#പ്രത്യേക ലേഖകൻ
ന്യൂഡൽഹി: ഫലങ്ങൾ മാറിമറിഞ്ഞ വോട്ടെണ്ണലിൽ ത്രിപുരയിലും തുടക്കം മുതൽ ആധിപത്യം നിലനിർത്തിയ നാഗാലാൻഡിലും ബിജെപിയും പാർട്ടിയുടെ സഖ്യവും ഭരണത്തുടർച്ച നേടുമ്പോൾ ഫലം കാണുന്നതു നേതൃത്വത്തിന്റെ രണ്ടു പതിറ്റാണ്ടിലേറെ പരിശ്രമങ്ങൾ. നാഗാലാൻഡിലും ത്രിപുരയിലും വിജയിച്ചതിനൊപ്പം മേഘാലയയിൽ പാർട്ടി ഉൾപ്പെടുന്ന സഖ്യം തന്നെ ഭരണത്തിലേറുമെന്ന വിശ്വാസം ഉറപ്പിക്കാനുമായി ബിജെപി നേതൃത്വത്തിന്.
മുഖ്യധാരയിൽ നിന്ന് അകന്നുനിന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ബിജെപി നേതൃത്വത്തിന്റെ കണ്ണു പതിഞ്ഞത് എ.ബി. വാജ്പേയിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ കാലത്താണ്. അന്നു വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കു വേണ്ടി പ്രത്യേക വകുപ്പു തന്നെ രൂപീകരിച്ചു എൻഡിഎ സർക്കാർ. പിന്നീട് ആർഎസ്എസിൽ നിന്നു ബിജെപിലെത്തിയ റാംമാധവിന്റെ നേതൃത്വത്തിൽ നടത്തിയ പ്രവർത്തനങ്ങളാണ് പാർട്ടിയുടെ നില ക്രമമായി മെച്ചപ്പെടുത്തിയത്. എന്നാൽ, വഴിത്തിരിവ് സൃഷ്ടിച്ചത് 2014ൽ കേന്ദ്രത്തിൽ അധികാരത്തിൽ വന്ന നരേന്ദ്ര മോദി സർക്കാരും 2015ൽ കോൺഗ്രസിൽ നിന്നു ബിജെപിയിലെത്തിയ ഹിമന്ത ബിശ്വ ശർമയെന്ന നേതാവുമായിരുന്നു.
ഏഴു സഹോദരിമാർ എന്ന് അറിയപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അസമിലും ത്രിപുരയിലും മാത്രമാണു ഹിന്ദു ജനസംഖ്യ ഭൂരിപക്ഷം. മറ്റു സംസ്ഥാനങ്ങളെല്ലാം പൊതുവായി പറഞ്ഞാൽ ക്രൈസ്തവ- ഗോത്രവർഗ ആധിപത്യമുള്ള പ്രദേശങ്ങൾ. ഇംഗ്ലിഷാണ് ഇവിടങ്ങളിൽ പൊതുഭാഷ. ബീഫ് സർവസാധാരണമായ ഭക്ഷണം. എല്ലാ വിധത്തിലും ഹിന്ദി, കൗ ബെൽറ്റ് പാർട്ടിയെന്ന് എതിരാളികൾ പറയുന്ന ബിജെപിക്ക് വിരുദ്ധമായ സംസ്കാരം. എന്നാൽ, ഇവയെല്ലാം മറികടന്നാണു പാർട്ടിയുടെ വിജയം.
2014ൽ അധികാരത്തിലെത്തിയ മോദി സർക്കാർ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് നിരവധി വികസന പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. ദീർഘകാലമായി മരവിച്ചിരുന്ന പദ്ധതികളെല്ലാം പുനരുജ്ജീവിപ്പിക്കുകയും ചെയ്തു. ഈ മാറ്റം പ്രാദേശിക തലത്തിൽ ദൃശ്യമായതിനൊപ്പമായിരുന്നു സോണിയ ഗാന്ധിയോടും രാഹുൽ ഗാന്ധിയോടുമുള്ള വിയോജിപ്പിനെത്തുടർന്നു ഹിമന്ത ബിശ്വ ശർമ പാർട്ടി വിട്ട് ബിജെപിയിൽ ചേർന്നത്.
