ജര്‍മനിക്കു വേണ്ടത് ഒന്നര ലക്ഷം നഴ്സുമാരെ; മലയാളികൾക്ക് സുവർണാവസരം

സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കവഴിയാണ് ഈ റിക്രൂട്ട്‌മെന്‍റ് നടപടികൾ പുരോഗമിക്കുന്നത്
Representative image for a nurse in Germany
Representative image for a nurse in Germany
Updated on

ബര്‍ലിന്‍: അടുത്ത വർഷത്തോടെ ജര്‍മനിയിൽ ഒന്നര ലക്ഷം നഴ്സുമാരുടെ ആവശ്യമുണ്ടാകുമെന്ന് കണക്കാക്കുന്നു. രാജ്യത്തിന്‍റെ ഹെൽത്ത് കെയർ മേഖലയിൽ നിലനിൽക്കുന്ന കടുത്ത തൊഴിലാളി ക്ഷാമം പരിഹരിക്കാൻ വിദേശ തൊഴിലാളികളെ ആശ്രയിക്കുക മാത്രമാണ് മാർഗമെന്ന് സർക്കാർ സമ്മതിച്ച സാഹചര്യത്തിൽ, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്ന് വലിയ തോതിൽ നഴ്സുമാരെ റിക്രൂട്ട് ചെയ്യാൻ നടപടികൾ ഊർജിതമാക്കിയിട്ടുണ്ട്.

നഴ്സുമാർ അടക്കമുള്ള ഹെൽത്ത് കെയർ സ്റ്റാഫ് ക്ഷാമം പരിഹരിക്കാൻ 'ട്രിപ്പിള്‍ വിന്‍' എന്ന പ്രത്യേക പദ്ധതിയും ജർമനി ആരംഭിച്ചിട്ടുണ്ട്. ഇന്ത്യ കൂടാതെ വിയറ്റ്നാം, ഇന്തോനേഷ്യ, ഫിലിപ്പീന്‍സ് എന്നിവിടങ്ങളില്‍ നിന്നുള്ള പ്രൊഫഷണലുകളെയും ഈ പദ്ധതിക്കു കീഴിൽ റിക്രൂട്ട് ചെയ്യും.

കേരളത്തിൽ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്കവഴിയാണ് ഈ റിക്രൂട്ട്‌മെന്‍റ് നടപടികൾ പുരോഗമിക്കുന്നത്. 2021 ഡിസംബറിലാണ് നോര്‍ക്കയും ജര്‍മന്‍ സര്‍ക്കാരുമായി ആദ്യമായി റിക്രൂട്ടിങ് മേഖലയില്‍ കൈകോര്‍ക്കുന്നതും കരാർ ഒപ്പുവയ്ക്കുന്നതും.

ട്രിപ്പിള്‍ വിന്‍ പദ്ധതിയുടെ ഭാഗമായി ജര്‍മന്‍ ഭാഷാപഠനത്തിന് യോഗ്യത നേടിയവരില്‍ നിന്ന് എംപ്ലോയര്‍ അഭിമുഖങ്ങളിലൂടെ തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നിയമനം ലഭിക്കും. തെരഞ്ഞെടുക്കപ്പെടുന്നവര്‍ തിരുവനന്തപുരത്തുള്ള ഗോയ്ഥേ ഇന്‍റ്റിറ്റ്യൂട്ടില്‍ ജര്‍മന്‍ ഭാഷാപഠനം നടത്തിയാണ് ജര്‍മനിയിലേക്കു പോകേണ്ടത്. എ1, എ2, ബി1 വരെയുളള പരിശീലനം പൂര്‍ണമായും സൗജന്യമായിരിക്കും. ജര്‍മനിയില്‍ നിയമനത്തിനുശേഷം ബി.2 ലെവല്‍ പരിശീലനവും ലഭിക്കും.

നോര്‍ക്ക റൂട്ട്സും ജര്‍മന്‍ ഫെഡറല്‍ എംപ്ലോയ്മെന്‍റ് ഏജന്‍സിയും ജര്‍മന്‍ ഏജന്‍സി ഫോര്‍ ഇന്‍റര്‍നാഷണല്‍ കോഓപ്പറേഷനും സംയുക്തമായാണ് കേരളത്തിൽ പദ്ധതി നടപ്പാക്കുന്നത്. നിലവില്‍ പദ്ധതിയുടെ നാലാംഘട്ടത്തിലേക്കുളള അഭിമുഖങ്ങള്‍ പൂര്‍ത്തിയായി. പദ്ധതി പ്രകാരം ഇതുവരെ 107 നഴ്സുമാരാണ് കേരളത്തില്‍ നിന്നു ജര്‍മനിയിലെത്തിയത്.

Trending

No stories found.

Latest News

No stories found.