കേന്ദ്രത്തിൽ 2006 സ്റ്റെനോഗ്രാഫർ തസ്തികകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 17
symbolic
symbolic
Updated on

കേന്ദ്ര ഗവണ്‍മെന്‍റിന്‍റെ വിവിധ വകുപ്പുകളിലേക്കും സ്ഥാപനങ്ങളിലേക്കും സ്റ്റെനോഗ്രാഫര്‍മാരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പൊതുപരീക്ഷയ്ക്ക് സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്‍ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

ഗ്രേഡ്-സി (ഗ്രൂപ്പ് ബി), ഗ്രേഡ്-ഡി (ഗ്രൂപ്പ് സി) വിഭാഗം തസ്തികകളാണിവ. 2006 ഒഴിവിലേക്കാണ് വിജ്ഞാപനം.ഇതില്‍ വര്‍ധനയുണ്ടാവാം. പരീക്ഷയ്ക്ക് കേരളത്തില്‍ ആറ് കേന്ദ്രങ്ങളുണ്ടാവും. ഒക്റ്റോബര്‍ നവംബര്‍ മാസങ്ങളിലായിരിക്കും പരീക്ഷ. ഓണ്‍ലൈനായി അപേക്ഷിക്കണം.

യോഗ്യത: അംഗീകൃത ബോര്‍ഡ്/ സര്‍വകലാശാലകളില്‍നിന്ന് നേടിയ പന്ത്രണ്ടാംക്ലാസ് വിജയം/ തത്തുല്യം. യോഗ്യത 17.08.2024-ന് മുന്‍പായി നേടിയതായിരിക്കണം.

പ്രായം

ഗ്രേഡ്-സി: 01.08.2024-ന് 18-30 വയസ്സ് (അപേക്ഷകര്‍ 02.08.1994-ന് മുന്‍പോ 01.08.2006-ന് ശേഷമോ ജനിച്ചവരാവരുത്).

ഗ്രേഡ്-ഡി: 01.08.2024-ന് 18-27 വയസ് (അപേക്ഷകര്‍ 02.08.1997-ന് മുന്‍പോ 01.08.2006-ന് ശേഷമോ ജനിച്ചവരാവരുത്).

ഉയര്‍ന്ന പ്രായപരിധിയില്‍ എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്ക് അഞ്ച് വര്‍ഷത്തെയും ഒ.ബി.സി.വിഭാഗക്കാര്‍ക്ക് മൂന്ന് വര്‍ഷത്തെയും ഇളവുണ്ട്.

ഭിന്നശേഷിക്കാര്‍ക്ക് ജനറല്‍ 10 വര്‍ഷം, എസ്.സി., എസ്.ടി.-15 വര്‍ഷം, ഒ.ബി.സി.-13 വര്‍ഷം എന്നിങ്ങനെയാണ് വയസിളവ്. വിമുക്തഭടന്മാര്‍ക്കും നിയമാനുസൃത വയസിളവ് ലഭിക്കും.

വിധവകള്‍ക്കും പുനര്‍വിവാഹിതരാവാത്ത വിവാഹമോചിതകള്‍ക്കും ഗ്രൂപ്പ് സി വിഭാഗത്തിലെ ഒഴിവുകളിലേക്ക് 35 വയസുവരെ (എസ്.സി., എസ്.ടി.ക്കാര്‍ക്ക് 40 വയസുവരെ) അപേക്ഷിക്കാം.

പരീക്ഷ: ഒബ്ജക്റ്റീവ് മാതൃകയില്‍ നടത്തുന്ന കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയ്ക്ക് രണ്ട് മണിക്കൂറാണ് പരീക്ഷാസമയം.സ്‌ക്രൈബിന്‍റെ സഹായം ആവശ്യമുള്ളവര്‍ക്ക് 40 മിനിറ്റ് കൂടി അധികം ലഭിക്കും. 200 മാര്‍ക്കിനാണ് പരീക്ഷ. ഇംഗ്ലീഷ് ലാംഗ്വേജ് ആന്‍ഡ് കോംപ്രിഹെന്‍ഷന്‍ 100, ജനറല്‍ ഇന്‍റലിജന്‍സ് ആന്‍ഡ് റീസണിങ്-50, ജനറല്‍ അവേര്‍നെസ്- 50എന്നിങ്ങനെയാണ് ഓരോ വിഷയത്തിനുമുള്ള മാര്‍ക്കുകള്‍ ചോദ്യങ്ങള്‍ ഇംഗ്ലീഷിലും ഹിന്ദിയിലും ലഭിക്കും. തെറ്റുത്തരത്തിന് നാലിലൊന്ന് നെഗറ്റീവ് മാര്‍ക്കുണ്ടാവും.

കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷയില്‍നിന്ന് ഷോര്‍ട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവര്‍ സ്റ്റെനോഗ്രഫിയിലെ സ്‌കില്‍ ടെസ്റ്റ് കൂടി അഭിമുഖീകരിക്കണം. ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിലൊന്നിലായിരിക്കും സ്‌കില്‍ ടെസ്റ്റ് നടത്തുക. ഭാഷ ഉദ്യോഗാര്‍ഥിക്ക് തിരഞ്ഞെടുക്കാം.

പരീക്ഷാകേന്ദ്രങ്ങള്‍: കേരളത്തില്‍ എറണാകുളം, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂര്‍ എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. പരീക്ഷാകേന്ദ്രങ്ങളുടെ കോഡ്, റീജിയണല്‍ ഓഫീസുകളുടെ വിലാസം എന്നിവ വെബ്സൈറ്റിലെ വിജ്ഞാപനത്തില്‍ ലഭിക്കും.

ഫീസ്: വനിതകള്‍ക്കും എസ്.സി., എസ്.ടി. വിഭാഗക്കാര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വിമുക്തഭടന്മാര്‍ക്കും ഫീസ് ഇല്ല. മറ്റുള്ളവര്‍ 100 രൂപ ഓണ്‍ലൈനായി അടയ്ക്കണം. ഓഗസ്റ്റ് 18 (രാത്രി 11 മണി) വരെ ഫീസ് അടയ്ക്കാം.

അപേക്ഷ: എസ്.എസ്.സി.യുടെ പുതിയ വെബ്സൈറ്റായ https://ssc.gov.in വഴി ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. ഒറ്റത്തവണ രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ ശേഷമാണ് അപേക്ഷിക്കേണ്ടത്. പഴയ വെബ്സൈറ്റില്‍ ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്തവരും പുതിയ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്ട്രേഷന്‍ ചെയ്തശേഷം വേണം അപേക്ഷിക്കാന്‍ തത്സമയം എടുക്കുന്ന ഫോട്ടോ, ഒപ്പ്, എന്നിവ വിജ്ഞാപനത്തില്‍ നിര്‍ദേശിച്ചിട്ടുള്ള മാതൃകയില്‍ അപ്ലോഡ് ചെയ്യണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഓഗസ്റ്റ് 17 (രാത്രി 11 മണി വരെ). അപേക്ഷയില്‍ തിരുത്തല്‍ വരുത്തേണ്ടവര്‍ക്ക് ഓഗസ്റ്റ് 27, 28 തീയതികളില്‍ സമയം അനുവദിച്ചിട്ടുണ്ട്. ഇതിന് ഫീ ഈടാക്കും.

Trending

No stories found.

Latest News

No stories found.