ദേശീയ തലത്തിലുള്ള എൻഡിഎയുടെ തുടർച്ചയായി വടക്കുകിഴക്കൻ സംസ്ഥാനങ്ങൾക്കായി നോർത്ത് ഈസ്റ്റ് ഡെമൊക്രറ്റിക് അലയൻസ് അഥവാ എൻഇഡിഎ രൂപീകരിക്കുന്നത് ശർമയുടെ കീഴിലാണ്. കോൺഗ്രസും മറ്റു പാർട്ടികളുമായുള്ള ബന്ധത്തിൽ അസ്വസ്ഥരായിരുന്ന മുഴുവൻ പ്രാദേശിക നേതാക്കളെയും എൻഇഡിഎയിലേക്ക് എത്തിക്കാൻ ശർമയ്ക്കു കഴിഞ്ഞു. തൊട്ടടുത്ത വർഷം അസമിൽ ആദ്യമായി ബിജെപി അധികാരത്തിലെത്തുന്നതും രാജ്യം കണ്ടു. 15 വർഷത്തെ കോൺഗ്രസ് ഭരണത്തിനായിരുന്നു അസമിൽ അന്ന് അന്ത്യമായത്.
അതേ വർഷം കോൺഗ്രസുകാരനായ അരുണാചൽ പ്രദേശ് മുഖ്യമന്ത്രി പേമഖണ്ഡു ബിജെപിയിലെത്തി. 2017ൽ മണിപ്പുരിലും ബിജെപിയുടെ വിജയം കണ്ടു. മുൻ കോൺഗ്രസുകാരൻ എൻ. ബിരേൻ സിങ് ബിജെപി നേതാവും മുഖ്യമന്ത്രിയുമായി. 2018ൽ ത്രിപുരയിലെ കാൽനൂറ്റാണ്ടിലെത്തിയ സിപിഎം ഭരണവും ബിജെപി അവസാനിപ്പിച്ചു. അതേവർഷം നാഗാലാൻഡിലും മേഘാലയയിലും സഖ്യത്തിലെ ജൂനിയർ കക്ഷിയായ ബിജെപി 2019ൽ 60ൽ 41 സീറ്റുകളോടെ അരുണാചലിന്റെ ഭരണം പിടിച്ചു. 2021ൽ അസമിലും 2022ൽ മണിപ്പുരിലും ഭരണത്തുടർച്ച നേടി.
മിസോറാം പ്രാദേശിക കക്ഷികളുടെ ഭരണത്തിലെങ്കിലും കേന്ദ്ര സർക്കാരിനോട് സഹകരിച്ചാണ് സംസ്ഥാനം നീങ്ങുന്നത്. ഇതിനിടെ, മേഖലയിൽ പാർട്ടിയുടെ വളർച്ചയ്ക്കു വഴിയൊരുക്കിയ ഹിമന്ത ബിശ്വ ശർമയെ 2022ൽ അസം മുഖ്യമന്ത്രിയാക്കുകയും ചെയ്തു നേതൃത്വം.
ഹിമന്ത ശർമയും ബിരേൻ സിങ്ങും പേമഖണ്ഡുവും ഇന്നും മുഖ്യമന്ത്രിമാരാണെന്നത് ശരിയായ നേതാക്കളെ ഉചിതമായ സാഹചര്യങ്ങളിൽ ഉപയോഗിക്കുന്നതു സംബന്ധിച്ച് കോൺഗ്രസിന് വലിയ പാഠമാണ് നൽകുന്നത്. അതേസമയം, സംഘ് പരിവാറിന്റെ പ്രവർത്തനങ്ങൾക്കും നന്ദി പറയണം ബിജെപി നേതൃത്വം. ആർഎസ്എസ് നേതാവായിരിക്കെ മേഖലയിൽ പ്രവർത്തിച്ച റാം മാധവ് ഇവിടത്തെ സാംസ്കാരിക- ജീവിത രീതികളോട് എങ്ങനെ യോജിച്ചുപോകാമെന്ന കൃത്യമായ നിർദേശങ്ങൾ നേതൃത്വത്തിനു നൽകിയിരുന്നു. ഗോത്ര- ക്രൈസ്തവ ജനതയ്ക്ക് ബിജെപിയോടുള്ള അകൽച്ച മാറ്റുന്നതിൽ വലിയ പങ്ക് വഹിക്കുകയും ചെയ്തു റാം മാധവ്.
എക്കാലവും കേന്ദ്രം ഭരിക്കുന്ന കക്ഷിയോട് യോജിച്ചുപോകുകയെന്ന വടക്കുകിഴക്കിന്റെ ശൈലികൂടി ചേർന്നപ്പോൾ പാർട്ടിയുടെ നീക്കങ്ങൾക്ക് കൂടുതൽ കരുത്തായി. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇവിടത്തെ 25 സീറ്റുകളിൽ ബിജെപിക്കു തനിച്ച് പതിനാലെണ്ണം ലഭിച്ചിരുന്നു. നാലെണ്ണം സഖ്യകക്ഷികൾക്കും ലഭിച്ചു. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവിടെ നിന്നുള്ള 25 സീറ്റുകൾ അധികാരം നിലനിർത്തുന്നതിൽ മോദിക്ക് നിർണായകമാണ്.