഴാം ക്ലാസിൽ പഠിക്കുകയോ പാസായിരിക്കുകയോ വേണം. 2011 ജൂലൈ 2-നും 2013 ജനവരി 1 -നും ഇടയിൽ ജനിച്ചവരായിരിക്കണം.
പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോമും മുൻ വർഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കുന്നതിനു രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളെജിലേക്ക് അപേക്ഷിക്കണം. ജനറൽ വിഭാഗത്തിലെ കൂട്ടികൾക്ക് 600 രൂപയും, എസ് സി /എസ്ടി വിഭാഗത്തിലെ കുട്ടികൾക്ക് 555 രൂപയുമാണ് ഫീസ്. എസ് സി/എസ്ടി വിഭാഗത്തിലെ കുട്ടികൾ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷിക്കണം. അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കുന്നതിന് ഡിമാന്റ് ഡ്രാഫ്റ്റ് ദ കമാൻഡന്റ്, ആർഐഎംസി ഫണ്ട്, എച്ച്ഡിഎഫ്സി ബാങ്ക്, ബല്ലുപുർ ചൗക്ക് ഡെറാഡൂൺ (ബാങ്ക് കോഡ് – 1399), ഉത്തരാഖണ്ഡ് എന്ന വിലാസത്തിൽ മാറാവുന്ന തരത്തിൽ ദ കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളെജ്, ഡറഡൂൺ, ഉത്തരാഖണ്ഡ്, പിൻ - 248003' എന്ന വിലാസത്തിൽ അപേക്ഷിക്കണം. ഓൺലൈനായി പണമടക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്.
കേരളത്തിലും, ലക്ഷദ്വീപിലുമുള്ള അപേക്ഷകർ രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളെജിൽ നിന്നും ലഭിക്കുന്ന നിർദിഷ്ട അപേക്ഷ പൂരിപ്പിച്ച് ഒക്റ്റോബർ 15നു മുമ്പ് ലഭിക്കുന്ന തരത്തിൽ ''സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം-12'' എന്ന വിലാസത്തിൽ അയയ്ക്കണം.